പ്രവാസം തന്ന പണമല്ല മറിച്ച് പ്രവാസ ജീവിതം തന്ന അനുഭവങ്ങളാണ് തിരുവനന്തപുരം മടവൂരിലെ ഷിബുവിനെ ഒരു മികച്ച കൃഷിക്കാരനാക്കി മാറ്റിയത്. 9 വർഷത്തോളം സൗദി അറേബ്യയിലായിരുന്ന ഷിബു നിതാഖാത് നിയമം മൂലം നാട്ടിലേക്ക് മടങ്ങിവരാൻ നിർബന്ധമാവുകയായിരുന്നു. ജീവിക്കാൻ ഇനി എന്താണ് മാർഗം എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ് പച്ചക്കറി കൃഷി ചെയ്താലോ എന്ന ചിന്ത ആദ്യം മനസ്സിലേക്ക് വരുന്നത്. അങ്ങനെ പരീക്ഷണ അടിസ്ഥാനത്തിൽ ചീര കൃഷിക്ക് തുടക്കം കുറിച്ചു. ചീര കൃഷിയിൽ നിന്ന് നല്ല വിളവ് ലഭിച്ചതോടെ ഇതുതന്നെയാണ് ഇനിയുള്ള ജീവിതമാർഗം എന്ന് ഉറപ്പിച്ചു. അങ്ങനെ വീടിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം കൂടാതെ ഒരേക്കർ പാട്ട ഭൂമിയിലും ജൈവകൃഷി ഇറക്കി.
സംയോജിത കൃഷിയിടം
സംയോജിത കൃഷിയാണ് ഷിബുവിന്റേത്. പച്ചക്കറികൾ മാത്രമല്ല നാടൻ കോഴികളും ആടുകളും ഇവിടത്തെ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. കൃഷിയിടത്തിൽ മികച്ച രീതിയിൽ തേനീച്ച കൃഷിയും ചെയ്യുന്നുണ്ട്. പാട്ടത്തിന് എടുത്ത ഭൂമിയിൽ വിളകൾ നനയ്ക്കാൻ നിർമ്മിച്ച കുളത്തിൽ തിലാപ്പിയും കൃഷി ചെയ്യുന്നുണ്ട്. സംയോജിത കൃഷി സമ്പ്രദായം അവലംബിച്ചാൽ അധ്വാനം കുറയ്ക്കാമെന്നും ആദായം കൂട്ടാമെന്നും ഷിബു പറയുന്നു. വർഷത്തിൽ മൂന്നുതവണയാണ് ഷിബു കൃഷിയിറക്കുന്നത്. ഇടവിള കൃഷി രീതിയാണ് ഷിബു തന്റെ കൃഷിയിടത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. പാവൽ കൃഷി ചെയ്യുമ്പോൾ അതിന് ഇടവിളയായി ചീര കൃഷി ചെയ്യും. പാവൽ വിളവെടുക്കാൻ ആകുമ്പോഴേക്കും ചീര കൃഷിയിൽ നിന്നുള്ള ലാഭം കിട്ടിക്കഴിഞ്ഞിരിക്കും. ഇങ്ങനെ ചെയ്യുമ്പോൾ വരുമാനം ഇരട്ടിയാക്കാമെന്നും ഈ കർഷകൻ പറയുന്നു. ഇടവിള സമ്പ്രദായത്തിൽ ഒരു ഒരു കൃഷിയിൽ നിന്നുള്ള നഷ്ടം മറ്റൊരു കൃഷിയിൽ നിന്ന് നികത്താൻ ആകുമെന്നതാണ് മേന്മ. ചീര കൂടാതെ ഷിബുവിന് കൂടുതൽ ലാഭം ലഭിക്കുന്നത് റെഡ് ലേഡി പപ്പായ, ഉണ്ട മുളക്, സാലഡ് വെള്ളരി, പയർ, പാവൽ തുടങ്ങിയവ കൃഷി ചെയ്യുമ്പോഴാണ്. ഉണ്ട മുളകിന് ശരാശരി ഒരു കിലോ വിൽക്കുമ്പോൾ 300 മുതൽ 500 രൂപ വരെ ലഭ്യമാകുന്നുണ്ട്.
