മണ്ണിൽ നിന്നുണ്ടാകുന്ന രോഗ സാധ്യതകളെ ഇല്ലാതാക്കുന്ന പ്രധാനപ്പെട്ട ജീവാണുവളമാണ് ട്രൈക്കോഡർമ ജനുസ്സിൽപ്പെട്ട കുമിളുകൾ. ഇവ പ്രധാനമായും കുരുമുളകിൻറെ ദ്രുതവാട്ടം, ഏലത്തിന്റെയും ഇഞ്ചിയുടെയും മൂട് ചീയൽ, വാഴയുടെ അഴുകൽ, തെങ്ങിൻറെ ചെന്നീരൊലിപ്പ് തുടങ്ങിയ രോഗ സാധ്യതകളെ ഇല്ലാതാക്കുന്നു. രോഗ സാധ്യതകളെ ഇല്ലാതാക്കുന്നതോടൊപ്പം ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും ഉത്തമമായ ജീവാണുവളമാണ് ഇത്. ട്രൈക്കോഡർമ ജനുസ്സിന്റെ വംശവർദ്ധനവിന് വേപ്പിൻപിണ്ണാക്കും ചാണകവും ചേർന്ന മിശ്രിതമാണ് ഉപയോഗപ്പെടുത്തുന്നത്.
ട്രൈക്കോഡെർമ മിശ്രിതം തയ്യാറാക്കുന്ന വിധം
10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക് 90 കിലോഗ്രാം ചാണകപ്പൊടിയും തമ്മിൽ യോജിപ്പിച്ചതിനുശേഷം വെള്ളം തളിച്ച് നനയ്ക്കുക. ഈ മിശ്രിതത്തിലേക്ക് വിപണിയിൽ ലഭിക്കുന്ന ട്രൈക്കോഡർമ(100 കിലോഗ്രാം മിശ്രിതത്തിന് 1-2 കിലോഗ്രാം എന്ന തോതിൽ) ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനു ശേഷം ഈ മിശ്രിതം ദ്വാരങ്ങളുള്ള പോളിത്തീൻ ഷീറ്റ് കൊണ്ടോ സാധാരണ ന്യൂസ് പേപ്പർ കൊണ്ടോ മൂടി തണലിൽ കൂനകൂട്ടി അഞ്ചു ദിവസം സൂക്ഷിക്കുക. ഈ രീതി കുമിൾ പെരുക്കുവാൻ കാരണമാകും. ഇവ നന്നായി ഇളക്കി മൂന്നു ദിവസം കൂടി അതേപോലെ സൂക്ഷിക്കുക. അതിനു ശേഷം മാത്രം മണ്ണിൽ ചേർക്കുക. ചാണകം മാത്രം ഉപയോഗിക്കുന്നതിനേക്കാൾ വേപ്പിൻപിണ്ണാക്കും ചാണകവും (1:9 എന്ന അനുപാതത്തിന്റെ )അടിസ്ഥാനത്തിൽ ഒന്നിച്ച് ഉപയോഗിക്കുന്നത് കൂടുതൽ ഫലവത്താണ്. ചാണകം മാത്രം ഉപയോഗിക്കുമ്പോൾ അഞ്ചു ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം. മാത്രമല്ല 15 ദിവസത്തിനു ശേഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഈ മിശ്രിതം നഴ്സറി തടങ്ങളിലും പോട്ടിങ് മിശ്രിതത്തിലും ഉപയോഗപ്പെടുത്താം. ഇതിൻറെ ഉപയോഗം കുമിൾ രോഗങ്ങളെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നു.
