സക്കുലന്റ് വിഭാഗത്തിൽപെട്ട മനോഹരമായ പൂച്ചെടിയാണ് ക്രിസ്മസ് കാക്റ്റസ്. ഹോളിഡേ കാക്റ്റസ്, സൈഗോ കാക്റ്റസ്, എന്നും പേരുകളുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളുടെ സ്വന്തമായിരുന്ന ഇവയിന്ന് പൂന്തോട്ടങ്ങളുടെ മാറ്റുകൂട്ടുന്ന സുന്ദരിച്ചെടിയാണ്. താഴേക്ക് തൂങ്ങി നിൽക്കുന്ന ഇവയുടെ പൂക്കൾക്ക് ഏഴഴകാണ്.
പേരുപോലെതന്നെ ക്രിസ്മസിനാണ് ഇവ പൂവിടുന്നത്. നന്നായി പരിപാലിച്ചാൽ ഈസ്റ്റർ സമയങ്ങളിലും ഇവ പൂവിടുന്നതായി കാണാം. ഹാങ്ങിങ് പ്ലാന്റായും വളർത്താം ഇവയെ. പല നിറത്തിലുള്ള ക്രിസ്മസ് കാക്റ്റസ് ലഭ്യമാണ്. ചുവപ്പ്, പിങ്ക്, മഞ്ഞ, വെള്ള, എന്നീ നിറങ്ങളൊക്കെ പൂക്കളിൽ കാണാം.
മണ്ണും കൊക്കോ പീറ്റും പെർലൈറ്റും ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാവുന്നതാണ്. പെർലൈറ്റ് ലഭ്യമല്ലായെങ്കിൽ ഉമിയോ മണലോ പകരമായി ഉപയോഗിക്കാം. നടീലിനുള്ള തൈകൾ നഴ്സറികളിൽ നിന്ന് വാങ്ങാവുന്നതാണ്. പേര് “കാക്റ്റസ്” എന്നാണെങ്കിലും വരണ്ട മണ്ണ് ഇവയ്ക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ മണ്ണിന്റെ നനവ് നോക്കി വെള്ളം കൊടുക്കണം ഇവയ്ക്ക്.
നല്ലതുപോലെ സൂര്യപ്രകാശം വേണ്ട ചെടിയാണ് ക്രിസ്മസ് കാക്റ്റസ്. എന്നാൽ നേരിട്ടുള്ള സൂര്യപ്രകാശം പാടില്ലതാനും. അതുകൊണ്ടുതന്നെ വടക്ക്-കിഴക്ക് ദിശകളിൽ വയ്ക്കുന്നതാണ് കൃത്യമായ സൂര്യപ്രകാശം ലഭിക്കുവാൻ അനുയോജ്യം. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വളപ്രയോഗം ചെയ്യേണ്ടതുണ്ട്.
ഒക്ടോബർ മാസത്തിലെ പരിപാലനം ക്രിസ്മസ് കാക്റ്റസിനെ സംബന്ധിച്ചിടത്തോളം ഒത്തിരി പ്രാധാന്യമുണ്ട്. ഒക്ടോബർ മാസത്തിൽ ഇവയ്ക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. മുകളിൽ നിന്ന് ഒരിഞ്ചിനു താഴെയുള്ള മണ്ണ് വരണ്ടതാണെങ്കിൽ മാത്രം വെള്ളം ചെറുതായി സ്പ്രേ ചെയ്താൽ മതിയാകും. രണ്ടാഴ്ചയോളം വരെ വാടാതെ നിൽക്കുന്നവയാണ് ഇവയുടെ പൂക്കൾ.
Discussion about this post