മട്ടുപ്പാവിലെ മണ്ണില്ലാ കൃഷിയും, നൂതന രീതികളും
ഒരേക്കർ പാട്ടത്തിനെടുത്ത ഭൂമിയിൽ മാത്രമല്ല ഷിബുവിന്റെ കൃഷി. വീടിൻറെ മട്ടുപ്പാവിൽ ഏകദേശം 200 ഓളം ഗ്രോ ബാഗുകളിലായി മുളക്, തക്കാളി, വെണ്ട തുടങ്ങിയവയും ഷിബു കൃഷി ചെയ്യുന്നുണ്ട്. മട്ടുപ്പാവിൽ മണ്ണില്ല കൃഷി രീതി സമ്പ്രദായത്തിലാണ് കൃഷി ഒരുക്കിയിരിക്കുന്നത്. ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്തിട്ടുള്ള മിശ്രിതമാണ് ഗ്രോ ബാഗിൽ നിറച്ചിരിക്കുന്നത്. മട്ടുപ്പാവിൽ ആയതുകൊണ്ട് തന്നെ കീടരോഗ സാധ്യതകളും നന്നേ കുറവാണ്. മട്ടുപ്പാവിലെ മറ്റൊരു ഹൈലൈറ്റ് തുള്ളി നന, തിരി നന സമ്പ്രദായങ്ങളാണ്. ഈ സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ചെടിക്ക് ആവശ്യമായ വെള്ളം ചെടി തന്നെ വലിച്ചെടുക്കുന്നു. ഒപ്പം അധ്വാനവും കുറവാണ്. മട്ടുപ്പാവിൽ നിന്ന് മികച്ച വിളവ് ലഭിക്കുന്നത് ഉണ്ട മുളക് കൃഷി ചെയ്യുമ്പോഴാണെന്ന് ഷിബു പറയുന്നു. ഹൈബ്രിഡ് മുളകിനങ്ങളുടെ വിത്തുകൾ ശേഖരിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടം ഭാര്യ യാസ്മിനാണ് ഏറ്റെടുത്തിരിക്കുന്നത്.
കൃഷിക്ക് ജീവാമൃതം
കൃഷിയിൽ നിന്ന് മികച്ച വിളവ് ലഭിക്കാൻ ഷിബു ഉപയോഗിക്കുന്ന വളക്കൂട്ടാണ് ജീവാമൃതം. ജീവാമൃതം ഉപയോഗിക്കുന്നതുകൊണ്ട് കീടരോഗ സാധ്യതകൾ കുറവാണെന്നും മികച്ച വിളവ് തന്നെ ലഭിക്കുന്നുവെന്നും ഈ കർഷകൻ പറയുന്നു. ജീവാമൃതം തയ്യാറാക്കുന്നതും ഷിബു തന്നെയാണ്. ചീര കൃഷിക്ക് കൂടുതലും ജീവാമൃതം ഉപയോഗിക്കുന്നതിനാൽ ഒരു മാസം കൊണ്ട് തന്നെ ചീര ഇവിടെ വിളവെടുക്കാൻ ഭാഗമാകുന്നുണ്ട്. ഷിബു അംഗമായിട്ടുള്ള മടവൂരിലെ കാർഷിക കൂട്ടായ്മ ജീവാമൃതം നിർമ്മിക്കുകയും ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ജീവാമൃതം തയ്യാറാക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ നിർദ്ദേശങ്ങളും നൽകുന്നത് മടവൂർ കൃഷിഭവനിൽ ഉദ്യോഗസ്ഥരാണ്. ജീവാമൃതം കൂടാതെ പച്ചക്കറി കൃഷിക്ക് കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ട്രൈക്കോഡർമ്മ സമ്പുഷ്ടീകരിച്ച ചാണകമാണ്. ഇതിനൊപ്പം കമ്പോസ്റ്റും മറ്റു ജൈവ കീടനാശിനികളും ഷിബു തന്നെ ഇവിടെ നിർമ്മിക്കുന്നു. വീട്ടിൽ വളർത്തുന്ന ആടുകളുടെയും കോഴികളുടെയും കാഷ്ടം ശേഖരിച്ച് കമ്പോസ്റ്റാക്കി അതും പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്.
സ്വയം കണ്ടെത്തിയ വിപണി
കൃഷിയിൽ ലാഭം കിട്ടണമെങ്കിൽ വിപണി അറിഞ്ഞ് കൃഷി ചെയ്യാൻ അറിയണം. അതുകൊണ്ടുതന്നെ ആദ്യം ഷിബു അറിഞ്ഞതും വിപണി സാധ്യതകളെ കുറിച്ചാണ്. കൃഷി ചെയ്തിരുന്ന ആദ്യകാലത്ത് വിപണി കണ്ടെത്താൻ അല്പം പ്രയാസപ്പെട്ടെങ്കിലും ഇന്ന് ഷിബു ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്. തീർത്തും ജൈവരീതിയിൽ കൃഷിയിറക്കുന്നത് കൊണ്ട് തന്നെ ആളുകൾ ഷിബുവിന്റെ വീട്ടിൽ വന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നു. ഇതിനൊപ്പം സ്വന്തം വാഹനത്തിൽ ആവശ്യക്കാരിലേക്ക് പച്ചക്കറികൾ എന്നും രാവിലെ ഷിബു എത്തിച്ചു നൽകുകയും ചെയ്യുന്നു. കൂടാതെ മടവൂർ കാർഷിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചയും ജൈവ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ സ്വന്തമായി തന്നെ വിപണി കണ്ടെത്തിയാൽ കൃഷിയിൽ ഏറെ ലാഭം ഉണ്ടാകുമെന്നാണ് ഈ കർഷകൻ പറയുന്നത്.
പ്രവാസ ജീവിതത്തിൽ നിന്ന് ഒരുപക്ഷേ പണം സമ്പാദിക്കാൻ നമുക്ക് കഴിയും, പക്ഷേ ഈ പച്ചപ്പ് നിറഞ്ഞ ജീവിതം തരുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണെന്ന് ഷിബുവിന്റെ അനുഭവം
Discussion about this post