നമ്മുടെ വീട്ടുവളപ്പിലും വഴിയരികിലും വേലിപ്പടർപ്പിലും നാം നിരവധി ഔഷധമൂല്യമുള്ള ചെടികളെ കാണാറുണ്ട്. പക്ഷേ ഇവയ്ക്ക് പ്രഥമ സ്ഥാനം നൽകി പലരും ഇത് വീട്ടുമുറ്റത്ത് വെച്ച് പിടിപ്പിക്കാറില്ല. പക്ഷേ ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ചെടികളെ തിരിച്ചറിയുകയും, അതിനുവേണ്ടി ഒരു തോട്ടം ഒരുക്കുകയും ചെയ്താൽ ജലദോഷം, പനി, ചുമ തുടങ്ങി നമുക്കുണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കാൻ ആശുപത്രിയിലേക്ക് ഓടേണ്ട അവസ്ഥ ഉണ്ടാകില്ല. നമ്മളെല്ലാവരും അടുക്കള മുറ്റത്ത് പച്ചക്കറിത്തോട്ടം സജ്ജമാക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആ പച്ചക്കറിത്തോട്ടത്തിൽ ഇനി കുറച്ച് ഔഷധസസ്യങ്ങൾ കൂടി വച്ചുപിടിപ്പിക്കൂ. ആരോഗ്യകരമായ ഒരു നല്ല ശീലത്തിന്റെ തുടക്കമാകും അത്.
തണലും വെയിലും ഒരുപോലെ ലഭ്യമാകുന്ന സ്ഥലം തന്നെയാണ് ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കാൻ തെരഞ്ഞെടുക്കേണ്ടത്. ഏതുസമയത്തും ഔഷധസസ്യങ്ങൾ വച്ചു പിടിപ്പിക്കാം. കാലവർഷാരംഭത്തോടെ ആണെങ്കിൽ കൂടുതൽ നല്ലത്. സാധാരണ പച്ചക്കറികൾക്ക് നൽകുന്ന അതേ വളങ്ങൾ തന്നെ ചെറിയ രീതിയിൽ ഇവയ്ക്കും ഇട്ടു കൊടുത്താൽ മതി. അവയും നമ്മുടെ പച്ചക്കറി തോട്ടത്തിൽ അഴകോടെ നിൽക്കും. മണ്ണിൽ മാത്രമല്ല ചട്ടികളിലും, ഗ്രോബാഗുകളിലും ഇവ നാടൻ അനുയോജ്യമാണ്. വേനൽക്കാലത്ത് നനയ്ക്കാൻ മറക്കരുത്. പ്രത്യേകിച്ച് ബ്രഹ്മി, മുത്തിൾ പോലെയുള്ള സസ്യങ്ങൾക്ക് നന പ്രധാനമാണ്. ജൈവകീടനാശിനികളും, ജൈവവള കൂട്ടുകളും തന്നെയാണ് ഇവയുടെ വളർച്ചയ്ക്ക് അത്യുത്തമം.
വീട്ടു മുറ്റത്ത് വച്ച് പിടിപ്പിക്കേണ്ട ഔഷധസസ്യങ്ങൾ
1. ബ്രഹ്മി
നമ്മുടെ വീടുകളിൽ ഹാങ്ങിങ് പ്ലാൻറ് എന്ന രീതിയിൽ വളർത്താൻ കഴിയുന്ന മനോഹര ഔഷധസസ്യമാണ് ബ്രഹ്മി. ഇതിൻറെ ഇലയും വേരും പൂവെല്ലാം ഔഷധയോഗ്യം തന്നെ. തണ്ട് മുറിച്ചു നട്ടാണ് ഇത് കൃഷിചെയ്യേണ്ടത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുവാൻ മികച്ച ഔഷധ സസ്യം കൂടിയാണ് ബ്രഹ്മി. എല്ലാവർക്കും അറിയുന്ന പോലെ ബുദ്ധിവികാസത്തിന് ബ്രഹ്മി അത്യുത്തമമാണ്. പ്രായഭേദമെന്യേ ബ്രഹ്മിനീര് വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ കഴിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഗുണംചെയ്യും.
