ഇന്ത്യയുടെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന എം. എസ് സ്വാമിനാഥൻ വിടവാങ്ങി. മാങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിന്റെ പൂർണ്ണനാമം. 1952ൽ കോംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ജനകശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യൻ കാർഷിക രംഗത്ത് നിരവധി നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. കാർഷിക രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുവാൻ നിരവധി കാർഷിക ശാസ്ത്ര സിദ്ധാന്തങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. ഉൽപാദനക്ഷമത കൂടിയ വിത്തുകൾ ഉപയോഗപ്പെടുത്തി വിളവ് വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തെ കാർഷിക മേഖലയിൽ അതികായാനാക്കി. കാർഷിക സമൃദ്ധിയിലൂടെ സമ്പദ്ഘടനയുടെ ശാക്തീകരണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആദർശവാക്യം. ലോകമെമ്പാടും കാർഷിക അഭിവൃദ്ധി ഉണ്ടാക്കുവാനും ഭക്ഷ്യ ദാരിദ്രം അകറ്റുവാനും അദ്ദേഹത്തിൻറെ ആശയങ്ങൾ കാരണമായി. ജനജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ അദ്ദേഹത്തിൻറെ ആശയങ്ങൾക്ക് സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒന്നാണ്.തെക്ക് കിഴക്കൻ ഏഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്ന് കരകയറ്റിയത് അദ്ദേഹത്തിൻറെ ആശയങ്ങൾ ആയിരുന്നു.
ലോക കാർഷിക രംഗത്ത് എന്നും മലയാളിക്ക് അഭിമാനിക്കാവുന്ന പേരായിരുന്നു എം. എസ് സ്വാമിനാഥൻ. പരിസ്ഥിതിക്ക് ഇണങ്ങുന്നതും കൂടുതൽ വിളവ് ലഭിക്കുന്നതുമായ അത്യൽപാദനശേഷിയുള്ള വിത്തുകൾ ആണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. വികസിപ്പിച്ചെടുക്കുക മാത്രമല്ല കർഷകർക്കിടയിൽ ഇത് വൻതോതിൽ പ്രചരിപ്പിച്ച് വിളവ് നേടുവാനും അദ്ദേഹത്തിന് സാധിച്ചു. ഈ കണ്ടുപിടിത്തമാണ് അദ്ദേഹത്തിന് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷണം ചാർത്തി കൊടുത്തത്. 1966 മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ നമ്മുടെ പരിസ്ഥിതിക്ക് അനുകൂലമായി മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ കൃഷി ചെയ്യുകയും നൂറുമേനി നേടുകയും ചെയ്തത് അദ്ദേഹത്തിൻറെ പ്രശസ്തി കൂടുതൽ വർദ്ധിക്കാൻ കാരണമായി. ഹരിത വിപ്ലവം എന്ന ആശയത്തെ ഇന്ത്യയിൽ മാത്രം ഒതുങ്ങി നിർത്താതെ അദ്ദേഹം വികസ്വര രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലും
മുഴുകി.
ഇതുകൂടാതെ ഇന്ത്യയിലെ കർഷക ആത്മഹത്യകൾ ഇല്ലാതാക്കുവാൻ അദ്ദേഹം ചെയർമാനായി 2004ൽ കർഷകർക്കുള്ള ദേശീയ കമ്മീഷനും രൂപീകരിച്ചു. ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക വളർച്ച ഉറപ്പാക്കുവാൻ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും സ്ഥാപിച്ചു. ഐ.യു.സി.എൻ അടക്കമുള്ള നിരവധി അന്തർദേശീയ സംഘടനകളിൽ പ്രമുഖ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. 1989ൽ രാജ്യം പത്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു. ശാന്ത സ്വരൂപ് ഭട്നാഗർ അവാർഡ്, രമൺ മാഗ്സസെ അവാർഡ് തുടങ്ങി നിരവധി അന്തർദേശീയ ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
Discussion about this post