കുപ്രസിദ്ധിയുടെ കാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന സസ്യമാണ് ഒതളങ്ങ. കൊടും വിഷമുള്ളൊരു ചെടി. ‘സൂയിസൈഡ് ട്രീ’ അഥവാ ‘ആത്മഹത്യ മരം’ എന്നാണ് അറിയപ്പെടുന്നത് തന്നെ. പുഴകളുടെയും തോടുകളുടെയും വക്കിൽ വളരുവാൻ ഇഷ്ടപ്പെടുന്ന ഇവ കുട്ടനാട്ടിൽ ഒത്തിരിയുണ്ട്. സെർബിറ ഒഡെല്ലം എന്നാണ് ശാസ്ത്രനാമം. അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്.
ഫ്രാൻസിലെ ലബോറട്ടറി ഓഫ് അനലിറ്റിക്കൽ ടോക്സിക്കോളജിയിലെ ശാസ്ത്രജ്ഞർ 2004 ലാണ് കൊടുംവിഷമായ ഒതളങ്ങയെ സംബന്ധിച്ച പഠനം നടത്തിയത്. നാടൻ വിഷം എന്നറിയപ്പെടുന്ന ഒതളങ്ങയുടെ പ്രഹരശേഷി രാജ്യാന്തര വിഷങ്ങളേക്കാൾ ഏറെ മുന്നിലാണെന്ന് ശാസ്ത്രസംഘം പറയുന്നു.
ഒതളങ്ങയുടെ പരിപ്പിലാണ് വിഷം കൂടുതൽ ഉള്ളത്. ഇവയിലുള്ള സെർബെറിൻ, ഒഡോലിൻ, എന്നീ ഘടകങ്ങളാണ് ഇവയെ വിഷയമാക്കുന്നത്. ഹൃദയത്തെയാണ് വിഷം ബാധിക്കുന്നത്. രക്തത്തിൽ കലർന്നാൽ ചികിത്സയും എളുപ്പമല്ല.
വിത്തിലെ പരിപ്പിലുള്ളതിന്റെ അത്രയും ഇല്ലെങ്കിലും ഒതളങ്ങയുടെ പട്ടയിലും ഇലയിലും വിഷാംശമുണ്ട്. മഞ്ഞരളിയിലുള്ള തെവെറ്റിൻ എന്ന വിഷവസ്തു ഒതളത്തിൽ ധാരാളമായുണ്ട്. പണ്ട് കാലത്ത് മീൻ പിടിക്കാനുള്ള വിഷമായി ഒതളങ്ങ ഉപയോഗിച്ചിരുന്നു.
Discussion about this post