ഇനി ഞാറ്റുവേല സമയം. മേടമാസം മുതൽ തുടങ്ങുന്നതാണ് ഞാറ്റുവേല. മേടം ഒന്നിന് തുടങ്ങിയാൽ മീനം 30 വരെയുള്ള ഒരു വർഷക്കാലം 27 ഞാറ്റുവേലകളായി തിരിച്ച് 27 നക്ഷത്രങ്ങളുടെ പേര് നൽകിയിരിക്കുന്ന കാർഷിക കലണ്ടറിന് കാർഷിക രംഗത്തുള്ള പ്രസക്തി പറയേണ്ടതില്ലല്ലോ. നമ്മുടെ പൂർവികരിലെ കാർഷിക വൈദഗദ്ധ്യം
നേടിയവർ കാലാവസ്ഥ ഭേദങ്ങളെ തൊട്ടറിഞ്ഞുണ്ടാക്കിയ ഈ കൃഷി കലണ്ടർ ഇനി അടുത്തറിയേണ്ട നാളുകളാണ്. മഴയുടെ ലഭ്യതയെ അടിസ്ഥാനപ്പെടുത്തി ഓരോ വിളകൾക്കും അനുയോജ്യമായ ഞാറ്റുവേലകൾ ഉണ്ട്. ഉദാഹരണത്തിന് കുരുമുളകിനും തെങ്ങിനും തിരുവാതിര ഞാറ്റുവേലയും മത്തൻ, കുമ്പളം, പാവൽ, വെണ്ട തുടങ്ങിയവയ്ക്ക് ഭരണി ഞാറ്റുവേലയും തിരഞ്ഞെടുക്കുന്ന പോലെ. കാലാവസ്ഥയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നാലും നമ്മുടെ കൃഷി രീതികളെ കാലാവസ്ഥയുമായി കൂട്ടിയിണക്കുന്ന ഈ ഞാറ്റുവേലകൾക്ക് ഒരിക്കലും ഒളിമങ്ങാറില്ല. ഞാറ്റുവേലകളെ കുറിച്ച് നിരവധി പഴഞ്ചൊല്ലുകൾ നമ്മുടെ നാട്ടിലുണ്ട് തിരുവാതിര ഞാറ്റുവേലയിൽ തിരുമുറിയാതെ മഴ പെയ്യണം എന്ന ചൊല്ല് തന്നെ എത്ര പ്രസിദ്ധമാണ്.
ഭൂമി സൂര്യനെ വലം വയ്ക്കാൻ എടുക്കുന്ന ഒരു വർഷത്തെ 13.5 ദിവസങ്ങൾ വരുന്ന 27 ഞാറ്റുവേലകളായി നമ്മുടെ പൂർവസൂരികൾ തരംതിരിച്ചിരിക്കുന്നു. ചുരുക്കത്തിൽ രണ്ടര ഞാറ്റുവേലകൾ ചേർന്നാൽ ഒരു മലയാളം മാസമായി എന്നർത്ഥം. ഓരോ വിളകളുടെയും കൃഷിയെ സൂര്യൻറെ സഞ്ചാരവും കാലാവസ്ഥയുമായി കോർത്തിണക്കിയാണ് ഇത്തരത്തിൽ ഞാറ്റുവേല കലണ്ടർ നമ്മുടെ പൂർവികർ തയ്യാറാക്കിയിരിക്കുന്നത്. ആദ്യത്തെ ഞാറ്റുവേല അശ്വതിയും അവസാനത്തെ ഞാറ്റുവേല രേവതിയുമാണ്. വേനൽ മഴയ്ക്കൊപ്പം ആദ്യം ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്നു. അശ്വതി ഞാറ്റുവേലയിൽ ചാമ കൃഷി ചെയ്യാം. രോഹിണി ഞാറ്റുവേലയിൽ പയറും ചെറുപയറും ഉഴുന്നും വിതയ്ക്കാം. എള്ളിന് മകം ഞാറ്റുവേലയും,കുരുമുളക് തെങ്ങ് എന്നിവയ്ക്ക് തിരുവാതിര ഞാറ്റുവേലയും, അത്തത്തിൽ വാഴയും കൃഷി ചെയ്യാം.
കൊമ്പൊടിച്ചു കുത്തി മുളപ്പിക്കുന്ന എല്ലാ ചെടികളും തിരുവാതിര ഞാറ്റുവേലയിൽ നടുന്നതാണ് ഉത്തമം. അശ്വതി ഭരണി ഞാറ്റുവേലകളിൽ ഇടവിട്ട് മഴയുണ്ടാകും അതുകൊണ്ടുതന്നെ ‘വിത്ത് ഭരണിയിടണം’. കാർത്തിക ഞാറ്റുവേലയിൽ പൊതുവേ മഴ ഉണ്ടാകാറില്ല എന്നാണ് ശാസ്ത്രം. അതുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവികർ ഇങ്ങനെ പറയുന്നത് ‘കാർത്തിക കാലിൽ കാക്ക കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും’. ഇടവ രാശിയിൽ മഴ കൂടുതലായിരിക്കും രോഹിണി ഞാറ്റുവേലയുടെ കാലവർഷം വരവായി രോഹിണിക്ക് അപ്പുറം അധിക വിത വേണ്ട. മകയിരം മദിച്ചു പെയ്യും. തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറിയാതെ മഴപെയ്യും എന്നൊരു ചൊല്ലുണ്ട്. ഒപ്പം തിരുവാതിരയ്ക്ക് ആദ്യം തെളിഞ്ഞാൽ പോക്കിന് മഴ എന്നും പറയും. പുണർത്തതിൽ പുകഞ്ഞ മഴയാണ്, പുണർതം പൂഴിതെറുപ്പിക്കുമെന്ന് പറയപ്പെടുന്നു. ആയില്യം ഞാറ്റുവേലയിൽ മഴ ആരംഭിക്കും അത്തതിൽ അത് ശക്തമാകും. മകത്തിൻറെ പുറത്ത് എള്ളെറിഞ്ഞാൽ കുടത്തിന്റെ പുറത്താണ് എണ്ണ ഇങ്ങനെ പോകുന്നു ചൊല്ലുകൾ. ചോതി ഞാറ്റുവേലയോടെ മഴ തീരുകയാണ്. ഞാറ്റുവേലകളിൽ എന്നാൽ ഏറ്റവും കേമൻ തിരുവാതിരയാണെന്ന് പറഞ്ഞു കൂടി അവസാനിപ്പിക്കുന്നു. പ്ലാവിന്റെയും മാവിന്റെയും വരെ കമ്പ് പൊടിച്ചു വരുന്ന സമയമാണ് തിരുവാതിര ഞാറ്റുവേല.
Discussion about this post