ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കൃഷി ചെയ്യാൻ കഴിയുന്ന ഉത്പാദനക്ഷമത കൂടിയ പുല്ലിനമാണ് സങ്കര നേപ്പിയർ. സൂര്യപ്രകാശം നല്ലപോലെ ലഭ്യമാകുന്ന സ്ഥലമാണ് ഈ പുല്ല് കൃഷി ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ ഇടം. ധാന്യ വിളയായ ബജ്റയും പുല്ലിനമായ നേപ്പിയറും സങ്കരണം നടത്തി വികസിപ്പിച്ചെടുത്തതാണ് ഈ പുല്ലിനം. കേരളത്തിൽ വെള്ളക്കെട്ടില്ലാത്ത ഏതു മേഖലയിലും ഇത് മികച്ച രീതിയിൽ കൃഷി ചെയ്യാം. അത്യാവശ്യം നനയും, വള പ്രയോഗവും കൃത്യമായി നൽകി പരിപാലിച്ചാൽ ഒരു ചുവട്ടിൽനിന്ന് തന്നെ ഏകദേശം ആറ് കിലോ പുല്ല് ഒരുതവണ ലഭ്യമാകുന്നു. പശുവിനെ വളർത്തുന്നവർ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കുവാൻ പുല്ലു കൂടി കൃഷി ചെയ്യുന്നത് നല്ലതാണ്. 5 സെൻറ് സ്ഥലത്ത് സങ്കര നേപ്പിയർ കൃഷി ചെയ്താൽ ഒരു പശുവിന് വേണ്ട പുല്ല് ലഭ്യമാകും. ഇതിൽ ഏറ്റവും മികച്ച ഇനമായി കണക്കാക്കുന്നത് സി ഒ -1, സി ഒ-4 കെ കെ എം-1 സുഗുണ, സുപ്രിയ തുടങ്ങിയവയാണ്. തെങ്ങിൻ തോപ്പിൽ ഇടവിളയായി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുഗുണ, സുപ്രിയ തുടങ്ങിയവ ആണ് കൂടുതൽ മികച്ചത്. വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ള ഈ ഇനമായാണ് കെകെഎം -1 കണക്കാക്കുന്നത്.
സങ്കര നേപ്പിയർ കൃഷി രീതി
മൂന്നു മാസത്തിൽ കൂടുതൽ മൂപ്പുള്ള ചെടിയിൽ നിന്ന് ലഭ്യമാകുന്ന രണ്ടോ,മൂന്നോ മുട്ടുകൾ നടീലിന് ഉപയോഗപ്പെടുത്താം. കൃഷി ചെയ്യുവാൻ ഒരുക്കിയ സ്ഥലം നന്നായി ഉഴുതുമറിച്ചു കളകൾ നീക്കിയതിനു ശേഷം വരികൾക്കും ചെടികൾക്കിടയിൽ 60*60 സെൻറീമീറ്റർ വീതം അകലം പാലിച്ച് തണ്ടുകൾ നടാം. ഒരു സെൻറിൽ നടുവാൻ ഏകദേശം 100 തണ്ട് ആവശ്യമായിവരുന്നു. തണ്ട് നടുവാൻ എടുക്കുമ്പോൾ അതിൻറെ മുട്ട് മണ്ണിനടിയിൽ പോകുന്ന വിധം 45 ഡിഗ്രി ചരിച്ച് നടുവാൻ ശ്രമിക്കണം. ആദ്യത്തെ വിളവെടുപ്പ് പരമാവധി 75 മുതൽ 90 ദിവസത്തിനകം നമുക്ക് നടത്താവുന്നതാണ്. പിന്നീട് 35 മുതൽ 40 ദിവസം ഇടവിട്ട് വിളവെടുക്കാം. തീറ്റപ്പുല്ല് കൃഷി ചെയ്യുമ്പോൾ മുഴുവൻ സ്ഥലത്തും ഒരേ സമയത്ത് കൃഷി ചെയ്യാതിരിക്കുക. കൃഷിസ്ഥലം തുല്യ വിസ്തൃതിയുള്ള പ്ലോട്ടുകൾ ആയി തിരിച്ചു ഒരാഴ്ച ഇടവിട്ട് ഓരോ പ്ലോട്ടിലും കൃഷി ചെയ്യുക. അങ്ങനെ ചെയ്യുന്ന പക്ഷം പുല്ലിനങ്ങൾ ഒരേസമയം വിളവെടുക്കാൻ പാകമാകില്ല. ഒന്നാം പ്ലോട്ടിലെ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത പ്ലോട്ടിലെ വിളവെടുപ്പ് ആഴ്ചകൾ ഇടവിട്ട് നടത്താം. ചെറിയ രീതിയിൽ പശുവളർത്തൽ ജീവനോപാധിയായി എടുക്കുന്നവർക്ക് ഈ രീതി അനുയോജ്യമാണ്. സങ്കര നേപ്പിയർ കൃഷിയിൽ മഴ ഇല്ലാത്ത സമയത്ത് ജലസേചനം ലഭ്യമാക്കുവാനും, കളകൾ യഥാസമയം പറിച്ചു കളയുവാൻ ശ്രദ്ധിക്കുക. ആദ്യം സങ്കര നേപ്പിയർ കൃഷിചെയ്യുമ്പോൾ ഹെക്ടറിന് 20 ടൺ എന്ന തോതിൽ ചാണകം നൽകിയാൽ മതി. ഇതിനൊപ്പം 250 കിലോ മസൂറിഫോസ്, 85 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവയും ചേർത്തു നൽകണം. ഈ രീതിയിൽ വർഷത്തിൽ നാലുതവണ പുല്ല് അരിഞ്ഞതിനുശേഷം ഹെക്ടറിന് 100 കിലോഗ്രാം എന്ന തോതിൽ യൂറിയയും നൽകണം. സി ഒ-3, സി ഒ-4 തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നതെങ്കിൽ ഒരു ഹെക്ടറിൽ നിന്ന് പരമാവധി 400 ടൺ വരെ പച്ചപ്പുല്ല് ലഭ്യമാകും. പച്ചപ്പുല്ല് ധാരാളം പശുക്കൾക്ക് നൽകുന്നതുവഴി തീറ്റച്ചെലവിൻറെ 30 മുതൽ 40 ശതമാനം വരെ കുറയ്ക്കുവാൻ സാധിക്കും. ഉരുക്കൾക്ക് ആരോഗ്യം കൈവരിക്കാനും പച്ചപ്പുല്ല് ഉപയോഗം മികച്ചതാണ്. ഇതിൽ 30 ശതമാനം നാരും 10 ശതമാനം മാംസ്യവും അടങ്ങിയിരിക്കുന്നു. ചാണക സ്ലറി കൃഷിയിടത്തിൽ ഇടവിട്ട് ഒഴിച്ചു കൊടുത്താൽ പുല്ലിന്റെ വളർച്ച വേഗത്തിൽ ആകുവാൻ ഗുണം ചെയ്യും.
Discussion about this post