മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പ. ധാരാളം പോഷകാംശങ്ങൾ അടങ്ങിയ ഈ കിഴങ്ങ് വിള കൃഷി ചെയ്യാനുള്ള സമയം വരവായി. സാധാരണഗതിയിൽ നനച്ച് കൃഷി ചെയ്യേണ്ട ഒരു വിളയല്ല കിഴങ്ങ്. അതുകൊണ്ടുതന്നെ ഏപ്രിൽ- മെയിൽ ഈ കൃഷി ആരംഭിക്കാൻ ഉത്തമമാണ്. കാരണം തുലാവർഷവും കാലാവർഷവും ഒരുപോലെ ലഭ്യമാകും എന്നതാണ് ഈ ഒരു കാലയളവ് തിരഞ്ഞെടുക്കാൻ കാരണം. ഒരുകാലത്ത് കേരളത്തിന്റെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ വിശാഖം തിരുനാളാണ് കപ്പ മലയാളികൾക്ക് പരിചയപ്പെടുത്തിയതായി ചരിത്രരേഖകളിൽ പറയുന്നു. നല്ല ഇളക്കമുള്ള പൊടിമണൽ കലർന്ന മണ്ണ് കപ്പ കൃഷിക്ക് ഏറെ അനുയോജ്യമാണ് ഒപ്പം വയൽ മണ്ണിലും ചുവന്ന മണ്ണിലും കൃഷി ചെയ്യാം. കപ്പ കൃഷിക്ക് ഒരുങ്ങുമ്പോൾ മൂപ്പ് എത്തിയതും ഏകദേശം രണ്ട് സെൻറീമീറ്റർ വ്യാസമുള്ളതുമായ മരിച്ചീനി കമ്പുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. വിളവെടുത്തുകഴിഞ്ഞ് ഏകദേശം 15 ദിവസങ്ങൾക്കകം കമ്പുകൾ നടാനും ശ്രദ്ധിക്കണം. കമ്പുകൾ വെട്ടിയെടുക്കുമ്പോൾ ചതയാതെ ശ്രദ്ധിക്കുക.
കൃഷി രീതി എപ്രകാരം
ആദ്യമായി കൃഷിസ്ഥലം നന്നായി കിളച്ച് കളകൾ മാറ്റി ഉഴുതു മറക്കുക. മണ്ണ് കൂന കൂട്ടിയോ, ചെറിയ കുഴിയിലോ, വാരം എടുത്തോ കമ്പുകൾ നടാവുന്നതാണ്. കൂന കൂട്ടി കൃഷി ചെയ്യുമ്പോൾ ഒരു കൂനയ്ക്ക് ഒരു കിലോ കാലിവെള്ളം, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക് എന്നിങ്ങനെ നൽകി അല്പം കുമ്മായവും ചേർത്ത് അടിവളം ചേർക്കണം. ഒരു കമ്പ് നട്ട് ഏകദേശം 12 ദിവസത്തിനകം മുളകൾ വരും. 15 ദിവസം കഴിഞ്ഞിട്ടും മുള വന്നില്ലെങ്കിൽ പുതിയവ നടുന്നതാണ് നല്ലത്. രാസവളം പ്രയോഗിക്കാതെ തന്നെ മികച്ച രീതിയിൽ കപ്പ കൃഷി ചെയ്യാവുന്നതാണ്. മരിച്ചീനി കൃഷിയിൽ ഒരു മാസം ഇടവിട്ട് മൂന്ന് തവണ എന്ന രീതിയിൽ കളകൾ നീക്കം ചെയ്യുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യ വളപ്രയോഗം നടത്തണം. ഇതിനുവേണ്ടി കപ്പയുടെ വേരുകൾക്ക് ക്ഷതം പറ്റാതെ ചെടിയുടെ ചുവട്ടിൽ നിന്ന് കുറച്ചു മാറി വിവിധ തരത്തിലുള്ള ജൈവവളങ്ങൾ ചേർത്ത് മേൽമണ്ണ് കൂട്ടി കൊടുക്കാം. ഒരു ചുവടിന് ആകെ രണ്ട് കിലോഗ്രാം ചാണകം, 200 ഗ്രാം ചാരം, 50 ഗ്രാം എല്ലുപൊടി എന്നീ കണക്കിന് ജൈവവളങ്ങൾ ചേർക്കുന്നത് ഗുണം ചെയ്യും. ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കുന്നത് കപ്പയുടെ തൂക്കം വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. നാലുമാസം കഴിഞ്ഞ് ഇടയിളക്കുന്നത് ഒഴിവാക്കുക. മഴ കിട്ടുന്നില്ലെങ്കിൽ മാത്രം രണ്ടാഴ്ചയിലൊരിക്കൽ നന്നായി നനയ്ക്കുക. ശ്രീ പത്മ, ശ്രീ വിശാഖം, ശ്രീ പവിത്ര, അണിയൂർ,ശ്രീ സഹ്യ തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യുന്നതാണ് കൂടുതലും നല്ലത്. ചെടികളുടെ കീടരോഗ സാധ്യതകളെ പ്രതിരോധിക്കുവാൻ വേപ്പാധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുക. കൂടുതൽ വിളവ് ലഭിക്കുവാൻ ചാരം അഥവാ വെണ്ണീർ കൂടുതലായും ഉപയോഗിക്കുന്നതും കപ്പ കൃഷിക്ക് ഗുണമാണ്.
Discussion about this post