ഓണം വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങുന്നത് 2010 നാടൻ കർഷക ചന്തകൾ. കൃഷിവകുപ്പിന് ഒപ്പം ഹോർട്ടികോർപ്പും വിഎഫ്പിസികെയും സംയുക്തമായാണ് കാർഷിക ചന്തകൾ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 4 മുതൽ 7 വരെ നാല് ദിവസങ്ങളിലായി ഇവ പ്രവർത്തിക്കും. കർഷക ചന്തകളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സെപ്റ്റംബർ 3 വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഹോർട്ടികോർപ്പ് വിപണിയിൽ വച്ച് നിർവഹിക്കും
കൃഷിവകുപ്പിന് കീഴിൽ 1350 കർഷക ചന്തകളും ഹോർട്ടികോർപ്പിന് 500 ചന്തകളും വിഎഫ്പിസികെയുടെ 160 ചന്തകളും സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നതാണ്. ഓണച്ചന്തകളിലേക്ക് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിലെ വിലയേക്കാൾ 10 ശതമാനം അധിക വില നൽകി സംഭരിക്കുന്നതാണ്. ഓണവിപണികളിലൂടെ വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇത് ഉപഭോക്താക്കൾക്ക് നൽകുമെന്ന് കൃഷി വകുപ്പ് അറിയിച്ചു. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിപ്രകാരം രൂപീകൃതമായ കൃഷി കൂട്ടങ്ങൾ, ഏകതയുടെ ക്ലസ്റ്ററുകൾ, എക്കോ ഷോപ്പുകൾ, ബ്ലോക്ക് ലെവൽ ഫെഡറേറ്റഡ് ഓർഗനൈസേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വിപണികൾ കൃഷിഭവൻ തലത്തിൽ പങ്കെടുപ്പിക്കുന്നത്. ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ഓണ വിപണിയിലേക്ക് വേണ്ടിവരുന്ന പഴം-പച്ചക്കറികൾ അതാത് ജില്ലകളിലെ കർഷകർ നിന്നായിരിക്കും സംഭരിക്കുന്നത്. കർഷകരിൽനിന്ന് ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് അയൽസംസ്ഥാനങ്ങളിലെ കർഷക ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് വിപണിയിലേക്ക് എത്തിക്കും.
Discussion about this post