ഇന്നലത്തെ പത്രത്താളുകളിൽ മുഴുവൻ തൊടുപുഴയിലെ കുട്ടി കർഷകൻ മാത്യു ബെന്നിയുടെ പശു ഫാമിലെ ദുരന്തത്തെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും ആയിരുന്നു. അച്ഛൻറെ മരണശേഷം പശു വളർത്തലിലേക്ക് തിരിഞ്ഞ മാത്യു ബേബിക്ക് സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. മാത്യു ബേബിയുടെ തൊഴുത്തിലെ 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്ത ക്ഷീരകർഷകരിൽ പലരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. മരിച്ചീനിയുടെ തൊലി കഴിച്ചതാണ് പശുക്കളുടെ മരണകാരണം എന്നാണ് റിപ്പോർട്ട്. ഏകദേശം 20 പശുക്കളിൽ 13 എണ്ണം ആണ് കപ്പ തൊലിയിലെ അമിത വിഷാംശം ഉള്ളിൽ ചെന്ന് ജീവൻ നഷ്ടപ്പെട്ടത്.
പശു ഫാമിലെ ഈ ദുരന്തം ക്ഷീരകർഷകരെ പഠിപ്പിക്കുന്ന ഒരു പാഠമാണ് മരിച്ചീനിയുടെ തണ്ടിലും ഇലകളിലും കായ്കളിലും കാണപ്പെടുന്ന സനൈഡിന്റെ സാന്നിധ്യം. മരിച്ചിനിയുടെ ഇലയിൽ അടങ്ങിയതിനേക്കാൾ കൂടുതൽ അളവിൽ ഹൈഡ്രോ സയനിക് ആസിഡ് രൂപത്തിൽ സനൈഡിന്റെ അളവ് മരിച്ചീനിയുടെ തൊലിയിൽ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലിനമാറിൻ, ലോട്ടസ്ട്രാലിൻ എന്നിങ്ങനെയുള്ള ഗ്ലൈക്കോസൈഡ് സംയുക്തങ്ങൾ മരിച്ചീനിയിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ദഹനപ്രക്രിയയെ പോലും അപകടത്തിൽ ആക്കുന്നവയാണ്. നമ്മുടെ ദഹനപഥങ്ങളിലെ എൻസൈമകളുടെ പ്രവർത്തന മൂലം മുകളിൽ പറഞ്ഞ ഗ്ലൈക്കോളിക്കോസൈഡുകൾ ഏറ്റവും അപകടകാരിയായ ഹൈഡ്രോ സയനിക് ആസിഡ് അഥവാ HCN ആയി മാറുന്നു. ഇതാണ് അപകടകരമായ അവസ്ഥയിലേക്ക് വഴിതെളിക്കുന്നത്. കപ്പയുടെ ഇലകളിലും തണ്ടുകളിലും ഗ്ലൈക്കോസൈഡ് സംയുക്തങ്ങളുടെ രൂപത്തിലാണ് സനൈഡ് സംഭരിക്കുന്നത്. കന്നുകാലികൾ ഇത്തരം സസ്യഭാഗങ്ങൾ കഴിക്കുന്ന സമയങ്ങളിൽ ഗ്ലൈക്കോസൈഡ് സംയുക്തങ്ങളിൽ നിന്ന് സയനെഡ് സ്വതന്ത്രമാകുന്നു.
ഇത് കന്നുകാലികളുടെ ഉദരത്തിൽ എത്തുമ്പോൾ സനൈഡ് വിഷം ദഹന പ്രക്രിയയുടെ ഭാഗമായി പുറത്തുവരികയും. രക്തത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. വിഷത്തിന്റെ തോത് അനുസരിച്ച് ദോഷഫലങ്ങളും വർദ്ധിപ്പിക്കുന്നു. കന്നുകാലികളിൽ അധികമായി സനൈഡിന്റെ വിഷാംശം വന്നാൽ ഉമിനീർ ധാരാളമായി വായിൽ നിന്ന് ഒലിച്ചു വരികയും, അവ തളർന്നു വീഴുവാനും സാധ്യത കൂടുതലാണ്. ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണങ്ങൾ പശുവിൽ കണ്ടാൽ ഉടനടി വെറ്റിനറി സേവനം തേടണം. സാധാരണഗതിയിൽ ഈ വിഷാംശത്തെ നിർവീര്യമാക്കാൻ വെറ്റിനറി ഡോക്ടർമാർ സോഡിയം തയോ സൾഫേറ്റ് നൽകുകയാണ് പതിവ്. എന്തുതന്നെയാണെങ്കിലും പശുക്കളെ പുറത്ത് മേയാൻ വിടുമ്പോൾ ഇത്തരത്തിലുള്ള വിഷാംശമുള്ള സസ്യങ്ങൾ കന്നുകാലികൾ കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. മരിച്ചീനിയുടെ തൊലിയിൽ മാത്രമല്ല റബറിന്റെ തളിരിലകളിലും തിനപ്പുല്ലുകളിലും മണിച്ചോളത്തിലും എല്ലാം സനൈഡിന്റെ സാന്നിധ്യം ഉണ്ട്.
Discussion about this post