എന്ത് ഭംഗിയാണല്ലേ കോളാമ്പിപ്പൂക്കൾ കാണുവാൻ!!! മഞ്ഞ നിറത്തിൽ തലയുയർത്തിനിൽക്കുന്ന കോളാമ്പി പൂക്കൾ പൂന്തോട്ടങ്ങളുടെ മനോഹാരിത ഒന്നുകൂടി വർദ്ധിപ്പിക്കും. അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ് കോളാമ്പി ചെടി. അലമാണ്ട കതാർട്ടിക്ക എന്നാണ് ശാസ്ത്രനാമം. അമേരിക്കയാണ് ജന്മദേശം.
നിത്യഹരിത സസ്യമാണ് കോളാമ്പി ചെടി. കുറ്റിച്ചെടിയായും വള്ളിച്ചെടിയായും വളർത്താം ഇവയെ. കുടുംബത്തിന്റെ തിരിച്ചറിയൽ രേഖയായ പാലുപോലുള്ള ദ്രാവകം കോളാമ്പി ചെടിയിലുമുണ്ട്. അതുകൊണ്ടുതന്നെ അല്പം വിഷാംശം ഉള്ളവയാണ് ഈയിനത്തിൽ പെട്ടവരെല്ലാം.
അഞ്ചിതളുള്ള മഞ്ഞ സുന്ദരിയാണ് കോളാമ്പിപ്പൂക്കൾ. ഫണലിന്റെ ആകൃതിയാണ് പൂക്കൾക്ക്. പണ്ടുകാലത്ത് മുറുക്കി തുപ്പാൻ ഉപയോഗിച്ചിരുന്ന കോളാമ്പിയുടെ ആകൃതിയാണിത്. അതുകൊണ്ടാണ് കോളാമ്പിപ്പൂ എന്ന പേര് വന്നത്. ഗോൾഡൻ ട്രംപറ്റ്, യെല്ലോ അലമാണ്ട എന്നൊക്കെയും പേരുകളുണ്ട്.
നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള മണ്ണിൽ പെട്ടെന്ന് വളരും ഇവ. നല്ല വളക്കൂറുള്ള മണ്ണായിരിക്കണം. അങ്ങനെയെങ്കിൽ ഒത്തിരി പൂക്കളും ഉണ്ടാകും. തണലുള്ള സ്ഥലങ്ങൾ ഒട്ടുമേ ഇഷ്ടമല്ല കോളാമ്പി ചെടിക്ക്. വർഷത്തിൽ മൂന്നു മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. തണ്ടൊടിച്ച് നട്ട് പുതിയ ചെടികൾ വളർത്തിയെടുക്കാം. കമ്പ് കോതൽ നടത്തി വളരെ ചെറിയ രൂപത്തിൽ ചട്ടികളിലും ഇവയെ വളർത്താവുന്നതാണ്. വർഷത്തിലൊരിക്കൽ റിപ്പോർട്ടിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
Discussion about this post