2.തുമ്പ
ഓണക്കാലത്ത് മാത്രം മനസ്സിലേക്ക് വരേണ്ട ഔഷധസസ്യം അല്ല തുമ്പ. പോഷകാംശങ്ങളുടെ കലവറയാണ് ഈ സസ്യം. വിത്ത് പാകി കിളിർപ്പിച്ചോ മാതൃസസ്യത്തിൽ നിന്നുള്ള നടീൽ വസ്തുക്കൾ ശേഖരിച്ചോ തുമ്പ നടാം. തലവേദന പൂർണമായും അകറ്റുവാൻ നമ്മുടെ പഴമക്കാർ ചെയ്യുന്ന ഒരു വിദ്യയാണ് തുമ്പയുടെ ഇലയരച്ച് നെറ്റിയിൽ പുരട്ടുന്നത്.
3.പനിക്കൂർക്ക
കർപ്പൂരവള്ളി, കഞ്ഞിക്കൂർക്ക എന്നിങ്ങനെ പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധസസ്യം വീട്ടുമുറ്റത്ത് നിർബന്ധമായും വച്ച് പിടിപ്പിക്കേണ്ട ഒന്നാണ്. ജലദോഷം, കഫക്കെട്ട്,ചുമ, പനി തുടങ്ങി രോഗങ്ങളെ അകറ്റുവാൻ പനിക്കൂർക്കയില ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുന്നതും, ഇതിൻറെ ഇല വാട്ടി നെറുകയിൽ ഇടുന്നതും പണ്ടുകാലം മുതലേ അനുവർത്തിച്ചു പോരുന്ന ഒരു നാടൻ രീതിയാണ്. ആവി കൊള്ളുമ്പോൾ പനിക്കൂർക്കയില ചതച്ച് ഇടുന്നതും നല്ലതാണ്.
4.മുത്തിൾ
കൊടവൻ, കുടങ്ങൽ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം പോട്ടിങ് മിശ്രിതം നിറച്ച് ഗ്രോബാഗുകളിലോ, ചട്ടികളിലോ, ഹാങ്ങിങ് പ്ലാൻറ് ആയോ വളർത്താവുന്നതാണ്. ബുദ്ധിവികാസം മെച്ചപ്പെടുത്തുവാൻ ബ്രഹ്മി പോലെതന്നെ അനുയോജ്യമാണ് മുത്തിളും. ഇതിൻറെ ഇല പിഴിഞ്ഞ നീര് കുട്ടികൾക്ക് നൽകുന്നതും നല്ലതാണ്.
5.മുയൽച്ചെവിയൻ
ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഈ സസ്യം ആയുർവേദ ശാസ്ത്രപ്രകാരം ടോൺസിലൈറ്റിസ് എന്ന രോഗത്തിന് മറുമരുന്നാണ്. ഇതിൻറെ ഇലയുടെ നീരിൽ ഉപ്പ് ചേർത്ത് തൊണ്ടയിൽ പുരട്ടുന്നത് ടോൺസിലൈറ്റിസ് എന്ന രോഗത്തെ ഇല്ലാതാക്കാനുള്ള കുറുക്കുവഴിയാണ്. ഇതിൻറെ പേര് സൂചിപ്പിക്കുന്നപോലെ മുയലിന്റെ ചെവിയോട് സാമ്യമുള്ള ഇലകളാണ് ഇവയ്ക്ക്. നമ്മുടെ വഴിയോരങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ഈ ഔഷധസസ്യത്തെ നമ്മളിൽ പലരും അവഗണിക്കുകയാണ് പതിവ്.
ഇത്തരത്തിൽ ഔഷധഗുണങ്ങൾ ഉള്ള സസ്യങ്ങൾ അന്യം നിന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടതും, ഇനി വരുന്ന തലമുറയ്ക്ക് ഇതിൻറെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ്…
Discussion about this post