കേരളക്കരയാകെ ഇന്ന് തിരുവോണം. പൂക്കളും സദ്യവും ഓണപ്പുടവയുമായി മഹാബലിയെ വരവേൽക്കാൻ ലോകത്തെമ്പാടുമുള്ള മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പൂക്കള മത്സരവും വടംവലിയും വഞ്ചിപ്പാട്ടുമൊക്കെയായി ആഘോഷത്തിന്റെ ആരവങ്ങളും കേരളക്കരയാകെ അലയടിച്ചിരിക്കുന്നു. ജാതിഭേദമില്ലാതെ, ഉള്ളവനും ഇല്ലാത്തവനും എന്ന അതിർവരമ്പുകളില്ലാതെ എല്ലാവരും ഒരേ മനസ്സോടെ ഇന്ന് തിരുവോണത്തെ ആഘോഷിക്കുകയാണ്.
ഉത്രാടപ്പാച്ചിലിന്റെ നല്ല തിരക്കാണ് ഇന്നലെ വിപണിയിൽ അനുഭവപ്പെട്ടത്. പൂക്കളും പച്ചക്കറികളും ഓണക്കോടികളും വാങ്ങുവാൻ ഇന്നലെ വിപണിയിൽ നല്ല തിരക്ക് തന്നെ അനുഭവപ്പെട്ടു. കുടുംബശ്രീ ചന്തകൾ ഇത്തവണ അധിക വില ഈടാക്കാതെ ഉപ്പുതൊട്ട് കർപ്പൂരം വരെ ജനങ്ങളിലേക്ക് എത്തിച്ചു. പൊതു വിപണിയേക്കാൾ വിലകുറച്ച് പച്ചക്കറികൾ ഓണച്ചന്തകൾ വഴി ആളുകളിലേക്ക് എത്തിക്കാനും സഹായിച്ചു. കൂടുതൽ പേരും ഇത്തവണ പൂകൃഷി ചെയ്തതുകൊണ്ട് കേരളത്തിൽ പൂക്കൾക്കും വില കുറഞ്ഞു. മഴ മാറി നിന്നതുകൊണ്ട് എല്ലാവർക്കും മികച്ച കച്ചവടം തന്നെ ലഭിച്ചു.
ഇത്തവണത്തെ ഗുരുവായൂരമ്പലത്തിലെ കാഴ്ചക്കുല സമർപ്പണവും പ്രസിദ്ധമായി. ആയിരക്കണക്കിന് കാഴ്ച കുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ഇനി ഓണവിഭവങ്ങൾ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഓരോ മലയാളികളും. ഈ ഓണവും എല്ലാവർക്കും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരുപാട് ഓർമ്മകൾ കൊണ്ട് സമ്പന്നമാവട്ടെ…
എല്ലാവർക്കും ഞങ്ങളുടെ തിരുവോണാശംസകൾ
Discussion about this post