ഉപയോഗരീതി
കുരുമുളകിൻറെ ദ്രുതവാട്ടത്തിന് 50 കിലോ ജൈവവളം/ വേപ്പിൻ പിണ്ണാക്ക് ഒരു കിലോ ട്രൈക്കോഡർമയുമായി യോജിപ്പിച്ച് 10 മുതൽ 15 ദിവസം വരെ സൂക്ഷിച്ചതിനുശേഷം ഒരു കിലോ വീതം ഒരു കുരുമുളക് വള്ളിയുടെ തടത്തിൽ പ്രയോഗിക്കാവുന്നതാണ്. 20 കിലോഗ്രാം അണുവിമുക്തമായ കൊയർ പീത്ത് കമ്പോസ്റ്റിന് ഒരു ലിറ്റർ ദ്രാവകരൂപത്തിലുള്ള ട്രൈക്കോഡർമ എന്നതോതിൽ യോജിപ്പിച്ചതിനുശേഷം വള്ളിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. കുരുമുളകിൻറെ ദ്രുതവാട്ടം മാത്രമല്ല നെല്ലിൻറെ പോള കരച്ചിൽ ഇല്ലാതാക്കുവാനും ട്രൈക്കോഡർമ മിശ്രിതം ഗുണം ചെയ്യും. ട്രൈക്കോഡർമ വിത്തിൽ പുരട്ടുകയും, പറിച്ചു നട്ടതിനുശേഷം ഉപയോഗിക്കുന്നതും നല്ലതാണ്. ഏലച്ചെടി നടുമ്പോൾ അഴുകൽ നിയന്ത്രിക്കാനായി ട്രൈക്കോഡെർമ മിശ്രിതം ഉപയോഗിക്കണം. കൂടാതെ വർഷംതോറും ചെടി ഒന്നിന് അഞ്ച് കിലോഗ്രാം എന്ന തോതിൽ രണ്ടര കിലോഗ്രാം വീതം ഇടവപ്പാതിയിലും തുലാവർഷത്തിലും മഴ തുടങ്ങുന്നതിന് ഒപ്പം രണ്ടു പ്രാവശ്യമായി ഇട്ടു നൽകുന്നത് നല്ലതാണ്. ഇഞ്ചിയുടെ മൂട് ചീയ്യൽ തടയുവാൻ ഇഞ്ചി വിത്ത് നടുന്ന കുഴിയിൽ 25 ഗ്രാം ട്രൈക്കോഡർമ മിശ്രിതം ചേർത്ത് കൊടുക്കേണ്ടതാണ്. പച്ചക്കറി ഇനങ്ങളുടെ തവാരണയിലും ഇത് ഇട്ടു നൽകുന്നത് മണ്ണ് ജൈവ സമ്പുഷ്ടമാക്കാൻ ഗുണം ചെയ്യും. വാനിലയിൽ കാണുന്ന അഴുകൽ ഉൾപ്പെടെയുള്ള കുമിൾ രോഗങ്ങൾ നിയന്ത്രിക്കുവാനും നല്ല വളർച്ച ഉണ്ടാകുവാനും ട്രൈക്കോഡർമ പ്രയോഗം ഗുണം ചെയ്യും. ട്രൈക്കോഡർമ ഒരിക്കലും ചാരം കലർത്തി ഉപയോഗിക്കരുത്. കൂടാതെ വെള്ളം അധികമായി ചേർത്ത് കുഴമ്പ് രൂപത്തിലായി ഉപയോഗിക്കാനും പാടില്ല. ട്രൈക്കോഡർമ ഉപയോഗിക്കുക വഴി മണ്ണിൽ സസ്യ രോഗങ്ങൾക്ക് കാരണമാകുന്ന ട്രൈക്കോഡർമിൻ വിസറിൻ തുടങ്ങി ആൻറിബയോട്ടിക്കുകളെ പൂർണ്ണമായും നശിപ്പിക്കാൻ സാധിക്കുന്നു. പക്ഷേ ട്രൈക്കോഡർമ മണ്ണിൽ ഉപയോഗിക്കുമ്പോൾ ഒരിക്കലും ഇതിനോടൊപ്പം രാസ കുമിൾനാശിനിളോ കളനാശിനികളോ ഉപയോഗിക്കരുത്. വിപണിയിൽ നിന്നു വാങ്ങുമ്പോൾ പാക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളിൽ തന്നെ കൃഷിയിടത്തിൽ ഉപയോഗിക്കുക.
Discussion about this post