പടർന്നുകയറി വളരുന്ന ചെടിയാണ് മുത്തപ്പൻതാടി. ഇന്ത്യ, ചൈന, മലേഷ്യ, ശ്രീലങ്ക, എന്നിവിടങ്ങളിലാണ് ജനനം. അപ്പോസയനേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. പെരുംകുറുമ്പ എന്നും വിളിക്കും ഇവയെ.
നിത്യഹരിത സസ്യമാണ് മുത്തപ്പൻതാടി. മുപ്പത് മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരും ഇവ. തിളങ്ങുന്ന വലിയ ഇലകൾ. സുഗന്ധമുള്ള വെളുത്ത പൂക്കൾ. പമ്പരം പോലെ തോന്നും പൂക്കൾ കണ്ടാൽ. മെയ്-ജൂലൈ മാസങ്ങളിലാണ് പൂക്കാലം. അപ്പോസയനേസിയെ അംഗമായതുകൊണ്ടുതന്നെ ഇലയോ തണ്ടോ ഓടിച്ചാൽ പാലുപോലുള്ള ദ്രാവകം പുറത്തു വരും.
നിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലും വളരുവാനാണ് മുത്തപ്പൻതാടിയ്ക്ക് ഇഷ്ടം. എന്നാൽ ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയും അലങ്കാരസസ്യമായി ഉപയോഗിക്കുന്നതുകൊണ്ടും വൻതോതിൽ കൃഷിചെയ്യുന്നുണ്ട് ഇവയെ.
ഗാർഡനുകളിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം മുത്തപ്പൻ താടി. അമ്ലഗുണമുള്ള നീർവാർച്ചയുള്ള മണ്ണായിരിക്കണം. സൂര്യപ്രകാശം കുറഞ്ഞ സ്ഥലത്തും വളരുമെങ്കിലും നല്ല സൂര്യപ്രകാശം ലഭിച്ചാൽ പൂക്കളുടെ എണ്ണവും കൂടും. വിത്തുകളും തണ്ടും നടീലിനായി ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്ക് കമ്പു കൂടിയാൽ ഒത്തിരി ഉയരത്തിൽ പടർന്നു പിടിക്കുന്നത് തടയാം.
Discussion about this post