നിലംപറ്റി വളരുന്ന ചെറിയൊരു ചെടിയാണ് ചിത്തിരപ്പാല. ആസ്ത്മച്ചെടി എന്നും പേരുണ്ട്. യൂഫോർബിയ ഹിർട്ട എന്നാണ് ശാസ്ത്രനാമം. യൂഫോർബിയേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഇവയെ കാണാം. അമേരിക്കയാണ് ജന്മദേശം. മുറ്റത്തും റോഡരികിലും തുറസ്സായ സ്ഥലത്തുമെല്ലാം പെട്ടെന്ന് വളരും ഇവ. ആട്ടുമുട്ടപ്പാല, മുറികൂട്ടിപ്പാലാ, വാൽകീര, പാലൂറിപ്പച്ച, പാൽപെരുക്കി, എന്നീ പേരുകളിലും അറിയപ്പെടുന്നു.
തണ്ടു മുഴുവൻ നാരുകളുള്ള ഇവ 60 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരും. വെളുത്ത നിറത്തിലുള്ള ലാറ്റെക്സ് (പാലുപോലുള്ള ദ്രാവകം) ഇവയുടെ പ്രത്യേകതയാണ്. വർഷം മുഴുവൻ പൂക്കളുണ്ടാകും ചിത്തിരപ്പാലയിൽ. വളരെ ചെറിയ വിത്തുകളാണ്. ചുവപ്പ് കലർന്ന തവിട്ടു നിറമാണ് വിത്തുകൾക്ക്. തണ്ടിന്റെ നിറത്തിനനുസരിച്ച് രണ്ടിനം ചിത്തിരപ്പാലയുണ്ട്. പച്ച നിറമുള്ളതും തവിട്ട് നിറമുള്ളതും.
ഒത്തിരി ഔഷധഗുണങ്ങളുണ്ട് ചിത്തിരപ്പാലയ്ക്ക്. ആയുർവേദത്തിലും സിദ്ധവൈദ്യത്തിലും ഇവ ഉപയോഗിക്കുന്നു. ഇലക്കറിയായും ചിത്തിരപ്പാല ഉപയോഗിക്കാവുന്നതാണ്. ആൽക്കലോയ്ഡ്, ടെർപ്പിനോയിഡ്, സ്റ്റിറോയ്ഡ്, ഫിനോൾ, ഫ്ളേവനോയ്ഡ്, എന്നിങ്ങനെ ഒത്തിരി ഫൈറ്റോ കെമിക്കലുകളും ഇവയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്.
Discussion about this post