പുല്ലരി, ലിറ്റിൽ മില്ലറ്റ്, എന്നൊക്കെ അറിയപ്പെടുന്ന ചാമ ചെറുധാന്യങ്ങളിൽ ഒന്നാണ്. പോയെസിയെ സസ്യകുടുംബത്തിലെ അംഗമായ ചാമയുടെ ശാസ്ത്രനാമം പാനികം സുമാത്രൻസ് എന്നാണ്. പുൽച്ചെടികളിൽ ഒന്നാണ് ചാമ.
“ഗതികെട്ടാൽ ചാമയും തിന്നും” എന്നൊരു ചൊല്ലുണ്ട്. ഒരുകാലത്ത് പാവപ്പെട്ടവരുടെ ഭക്ഷണമായിരുന്നു ചാമക്കഞ്ഞി. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ചാമയുടെ ഗുണങ്ങൾ മനസ്സിലായി തുടങ്ങിയപ്പോൾ സൂപ്പർസ്റ്റാർ പദവിയാണ് ഇന്നവയ്‌ക്ക്.
ബ്ലഡ് പ്രഷർ, പ്രമേഹം, തുടങ്ങിയ അസുഖമുള്ളവർക്ക് ഒരു ആശ്വാസമാണ് ചാമ. നല്ലൊരു ദാഹശമനി കൂടിയാണിവ. വേനൽക്കാലത്തെ ഉത്തമ ഭക്ഷണവുമാണ്. ചോറ്, ഉപ്പുമാവ്, കഞ്ഞി, പുട്ട്, പായസം, എന്നീ വിഭവങ്ങളൊക്കെ ചാമയരി ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. വളർത്തു പക്ഷികൾക്ക് ആഹാരമായും ചാമ ഉപയോഗിക്കുന്നു.
കാലവർഷത്തിന്റെ തുടക്കത്തിലാണ് ചാമ വിതയ്ക്കുക. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ഇടവിളയായിട്ടാണ് ഇവ കൃഷി ചെയ്യുന്നത്. വളപ്രയോഗം അധികം വേണ്ടാത്ത ഇവ രണ്ടുമാസംകൊണ്ട് കൊയ്തെടുക്കാം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലെങ്കിലും ചാണകവും വെണ്ണീറും വളമായി ഉപയോഗിക്കാവുന്നതാണ്.
Discussion about this post