എറണാകുളം നഗരത്തിലെ പാട്യവട്ടത്തെ ചാക്യാമുറി വീടിൻറെ മട്ടുപ്പാവ് മനോഹരമായ കൃഷിക്കാഴ്ചകളാൽ നിറഞ്ഞുനിൽക്കുന്ന ഒരിടമാണ്. വെറും ഒരു സെൻറ് സ്ഥലത്ത് ഈ പച്ചക്കറി വിപ്ലവം തീർക്കുന്നത് ലളിതാ ജയകുമാർ എന്ന വീട്ടമ്മയാണ്. വെറും 700 ചതുരശ്ര അടി മാത്രമുള്ള ഈ മട്ടുപ്പാവിൽ വിളയാത്തതായി ഒന്നുമില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് എല്ലാവിധ പച്ചക്കറികളും, ഔഷധസസ്യങ്ങളും ഈ മട്ടുപ്പാവിൽ ലളിത ചേച്ചി വിളയിക്കുന്നു.
കാലികമായ ആസൂത്രണത്തോടെ ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ എല്ലാത്തരത്തിലുള്ള വിളകളും വിളയിക്കുന്ന ലളിത ചേച്ചിയുടെ ഈ ഹരിത കേദാരം കൃഷി ഇഷ്ടപ്പെടുന്ന ഏവരിലും പ്രചോദനം ഉണർത്തുന്ന ഒന്നാണ്.ഏകദേശം 15 വർഷമായി കാർഷിക രംഗത്തുള്ള ലളിത ചേച്ചിയ്ക്ക് കൃഷി ഒരു അതിജീവനമാണ്. പെയിൻറിങ് തൊഴിലാളിയായ ഭർത്താവിൻറെ വേതനം മകളുടെ പഠനത്തിനും, വീട്ടാവശ്യത്തിനും തികയാത്ത സാഹചര്യത്തിൽ നിന്നാണ് ലളിത ചേച്ചി കാർഷിക രംഗത്തേക്ക് കടന്നുവരുന്നത്. ദൈനംദിന ആവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമാണ് ആദ്യം മട്ടുപ്പാവിൽ നിന്ന് ലഭിച്ചിരുന്നത്. പിന്നീട് പ്രാദേശിക വില്പനയ്ക്ക് വേണ്ടിയും പച്ചക്കറികൾ കൊടുക്കാൻ ഈ മട്ടുപ്പാവിൽ നിന്ന് ലഭ്യമായി. ഇതിൽ നിന്ന് ലഭിച്ച ചെറിയ വരുമാനമാണ് ഒരുകാലത്ത് തന്റെ ജീവിതം പിടിച്ചുനിർത്തുവാൻ താങ്ങായി മാറിയതെന്ന് ലളിത ചേച്ചി പറയുന്നുണ്ട്. വരുമാനം എന്നതിലുപരി മാനസിക സന്തോഷം നൽകുന്ന ഒരു മേഖലയാണ് കൃഷി എന്ന് ഈ വീട്ടമ്മ ആവർത്തിച്ചു പറയുന്നു.
