പി എച്ച് സ്കെയിലിലെ 7 എന്ന സംഖ്യ കർഷകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ മണ്ണിന് അമ്ലഗുണം കൂടുതലാണെങ്കിൽ പി എച്ച് ഏഴിൽ താഴെ വരികയും ക്ഷാരാംശം കൂടുതലാണെങ്കിൽ ഏഴിന് മുകളിൽ വരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മണ്ണിൻറെ ഘടന തിരിച്ചറിഞ്ഞു വേണം കൃഷി ചെയ്യേണ്ടത്. ചെടികൾക്ക് നല്ല വളർച്ച ലഭ്യമാകുവാൻ മണ്ണിൻറെ അമ്ലത ക്രമീകരിക്കണം. ഇതിനുവേണ്ടി നമ്മുടെ നാട്ടിൽ പൊതുവേ ഉപയോഗിക്കുന്നതാണ് കുമ്മായപൊടി, പച്ചക്കക്കപ്പൊടി, ഡോളമൈറ്റ്, നീറ്റുകക്ക തുടങ്ങിയവയാണ്. ഇതിൽ നമ്മുടെ നാട്ടിൽ ഏറെ കർഷകരും ഉപയോഗിക്കുന്ന ഒന്നാണ് കുമ്മായം. ഇത് പി എച്ച് മൂല്യം ശരിയാക്കുകയും, സൂക്ഷ്മജീവികളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് വളർച്ചയ്ക്ക് വേണ്ട കാൽസ്യം എന്ന ഘടകം ധാരാളം ലഭിക്കാൻ കുമ്മായം മണ്ണിൽ ഇടേണ്ടത് അനിവാര്യമാണ്. കുമ്മായം ഇട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞതിന് ശേഷം വളപ്രയോഗം നടത്തുന്നതാണ് നല്ലത്.
മണ്ണിന്റെ അമ്ല/ക്ഷാര നില കൃത്യമായി നിലനിർത്തിയതിനുശേഷം വളം ചെയ്താൽ മാത്രമേ ചെടികൾക്ക് അതിനാവശ്യമായ പോഷകങ്ങൾ മണ്ണിൽ നിന്ന് വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. കൃഷി ചെയ്യുന്നതിന് മുൻപ് ഏതൊരു കർഷകനും ആദ്യം പരിഗണന നൽകേണ്ടത് മണ്ണിൻറെ പിഎച്ച് മൂല്യത്തെ തന്നെയാണ്. മണ്ണിൽ കൃഷി ചെയ്യുന്നവർ ആണെങ്കിലും ഗ്രോ ബാഗിൽ കൃഷി ചെയ്യുന്നവരാണെങ്കിലും കുമ്മായം ഇട്ടു നൽകുന്നതു വഴി ചെടികൾക്ക് രോഗപ്രതിരോധശേഷി കൈവരുന്നു. ബാക്ടീരിയൽ വാട്ടം പോലുള്ള രോഗങ്ങളിൽ നിന്ന് വിമുക്തി നേടുവാൻ കുമ്മായപ്രയോഗം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. പലരും ചെയ്യുന്ന തെറ്റായ ഒരു പ്രവർത്തിയാണ് മണ്ണിൽ കുമ്മായം മണ്ണിൽ ചേർത്ത് ഏകദേശം രണ്ടു ദിവസം കഴിയുമ്പോഴേക്കും വളപ്രയോഗം നടത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മണ്ണിലെ നല്ല ബാക്ടീരിയകൾ പോലും ഇല്ലാതാവുന്ന അവസ്ഥ സംജാതമാകുന്നു. മണ്ണിൽ ഉണ്ടാകുന്ന രോഗ ബീജങ്ങളെ പ്രവർത്തനരഹിതമാക്കുവാൻ കുമ്മായം ഉപയോഗപ്പെടുത്താം. മറ്റു വളങ്ങൾ ഉപയോഗിക്കാതെ കുമ്മായം മാത്രം ഉപയോഗിച്ചാൽ മണ്ണിൻറെ ഉർവരത തന്നെ നഷ്ടമാകും. സംയോജിത വളപ്രയോഗത്തിൽ കുമ്മായം ഒരു ഘടകമാണെന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയാണ് വേണ്ടത്.
കുമ്മായം ഒരിക്കലും അമോണിയ വളങ്ങളുമായി കൂട്ടി കലർത്തി ഉപയോഗിക്കരുത്. കുമ്മായം അധികമായി ഉപയോഗിക്കുന്ന സമയത്ത് ഒരുപക്ഷേ മണ്ണിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ്, ചെമ്പ് തുടങ്ങിയവയുടെ അഭാവം തന്നെ ഉണ്ടായേക്കാം. ലഘുവായ തോതിൽ കുമ്മായം ഉപയോഗിക്കുക. മണ്ണിൽ ഈർപ്പം നിലനിൽക്കുന്ന സമയത്ത് കുമ്മായം ചേർക്കുന്നത് ഗുണം ചെയ്യും.
Discussion about this post