സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടിത സംവിധാനമായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ഉപജീവനമാർഗം സ്വീകരിക്കുന്ന കർഷകർക്ക് കൃഷിയിടത്തിൽ നിന്നു പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിയെടുക്കാൻ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കു കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജൈവ കാർഷിക മിഷന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യ കൃഷി, തേനീച്ച കൃഷി, കൂൺകൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയും ലക്ഷ്യം കൈവരിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ച് കർഷകർക്കു ലാഭകരമായി കൃഷി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സുസ്ഥിര ജൈവകൃഷി വികസന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള കൃഷിമുറകൾ നടപ്പാക്കുക, സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദ ജൈവകൃഷി എന്നീ ആശയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വ്യത്യസ്ത കാർഷിക പാരിസ്ഥിക മേഖലയിലും യൂണിറ്റുകളിലും വരുന്ന പഞ്ചായത്തുകളെ തെരഞ്ഞെടുത്തു ജൈവകൃഷി നടപ്പിലാക്കുക, ഓരോ വർഷവും കുറഞ്ഞത് 10,000 ഹെക്ടർ വീതം സ്ഥലത്ത് ഈ പഞ്ചായത്തുകളിൽ ജൈവകൃഷി വ്യാപിപ്പിച്ച് അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50,000 ഹെക്ടർ സ്ഥലത്ത് ജൈവകൃഷി ചെയ്യുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
തെരഞ്ഞെടുത്ത ഗുണഭോക്താക്കൾ, ഫാമുകൾ എന്നിവർ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ജൈവ കൃഷി തുടരുമെന്ന് മിഷൻ ഉറപ്പാക്കും. ഓരോ കൃഷിയിടത്തിലും നിശ്ചിത അനുപാതത്തിലുള്ള ഭൂമിയെങ്കിലും ജൈവകൃഷിയിലേയ്ക്ക് മാറ്റുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക. ഫാം പ്ലാൻ മാതൃകയിൽ ഐഎഫ്എസ് പ്ലോട്ടുകളുടെ വികസനത്തിനായി ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ 10 ശതമാനത്തിൽ കുറയാത്ത സ്ഥലത്തു ജൈവകൃഷി ആരംഭിക്കുക, ജൈവകൃഷിക്ക് ആവശ്യമായി വരുന്ന ഉത്പാദനോപാധികൾ പ്രാദേശികമായി ഉല്പാദിപ്പിക്കുന്നതിനുള്ള ചെറുകിട സംരംഭങ്ങൾ, കൃഷിക്കൂട്ടം, കാർഷിക കർമസേന, കുടുംബശ്രി, കൃഷിശ്രീ സെന്ററുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങുക, ജൈവ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള വിപണന സംവിധാനം ഒരുക്കുകയും ജൈവ ഉത്പന്നങ്ങൾക്കു മതിയായ വില ലഭിക്കുന്നതിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നിവയും ഇതിന്റെ ലക്ഷ്യമാണ്.
ജൈവ ഉത്പന്നങ്ങൾക്കു സർട്ടിഫിക്കേഷൻ നൽകുന്നതിനുള്ള സംവിധാനവും നടപടിക്രമങ്ങളും വികസിപ്പിക്കുക, കേരളത്തിന്റെ തനതായ ജൈവ ഉത്പന്നങ്ങൾ പ്രത്യേക ബ്രാൻഡിൽ വിൽപ്പന നടത്തുന്നതിനുള്ള സംവിധാനം ഒരുക്കുക, ജൈവകൃഷിക്കു നിഷ്‌കർഷിച്ചിട്ടുള്ള വിത്ത് ഉൾപ്പെടെയുള്ള ഉത്പാദനോപാധികളുടെ ഗുണനിലവാരം ഉറപ്പാക്കി കർഷകരിൽ എത്തിക്കുന്നതിനും ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനം കൊണ്ടുവരിക, എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും ജൈവകൃഷി മിഷന്റെ ഭാഗമായി പ്രത്യേക പദ്ധതികൾ കൃഷിക്കൂട്ടങ്ങളേയും എഫ്പിഒകളേയും യോജിപ്പിച്ചു തയ്യാറാക്കുക. മാതൃകാപരമായി നടപ്പിലാക്കുന്ന പദ്ധതികൾക്ക് പുരസ്‌കാരങ്ങൾ നൽകുക തുടങ്ങിയവയും ജൈവ കാർഷിക മിഷൻ ലക്ഷ്യമിടുന്നു.
Discussion about this post