പച്ചക്കറി കൃഷിയെല്ലാം ചെയ്ത് സ്വയംപര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണ് ഈ കോവിഡ് കാലത്ത് താരങ്ങളടക്കമുള്ള ഒട്ടുമിക്ക പേരും. ചെറുതും വലുതുമായ കൃഷിക്കാര്യങ്ങള്‍ പങ്കുവെച്ച് താരങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ കൈയടി നേടിയിരിക്കുന്നത് സിനിമാ-സീരിയല്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന മഞ്ജു പിള്ളയാണ്. പക്ഷെ പച്ചക്കറി കൃഷിയൊന്നുമല്ല മഞ്ജു കൈവെച്ചിരിക്കുന്ന മേഖല. ആട്, കോഴി, പോത്ത് എന്നിവയെ വളര്‍ത്താനായി ഒരു ഫാം തന്നെ തുടങ്ങിയിട്ടുണ്ട് മഞ്ജു. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന് കുറിച്ച് കൊണ്ടാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഹരിയാനയില്‍ നിന്നുള്ള മുറ പോത്തുകളാണ് മഞ്ജുവിന്റെ ഫാമിലേക്ക് വാങ്ങിയിരിക്കുന്നത്. ഭര്‍ത്താവും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും ഫാമിലെ ആടുകളെ പരിപാലിക്കുന്ന ചിത്രവും മഞ്ജു നേരത്തെ പങ്കുവെച്ചിട്ടുണ്ട്.
എന്താണ് ‘മുറ’ പോത്ത്?
രോഗപ്രതിരോധശേഷി, മികച്ച പ്രത്യുല്‍പ്പാദനക്ഷമത, പാലുല്‍പ്പാദന മികവ് എന്നിവയെല്ലാമാണ് മുറ പോത്തുകളെ മറ്റ് ജനുസുകളില്‍ നിന്ന് വേറിട്ടതാക്കുന്നത്. ദക്ഷിണ ഹരിയാനയിലെ റോഹ്തക്, ജിന്ധ്, ഹിസാര്‍,ഫത്തേബാദ് എന്നീ ജില്ലകളും പഞ്ചാബിലെ പാട്യാല, നബ എന്നീ ജില്ലകളും ഡല്‍ഹിയിലെ ചില പ്രദേശങ്ങളുമാണ് മുറ പോത്തുകളുടെ ജന്മസ്ഥലം. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗത്തും മുറ പോത്തുകളെ വളര്‍ത്തുന്നുണ്ട്. 40-45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന അത്യുഷ്ണത്തെയും ഉയര്‍ന്ന തണുപ്പിനെയും ഉയര്‍ന്ന ആര്‍ദ്രതയുമെല്ലാം അതിജീവിക്കാനുള്ള പ്രതിരോധശേഷി ഇവയ്ക്കുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗഗുണം കുറഞ്ഞ നാടന്‍ എരുമകളുടെയും പോത്തുകളുടെയും വര്‍ഗമേന്മ ഉയര്‍ത്താന്‍ നാടന്‍ എരുമകളില്‍ ഗുണനിലവാരമുള്ള മുറ പോത്തുകളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജാധാനം നടത്താറുണ്ട്. ഇതിലൂടെ നാടന്‍ എരുമകളില്‍ നിന്നും മുറയുടെ ജനിതക മികവുള്ള പോത്തിന്‍ കിടാക്കളെയും എരുമ കിടാക്കളെയും ലഭിക്കും.
Discussion about this post