rootകൂവ എന്ന് പറഞ്ഞാല്‍ പോരേ എന്ന് ചിലര്‍ ചിന്തിച്ചേക്കാം. പോരാ.. കാരണം കൂവ പലതരമുണ്ട്. നാടന്‍ കൂവ എന്ന് പറഞ്ഞാല്‍ അത് Curcuma angustifolia. ഇലകള്‍ക്ക് മഞ്ഞള്‍ ചെടിയുമായി സാമ്യം. ഭാഗികമായി തണലുള്ള ഇടങ്ങളില്‍ തനിയെ മുളച്ചു വളരുന്ന ഇനം. ഇവയില്‍ സ്റ്റാര്‍ച്ചിന്റെ അംശം കുറവാണ്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല.
അടുത്തവന്‍ മധുരക്കൂവ അഥവാ Queensland arrowroot.Canna edulis എന്ന് ശാസ്ത്രീയ നാമം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ജനനം.25% സ്റ്റാര്‍ച്ച് ഉണ്ട്. വേവിച്ചു കഴിക്കാം. ഒരുപാട് മുറ്റിപ്പോകുന്നതിന് മുന്‍പ് വിളവെടുത്തേക്കണം. നല്ലൊരു കാലിത്തീറ്റ ആണ്. പര്‍പ്പിള്‍ നിറത്തിലുള്ള തണ്ടുകള്‍ ആണ്. ഒരു മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ പൊക്കത്തില്‍ വളരും. സ്റ്റാര്‍ച്ച് തരികള്‍ വലുതായതിനാല്‍ വെള്ളക്കൂവയുടെയത്ര ഗുണം പോരാ.
വെള്ളക്കൂവയോളം പോന്ന ഭക്ഷണം വേറെ ഉണ്ടോ എന്ന് സംശയം. ജൈവ കൃഷിയ്ക്കു വളരെ അനുയോജ്യന്‍. കീട രോഗ പ്രശ്‌നങ്ങള്‍ ഇല്ലേയില്ല. ഇനി വാണിജ്യടിസ്ഥാനത്തില്‍ ചെയ്തു വരുമ്പോള്‍ ഏതേലും ഫംഗസ്സും തണ്ട് തുരപ്പനുമൊക്കെ എഴുന്നെള്ളി വരും. ഇയാളെ ശീമക്കൂവ എന്നും West Indian Arrowroot എന്നുമൊക്കെ വിളിക്കും. നമ്മുടെ കാലാവസ്ഥയില്‍ സ്വസ്ഥമായി വളര്‍ന്ന് നല്ല വിളവ് തരും.
വെള്ള നിറത്തിലുള്ള നീണ്ട വലിയ കിഴങ്ങുകള്‍. കിഴങ്ങുകളുടെ അഗ്രഭാഗം അമ്പിനെ പോലെ കൂര്‍ത്തിരിക്കും. അതുകൊണ്ടാവും arrow root എന്ന പേര്. കരീബിയന്‍ ദീപുകളിലെ ആദിമ നിവാസികള്‍ വിഷബാണങ്ങള്‍ ഏറ്റ മുറിവുകള്‍ ചികില്‍സിക്കാന്‍ ഇതുപയോഗിച്ചിരുന്നുവത്രെ. പേര് അതുകൊണ്ടുമാകാം. എന്തായാലും പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഏതാണ്ട് ഏഴായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പോലും കൂവ ഒരു ഭക്ഷണമായി ഉപയോഗിച്ചിരുന്നു എന്നാണ്.
ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന അന്നജ തരികള്‍. ദഹന നാരുകളുടെ മേളപ്പെരുക്കം. വയറിളക്കം, ദഹനക്കേട്, മൂത്രാശയ അണുബാധ, പൊണ്ണത്തടി കുറയ്ക്കാന്‍, ശരീരത്തെ തണുപ്പിക്കാന്‍, ഒക്കെ ബഹുകേമം. ബിസ്‌ക്കറ്റ് വ്യവസായത്തിലെ പ്രധാന ചേരുവ.ആരോറൂട്ട് ബിസ്‌ക്കറ്റ് കഴിക്കാത്തവരില്ലല്ലോ. കൂവപ്പായസം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വയറിനു പെരുത്ത് സുഖം. കരുപ്പട്ടിയും പാലും ചേര്‍ത്ത് നീട്ടി കുറുക്കിയും കഴിക്കാം. വയറിനു ഇതുപോലെ സൗഖ്യം നല്‍കുന്ന മറ്റൊരു കിഴങ്ങ് ഇല്ലെന്നു തന്നെ പറയാം.
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യം. വെയിലിലും തണലിലും വളരും. തനിവിളയായും ഇടവിളയായും ചെയ്യാം. മെയ് അവസാനമോ ജൂണ്‍ ആദ്യമൊ നടാം. ഇഞ്ചി, മഞ്ഞള്‍ ഒക്കെ ചെയ്യുന്നത് പോലെ മണ്ണ് കിളച്ചു പൊടിയാക്കി പണകോരി ചെയ്താല്‍ കൂടുതല്‍ വിളവ് ലഭിക്കും. വിളവെടുക്കുന്ന സമയത്ത് അതേ തടങ്ങളില്‍, കിഴങ്ങെടുത്തതിന് ശേഷമുള്ള ചെടിയുടെ ഭാഗങ്ങള്‍ നിക്ഷേപിച്ചു മണ്ണിട്ടു മൂടിയാല്‍, മഴ വരുമ്പോള്‍ മുളച്ചു പോന്നോളും. വെറുതെ എടുത്തെറിഞ്ഞാല്‍ അവിടെക്കിടന്ന് മുളച്ചു വരും.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിവകുപ്പ്
Discussion about this post