പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജന യിൽ അംഗങ്ങളായ മുഴുവൻ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഡിസംബർ 31നകം കാർഡ് ലഭിക്കും. ഇതിനുള്ള നടപടികൾ നബാർഡിൻറെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ആരംഭിച്ചിട്ടുണ്ട്. കെസിസി വീടുകളിലേക്ക് എന്ന പേരിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീര മത്സ്യ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാമ്പുകൾ നടത്തി മുഴുവൻ കർഷകരിലേക്കും ഇക്കൊല്ലം തന്നെ കാർഡ് എത്തിക്കാനാണ് പദ്ധതി. കാർഡ് വാങ്ങാൻ മടിക്കുന്ന വ്യക്തികളിൽ നിന്ന് അതിൻറെ കാരണങ്ങൾ രേഖാമൂലം വാങ്ങാനും ബാങ്കുകൾ ഒരുങ്ങുന്നുണ്ട്.
ഇത്തരത്തിൽ ക്യാമ്പുകൾ നടത്തുന്നതിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ബാങ്കുകൾ നൽകിയിരിക്കണം. കെസിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർഷകരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യണം. ഈ പദ്ധതി പ്രകാരം നിലവിൽ കേരളത്തിൽ 25 ലക്ഷം പേർ പി എം കിസാനിൽ അംഗങ്ങളാണ്. ഇതിൽ 50% പേർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ച കർഷകർക്ക് നാല് ശതമാനം പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. 1, 60,000 രൂപ വരെയുള്ള വായ്പകൾ ഈട് വേണ്ട. അഞ്ചുവർഷമാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി. സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രോത്സാഹനത്തിന് വർഷത്തിൽ മൂന്ന് ഗഡുക്കളായി 6000 രൂപ ധനസഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പി എം കിസാൻ. ഈ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളായി ബന്ധപ്പെടുക.
Discussion about this post