ശരിയായി പരിപാലിക്കുന്ന ഒരു തെങ്ങിൽ ഓരോ മാസവും ഓരോ ഓല ഉണ്ടാകും.സ്വാഭാവികമായും ആ ഓലയുടെ കക്ഷത്ത് (Leaf axil )ഒരു പൂങ്കുല (Inflorescence )ഉണ്ടാകും. അത് വിരിയുമ്പോൾ അതിൽ ആൺ പൂക്കളും (Staminate Flower )പെൺപൂക്കളും (Pistillate Flower)ഉണ്ടാകും. ഇതിൽ പെൺപൂക്കളാണ് മച്ചിങ്ങകൾ അഥവാ വെള്ളയ്ക്കകൾ.
പൂങ്കുല ശാഖകളുടെ ഏറെക്കുറെ ചുവട് ഭാഗത്തായി പെൺപൂക്കളും മുകളിലോട്ട് കുഞ്ഞന്മാരായ ആൺ പൂക്കളും കാണാം. സാധാരണ ഗതിയിൽ നെടിയ ഇനങ്ങളിൽ (Tall varieties ) ആൺ പൂക്കൾ ആദ്യം വിരിഞ്ഞ് തുടങ്ങുകയും അത് കഴിഞ്ഞ് പെൺപൂക്കൾ വിരിയുകയും ചെയ്യും. അതായത് ഒരേ പൂങ്കുലയിൽ ഉള്ള ആൺ ബീജങ്ങൾക്ക് പെൺപൂക്കളെ (മച്ചിങ്ങ ) പുൽകാൻ അവസരം പലപ്പോഴും കിട്ടുന്നില്ല. സ്വാഭാവികമായും കാറ്റ് മൂലമോ തേനീച്ചകൾ മൂലമോ പരാഗണം നടക്കണം.പക്ഷെ തെങ്ങിൽ കാറ്റ് മൂലം വേണ്ടത്ര അളവിൽ പരാഗരേണുക്കൾ ജനിപുടങ്ങളിൽ പതിക്കുന്നില്ല.
പെൺപൂക്കൾ പരാഗരേണുവിനെ സ്വീകരിക്കാൻ എപ്പോഴും തയ്യാറായിരിക്കില്ല. എല്ലാ ജീവികളിലെയും പോലെ അതിനും ഒരു സമയമുണ്ട്.അതാണ് Anthesis time. അടഞ്ഞിരിക്കുന്ന പൂവ് തുറക്കപ്പെടുകയും അതിന്റെ ജനിപുടത്തിൽ അല്പം മദജലം കിനിഞ്ഞു നിൽക്കുകയും ചെയ്യുമ്പോൾ തേൻ നുകരാൻ വരുന്ന ഷഡ്പദങ്ങളുടെ കാലുകളിലും വദന ഭാഗങ്ങളിലും പറ്റിയിരിക്കുന്ന കേസരങ്ങൾ അതിൽ പറ്റിപ്പിടിക്കണം. അങ്ങനെ വേണ്ടത്ര കേസരങ്ങൾ ലഭിക്കണമെങ്കിൽ,അതിന് തൊട്ടുമുൻപ് ആ പ്രാണികൾ ആൺ പൂക്കളിൽ പോയി പൂണ്ടു വിളയാടണം.അപ്പോൾ വേണ്ടത്ര പരാഗ രേണുക്കൾ അവയുടെ കാലിൽ പറ്റും.
അത് കൊണ്ടാണ് തെങ്ങിൻ തോട്ടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കൂടുതൽ പരാഗണം നടന്നു കൂടുതൽ മച്ചിങ്ങകൾ തേങ്ങകൾ ആയി മാറും. ഇല്ലെങ്കിൽ അവയൊക്കെ കന്യകമാരായി കൊഴിഞ്ഞു പോകും.
ഒരല്പം പരാഗ രേണുക്കൾ വന്ന് ജനിപുടത്തിൽ വീണാൽ പോരാ. സാമാന്യം ഭേദപ്പെട്ട അളവിൽ അവ പറ്റിയെങ്കിൽ മാത്രമേ സിക്താണ്ഡം (zygote )രൂപം കൊള്ളുകയുള്ളൂ.
മനുഷ്യന്റെ കാര്യം എടുത്താൽ ഒരു മില്ലി ബീജത്തിൽ സാധാരണ 15 ദശലക്ഷം മുതൽ 200 ദശലക്ഷം ബീജാണുക്കൾ ഉണ്ടാകും.അത് 40 ദശലക്ഷത്തിൽ താഴെ ആണെങ്കിൽ ബീജസംയോഗം ബുദ്ധിമുട്ടാകും.15 ദശലക്ഷത്തിൽ താഴെ ആണെങ്കിൽ വളരെ ബുദ്ധിമുട്ടാകും.
