ജൈവകൃഷിയിൽ പലപ്പോഴും കർഷകർക്ക് വെല്ലുവിളിയാകുന്ന ഒന്നാണ് കീട ആക്രമണം. കീടങ്ങളെ പലരീതിയിൽ തരംതിരിക്കാം. തുരന്ന് തിന്നുന്നവ, ഇരിഞ്ഞു തിന്നുന്നവ, നീരൂറ്റി കുടിക്കുന്നവ. നമ്മുടെ ചെടികളുടെ പൂർണമായ നാശത്തിലേക്ക് വഴിതെളിക്കാവുന്ന കീട ആക്രമണത്തിന് ബദലായി പ്രയോഗിക്കാവുന്ന തീർത്തും പരിസ്ഥിതി സൗഹൃദമായ രണ്ട് കീടനാശിനികളാണ് ബ്രഹ്മാസ്ത്രവും അഗ്നി അസ്ത്രവും.
ബ്രഹ്മാസ്ത്രം
ബ്രഹ്മാസ്ത്രം നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താവുന്ന ഇലകളാണ് വേപ്പില, പപ്പായയില, മാതളനാരങ്ങയില, പേരയില, ആത്തയില. ബ്രഹ്മാസ്ത്രം ഒരിക്കൽ തയ്യാറാക്കിയാൽ ഏകദേശം ആറുമാസം വരെ പ്രയോഗിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത.
തയ്യാറാക്കുവാൻ വേണ്ട ചേരുവകൾ
വേപ്പില – 300 ഗ്രാം
പപ്പായ ഇല- 200 ഗ്രാം
ആത്തയില -200 ഗ്രാം
മാതളനാരങ്ങയില -200 ഗ്രാം
പേരയില – 200 ഗ്രാം
ഒരു ലിറ്റർ – ഗോമൂത്രം
മുകളിൽ പറഞ്ഞ ഇലകൾ നല്ല രീതിയിൽ കുഴമ്പ് രൂപത്തിൽ അരച്ചെടുത്ത് അതിലേക്ക് ഗോമൂത്രം ചേർത്ത് ഇളക്കി ഒരു മൺപാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. നല്ലതുപോലെ തിളച്ചതിനു ശേഷം ഒരു ദിവസം മുഴുവൻ തണുക്കാൻ വയ്ക്കുക. അതിനുശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം. ബ്രഹ്മാസ്ത്രം രണ്ടര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒട്ടുമിക്ക കീടങ്ങൾക്കെതിരെയും പ്രയോഗിക്കാം. കായ് തുരപ്പൻ, തണ്ടു തുരപ്പൻ തുടങ്ങി എല്ലാവിധ കീട നിയന്ത്രണത്തിനും ബ്രഹ്മാസ്ത്രം ഉപകാരപ്രദമാണ്.
അഗ്നി അസ്ത്രം
കീടരോഗ സാധ്യത കുറയ്ക്കുവാൻ വേണ്ടി നമ്മുടെ പൂർവികർ കണ്ടെത്തിയ പ്രകൃതി സൗഹൃദ കീട നിയന്ത്രണ മാർഗ്ഗമാണ് അഗ്നി അസ്ത്രം. ഒരു ലിറ്റർ പശുവിന്റെ മൂത്രത്തിൽ 50 ഗ്രാം വീതം കാന്താരി മുളക് അരച്ച് ചേർത്തതും, 100 ഗ്രാം അരച്ച പുകയിലയും, അരക്കിലോ വേപ്പിലയും, 50 ഗ്രാം അരച്ച വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ ഇളക്കുക. അതിനുശേഷം മൺപാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. നല്ലപോലെ തിളച്ചതിനു ശേഷം ഒരു ദിവസം ഇത് തണുക്കാൻ വയ്ക്കുക. ശേഷം തുണി കൊണ്ട് അരിച്ച് കുപ്പിയിലാക്കി ഉപയോഗിക്കാവുന്നതാണ്. ഒരു ചെടിയുടെ നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള കാലയളവിൽ ഇത് ഉപയോഗിക്കാം. മൂന്നു മില്ലി ഒരു ലിറ്റർ എന്ന് തോതിൽ ഉപയോഗിക്കാവുന്നതാണ്.
Discussion about this post