കേരളത്തിൽ എല്ലായിടത്തും വളരെ സാധാരണയായി കാണപ്പെടുന്നൊരു ചെടിയാണ് ഒരുവേരൻ. വട്ടപ്പെരുക്, പെരുവലം, പെരിയലം, പെരിങ്ങലം, പെരുക,എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ലിറോഡെൻഡ്രോൺ ഇൻഫോർച്ചുനേറ്റം എന്നാണ് ഒരുവേരന്റെ ശാസ്ത്രനാമം. നമുക്കറിയാവുന്ന കൃഷ്ണകിരീടവും ഈ ജനുസ്സിൽപെട്ട ചെടിയാണ്. ലാമിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ് ഒരുവേരൻ.
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇന്ത്യ, മ്യാൻമർ, പാകിസ്ഥാൻ, തായ്‌ലൻഡ്, ശ്രീലങ്ക, എന്നിവിടങ്ങളിലാണ് ജനനം. കുറ്റിച്ചെടിയായും ചെറു മരമായും വളരും ഇവ. വലിയ ഇലകളാണ്. വെളുത്ത നിറത്തിലുള്ള പൂക്കൾ. പഴുക്കുമ്പോൾ കരിനീല നിറമാണ് പഴങ്ങൾക്ക്. ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിലാണ് പൂക്കാലം.
ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും ഒത്തിരി പ്രാധാന്യമുണ്ട് ഒരുവേരന് . തലവേദന,ത്വക്ക് രോഗങ്ങൾ, കരൾ രോഗങ്ങൾ, എന്നിവയ്ക്കൊക്കെ മരുന്നായി ഉപയോഗിക്കാറുണ്ട്. ഇലകൾക്കും വേരുകൾക്കുമാണ് കൂടുതൽ ഔഷധ ഗുണങ്ങളുള്ളത്.
ഒരുവേരനിലുള്ള കെമിക്കലുകളെ കുറിച്ച് ഒത്തിരി പഠനങ്ങൾ നടന്നിട്ടുണ്ട്. ക്ലിറോഡലോൺ, ക്ലിറോഡോൺ, ക്ലിറോഡോൾ, ക്ലിറോഡോൾ, ക്ലിറോസ്റ്റിറോൾ, എന്നിങ്ങനെ ഒത്തിരി ക്രിസ്റ്റലൈൻ സംയുക്തങ്ങൾ ഇവയിലുണ്ട്. അതുപോലെതന്നെ റാഫിനോസ്, മാൾട്ടോസ്, ഫ്രക്ടോസ്, ലാക്ടോസ്, എന്നീ ഷുഗർ സംയുക്തങ്ങളും ഇവയിൽ കണ്ടെത്തിയിട്ടുണ്ട്. ഇലകളിൽ പ്രധാനമായുമുള്ളത് സാപ്പോണിൻ എന്ന ഘടകമാണ്.
Discussion about this post