ജലനിരപ്പിന് താഴെ കൃഷി ചെയ്യുന്ന രീതി നമ്മുടെ കുട്ടനാട്ടിലും പിന്നെ ഹോളണ്ടിലും മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ ഹോളണ്ട് എന്ന വിളിപ്പേര് കുട്ടനാടിന് ലഭിച്ചത്. എന്നാൽ ഇങ്ങനെയൊരു വിളിപ്പേര് കുട്ടനാടിന് ലഭിക്കാൻ കാരണമായ ഒരു ഇതിഹാസ നായകനുണ്ട്, ജോസഫ് മുരിക്കൻ. 1940കളിലെ യുദ്ധാനന്തര കാലഘട്ടത്തിൽ കുട്ടനാട് പ്രദേശത്ത് അരിക്ഷാമം രൂക്ഷമായിരുന്നു. ഇക്കാലഘട്ടത്തിൽ വേമ്പനാട്ടുകായലിന്റെ മധ്യത്തിൽ ഭൂമി ഉണ്ടാക്കി നെൽകൃഷി ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.
സാമ്പത്തികമായി ഉയർന്ന തട്ടിൽ ഉണ്ടായിരുന്ന ജോസഫ് മുരിക്കൻ കുട്ടനാട്ടുകാർക്ക് അവർ സ്നേഹപൂർവ്വം വിളിക്കുന്ന അച്ചായൻ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൻറെ തുടക്കത്തിൽ പുറനാട്ടിൽ നിന്ന് കുട്ടനാട്ടിലേക്ക് അരിയും ഗോതമ്പും ഒന്നും വരാതെയായി. അന്നത്തെ മഹാരാജാവ് ചിത്തിര തിരുനാൾ കായൽ കുത്തി കൃഷി ഇറക്കാൻ ആഹ്വാനം ചെയ്തു. കായലിൽ കുത്തിയെടുക്കുന്ന ഭൂമിക്ക് അഞ്ച് വർഷത്തേക്ക് കരം കൊടുക്കണ്ട എന്ന ഉറപ്പും നൽകി. അങ്ങനെ മുരുക്കുംമൂട്ടിൽ ജോസഫ് കായലിൽ കൃഷി ഇറക്കാൻ ഒരുങ്ങി. 3000ത്തിലധികം ആളുകളുടെ സഹായത്തോടെ കായലിൽ വേലിക്കെട്ടുകൾ ഉണ്ടാക്കി ചതുപ്പ് നിറച്ച് വെള്ളം വറ്റിച്ച് കൃഷിയിറക്കി. അങ്ങനെ 1941 ന്റെ തുടക്കത്തിൽ വേമ്പനാട്ട് കായലിനെ നടുക്ക് കൃഷിഭൂമി ഒരുങ്ങി. ചിത്തിരകായലിലും, മാർത്താണ്ഡ കായലിലും, റാണി കായലിലും നൂറുമേനി വിളഞ്ഞു. അദ്ദേഹത്തിൻറെ കഠിനാധ്വാനത്തിന്റെ കഥകൾ കേട്ട് കുട്ടനാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നെഹ്റുവും മകൾ ഇന്ദിരാഗാന്ധിയും വരെ എത്തി.
1974 ഡിസംബർ 9ന് അദ്ദേഹം വിടവാങ്ങുമ്പോൾ മഹാരാജാവ് ചിത്തിര തിരുനാൾ ഇങ്ങനെ കുറിച്ചു “സാഹസികനും കഠിനധ്വാനിയുമായ മുരുക്കംമൂട്ടിൽ തൊമ്മൻ ജോസഫ് രണ്ടാം ലോകമഹായുദ്ധാനന്തരകാലത്ത് തിരുവിതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവിതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്ന് രക്ഷിച്ച മഹത് വ്യക്തിയാണ് ”
എന്നാൽ ജോസഫ് മുരിക്കൻ എന്ന ഇതിഹാസത്തെ കുറിച്ച് പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒരു കൂടി ഒരു കാര്യം കൂടി ഓർമിപ്പിക്കേണ്ടതുണ്ട്. കുട്ടനാട്ടിൽ നടന്ന രാഷ്ട്രീയ മത്സരങ്ങളും, വിപ്ലവ പാർട്ടികളുടെ അധികാരവും വന്നപ്പോൾ 1972ൽ മുരിക്കൻ പാടങ്ങൾ സർക്കാർ ഏറ്റെടുത്ത് കൃഷി ചെയ്തു.എന്നാൽ കൃഷിയിൽ സമ്പൂർണ്ണമായ വിജയം കൈവരിക്കാൻ സർക്കാരിന് സാധിച്ചില്ല…
Discussion about this post