പൂർണ്ണമായും ജൈവരീതിയിലാണ് എല്ലാം കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ലളിത ചേച്ചിയുടെ പച്ചക്കറികൾ തേടി വീട്ടിലേക്ക് വരെ ആളുകൾ എത്തുന്നു. ഒട്ടേറെ കാൻസർ രോഗികൾക്ക് മട്ടുപ്പാവിൽ വിളയുന്ന ഈ പച്ചക്കറികൾ ഒരു രൂപ പോലും വാങ്ങാതെ ഈ വീട്ടമ്മ നൽകുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. കാർഷിക രംഗത്ത് എന്നപോലെ തന്നെ സാമൂഹിക രംഗത്തും ലളിത ചേച്ചിയുടെ ഇടപെടൽ ശ്രദ്ധേയമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ഇവിടുത്തെ പച്ചക്കറികൾ ഉപയോഗപ്പെടുത്തി നിരാലംബർക്ക് ഊണുകൊടുത്ത ലളിത ചേച്ചിയുടെ സാമൂഹിക പ്രതിബദ്ധത ഏവരും അറിയേണ്ടതാണ്. സമൂഹത്തിലെ താഴെത്തട്ടിൽ ഉള്ളവരെ കൃഷി എന്ന മാധ്യമത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ ആണ് ഈ വീട്ടമ്മ എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ലളിത ചേച്ചിയുടെ അർപ്പണബോധത്തെയും കഠിനധ്വാനത്തെയും തേടി നിരവധിതവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം ധാരാളം പുരസ്കാരങ്ങൾ ഈ മട്ടുപ്പാവ് കൃഷിയെ തേടി എത്തിയിട്ടുണ്ട്. ലളിത ചേച്ചിയുടെ കൃഷിരീതികളെ കുറിച്ച് പഠിക്കുവാൻ നിരവധി വിദ്യാർത്ഥികളും, ഗവേഷകരും, കൃഷിയെ ഇഷ്ടപ്പെടുന്നവരും ഇവിടേക്ക് എത്തുന്നു.
റെയിൻ ഷെൽട്ടർ ഉപയോഗിക്കാതെ കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാം ഈ മട്ടുപ്പാവിൽ ലളിത ചേച്ചി വിളിക്കുന്നു. ഗ്രോ ബാഗിൽ കരിയിലയും, മണ്ണും, എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും ചേർത്ത് മിശ്രിതം തയ്യാറാക്കിയാണ് കൃഷി ചെയ്യുന്നത്. ചെടികൾ കരുത്തോടെ വളരുവാൻ ഫിഷ് അമിനോ ആസിഡും ജൈവസ്ലറിയും ഉപയോഗപ്പെടുത്തുന്നു. കീടങ്ങളെ നിയന്ത്രിക്കുവാൻ രണ്ടാഴ്ചയിലൊരിക്കൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയില കഷായം, ഗോമൂത്രം കാന്താരി മുളക് തുടങ്ങിയവയാണ് ഉപയോഗപ്പെടുത്തുന്നത്. മട്ടുപ്പാവിലെ ടാങ്കിൽ നിന്ന് പൈപ്പ് വഴിയാണ് ജലം ചെടികൾക്ക് നൽകുന്നത്.
വ്യത്യസ്തയിനം കാച്ചിലുകൾ, ചേമ്പുകൾ, നെയ് ചേന തുടങ്ങി കിഴങ്ങ് വർഗ്ഗങ്ങൾ, ശീതകാല പച്ചക്കറികളായ ക്യാരറ്റ്, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയും വെണ്ട, വ്യത്യസ്ത മുളകുകൾ പയർ പടവലം ചുരക്ക തുടങ്ങി മറ്റു പച്ചക്കറികളും, പൂതിന, രംഭ, ഒറിഗാനോ തുടങ്ങിയ ഇലവർഗങ്ങളും, കറുത്ത ഇഞ്ചി, ചുവന്ന ഇഞ്ചി, കരിമഞ്ഞൾ, കസ്തൂരി മഞ്ഞൾ, കുറ്റികുരുമുളക് തുടങ്ങി സുഗന്ധവിജ്ഞനങ്ങളും, ചങ്ങലംപരണ്ട,എരിക്ക്, ചുവന്ന കറ്റാർവാഴ, അയ്യമ്പാന, പാണ്ടൻ പനിക്കൂർക്ക, വയമ്പ് തുടങ്ങി നിരവധി ഔഷധസസ്യങ്ങളും മട്ടുപ്പാവിൽ വിസ്മയം തീർത്ത് തലയുയർത്തി നിൽക്കുന്നു. കൃഷി ചെയ്യാൻ സ്ഥലപരിമിതികളോ, പ്രായമോ അല്ല പ്രശ്നം മനസ്സാണ് പ്രധാനം എന്ന് ലളിത ചേച്ചിയുടെ ഈ മാതൃകാ തോട്ടം പറയാതെ പറഞ്ഞുവെക്കുന്നു.
Discussion about this post