കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിന്റെ വിശാലമായ മട്ടുപ്പാവിലെ ഗ്രോബാഗുകളില്‍ നിറയെ വിളവെടുക്കാന്‍ പാകമായി വെണ്ടയും പച്ചമുളകും തക്കാളിയും കോളിഫ്‌ളവറും നിറഞ്ഞു നില്‍ക്കുന്നു. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് കുട്ടികള്‍ ജൈവ പച്ചക്കറി കൃഷിയില്‍ വിജയമാതൃക തീര്‍ത്തത്.
മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍ നിരത്തി അതില്‍ മണ്ണും ജൈവവളങ്ങളും ചേര്‍ത്താണ് കൃഷിയിടം സജ്ജമാക്കിയത്. സ്‌കൂളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റ് വളമാക്കിയാണ് പ്രധാനമായും കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. ന്യൂസ് പേപ്പര്‍ ഉള്‍പ്പെടെയുള്ള കടലാസുകള്‍ ഗ്രോ ബാഗില്‍ മണ്ണിനോടൊപ്പം ചേര്‍ക്കും. ശീതകാല കൃഷിക്കായി സ്‌കൂളില്‍തന്നെ മുളപ്പിച്ച തൈകളാണ് ഉപയോഗിച്ചത്.
വിളവെടുപ്പിലൂടെ ലഭിക്കുന്ന പച്ചക്കറികള്‍ കൂടുതലും സ്‌കൂള്‍ അടുക്കളയിലേക്ക് തന്നെയാണ് എത്തിക്കുന്നത്. മിച്ചമുള്ളവ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കും. ഇതുവഴി ലഭിക്കുന്ന മുഴുവന്‍ തുകയും ക്യാപ്റ്റന്‍ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റിയിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് നല്‍കുകയാണ് ഈ വിദ്യാര്‍ഥികൂട്ടം.
നിര്‍ധനരായ രോഗികള്‍ക്ക് സഹായം ചെയ്യണമെന്ന കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കൃഷിക്കായി വിനിയോഗിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയോടെയാണ് വിദ്യാര്‍ഥിനികള്‍ ജൈവകൃഷിക്ക് തുടക്കമിട്ടത്. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ സാമൂഹ്യസേവനത്തിനുള്ള കുട്ടികളുടെ പ്രതിബദ്ധതയെ പ്രോത്സാഹിപ്പിക്കുവാനും സംരംഭത്തിലൂടെ സാധ്യമാകുന്നുണ്ടെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി. ലീലാമണി പറഞ്ഞു.
Discussion about this post