ഒരു അണ്ഡത്തെ (ovum /egg) പുണരാൻ ഉള്ള മത്സരാർഥികൾ ആണ് ഇവരെല്ലാം. എന്നിട്ടും പലപ്പോഴും ഇവന്മാരെക്കൊണ്ട് ഒരു ഫലവുമില്ലാതെ പോകുന്നു. അങ്ങനെ നോക്കിയാൽ ഈ ഭൂമിയിൽ സൃഷ്ടാവിന് ഒട്ടും വിശ്വാസമില്ലാത്തവർ ഈ പുംബീജങ്ങൾ ആണെന്ന് പറയേണ്ടി വരും.
പറഞ്ഞ് വന്നത്, മനുഷ്യനെ പോലെ തന്നെയാണ് തെങ്ങും. മനുഷ്യസ്ത്രീകളിൽ ഓവുലേഷൻ ഉള്ളത് പോലെ തെങ്ങിന്റെ പെൺ പൂവായ വെള്ളയ്ക്കായിലും Anthesis time ഉണ്ട്. പൂവ് സ്നിഗ്ദ്ധമായ അവസ്ഥയിൽ,മതിയായ അളവിൽ പരാഗരേണുക്കൾ തേനീച്ചകളുടെ സഹായത്തോടെ ജനിപുടത്തിൽ പുരളണം. ഇല്ലെങ്കിൽ വലിയ പങ്ക് മച്ചിങ്ങകളും കൊഴിഞ്ഞു പോകും. അത് പ്രകൃതി നിയമമാണ്. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല.
മനുഷ്യനിൽ പ്രത്യുല്പാദന തകരാറുകളും ഹോർമോൺ വ്യതിയാനങ്ങളും മറ്റും മൂലം വന്ധ്യതയും ഗർഭം അലസലും ഉണ്ടാകുന്നത് പോലെ തന്നെ അവ ചെടികളിലും ഉണ്ടാകുന്നുണ്ട്.
തെങ്ങിന്റെ അസ്വാഭാവികമായ (abnormal )വെള്ളയ്ക്ക കൊഴിച്ചിലിന് ഏതാണ്ട് ഒൻപതോളം കാരണങ്ങൾ ചൂണ്ടിക്കാട്ടാം.
1. പാരമ്പര്യം. (അവിടെയാണ് മാതൃവൃക്ഷം പ്രധാനമാകുന്നത് )
2. രോഗ -കീടാക്രമണം (മണ്ഡരി, പൂങ്കുല ചാഴി,കുമിൾ ബാധ മൂലമുള്ള പൂങ്കുല കരിച്ചിൽ etc )
3.പോഷകാഹാരക്കുറവ്(NPK, Ca, Mg, S, Boron, Chlorine )എന്നിവ സന്തുലിതമായ അളവിൽ മണ്ണിൽ ഉണ്ടായിരിക്കണം.
4. മണ്ണിലേയും കാലാവസ്ഥയിലെയും വ്യതിയാനങ്ങൾ
5. പരാഗണത്തിലും സങ്കരണത്തിലും ഉണ്ടാകുന്ന അപാകതകൾ
6. പൂക്കളുടെ ഘടനാ വൈകല്യങ്ങൾ
7. സങ്കരണത്തിന് ശേഷമുള്ള ഭ്രൂണ നാശം (പലപ്പോഴും Boron മണ്ണിൽ കുറയുമ്പോൾ, അല്ലെങ്കിൽ ചെടിയ്ക്ക് വലിച്ചെടുക്കാൻ കഴിയാതാകുമ്പോൾ അങ്ങനെ സംഭവിക്കാം ).
8. കൂടുതൽ കായ്കൾ താങ്ങാനുള്ള മരത്തിന്റെ ശേഷിക്കുറവ് (അതും പാരമ്പര്യമായി കരുതാം)
9.മണ്ണിലെ ഈർപ്പക്കുറവ്, വെള്ളക്കെട്ട് എന്നിങ്ങനെ ഉള്ള പ്രതികൂല സാഹചര്യങ്ങൾ.
ഇതിൽ ഏതാണ് കാരണം എന്ന് കണ്ടെത്തി അതിനുള്ള പ്രതിവിധി ചെയ്യണം.
അപ്പോൾ ഇതൊക്കെ ആണ് സഹോ… തെങ്ങിലെ വെള്ളയ്ക്കാകൊഴിച്ചിലുമായി ബന്ധപ്പെട്ട വിശേഷങ്ങൾ.
ഇതോടൊപ്പം ഉള്ള ചിത്രങ്ങളിൽ തെങ്ങിന്റെ പെൺപൂവ് ആൺ ബീജത്തെ പുൽകാൻ തുറന്നിരിക്കുന്നതും അതിൽ പൂന്തേൻ കിനിഞ്ഞു നിൽക്കുന്നതും അതിനെ തേനീച്ചകൾ പരാഗണിക്കുന്നതും കാണാം.
കഴിവുള്ളവർ തെങ്ങിൻ തോട്ടങ്ങളിൽ തേനീച്ചകോളനികൾ സ്ഥാപിക്കുക. അത് മറ്റുള്ളവർക്കും ഗുണകരമാകും.
പ്രമോദ് മാധവൻ
അസിസ്റ്റൻറ് ഡയറക്ടർ,കൃഷിവകുപ്പ് ദേവികുളം, ഇടുക്കി
Discussion about this post