തെങ്ങിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ആണ് ചെല്ലികള്‍. കൊമ്പന്‍ ചെല്ലി ,ചെമ്പന്‍ ചെല്ലി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചെല്ലികള്‍ ആണ് നമ്മുടെ തെങ്ങുകള്‍ മുഴുവന്‍ നശിപ്പിക്കുന്നത്. അതില്‍ കൂടുതല്‍ അപകടകാരി ചെമ്പന്‍ ചെല്ലികള്‍ ആണെങ്കിലും അവയ്ക്ക് തെങ്ങിനെ നേരിട്ട് ആക്രമിക്കാനുള്ള കഴിവില്ല. കൊമ്പന്‍ ചെല്ലികള്‍ ആണ് തെങ്ങിനെ നേരിട്ട് ആക്രമിക്കുന്നവ. അവയുടെ ശരീരപ്രകൃതി ആ രീതിയില്‍ ഉള്ളതാണ്. കൊമ്പന്‍ ചെല്ലിയുടെ ആക്രമണം മൂലം ഉണ്ടായ പരിക്കുകള്‍, തെങ്ങിന് മറ്റേതെങ്കിലും രീതിയില്‍ ഉണ്ടായ പരിക്കുകള്‍ ഇതിലൂടെയാണ് ചെമ്പന്‍ ചെല്ലികള്‍ തെങ്ങില്‍ പ്രവേശിക്കുന്നത്. അതുകൊണ്ട് കൊമ്പന്‍ ചെല്ലികളുടെ ആക്രമണത്തില്‍ നിന്നും തെങ്ങിനെ രക്ഷിച്ചാല്‍ തന്നെ ചെമ്പന്‍ ചെല്ലിയുടെ ആക്രമണം മറ്റ് കൂമ്പ് ചീയല്‍ പോലുള്ള രോഗങ്ങള്‍ എന്നിവയില്‍ നിന്നും തെങ്ങിനെ ഒരു പരിധിവരെ രക്ഷിച്ച് എടുക്കുവാന്‍ സാധിക്കും. കര്‍ഷകര്‍ തന്നെ സ്വയം പരീക്ഷിച്ച് വിജയിച്ച ചെല്ലികെണികള്‍ ഉണ്ട്. അതൊക്കെ നിത്യവും എന്ന രീതിയില്‍ പ്രയോഗിച്ചാല്‍ മാത്രമേ ചെല്ലികളില്‍ നിന്നും തെങ്ങിനെ രക്ഷപെടുത്തി എടുക്കുവാന്‍ സാധിക്കൂ.
ആനയുടെ കാര്യം പറഞ്ഞതുപോലെയാണ് കൊമ്പന്‍ ചെല്ലിയുടെ കാര്യവും. ആണ്‍ ചെല്ലികള്‍ക്ക് കൊമ്പ് ഉണ്ട്. ഇവയുടെ കൊമ്പുകള്‍ കൊണ്ടാണ് തെങ്ങിനെ ആക്രമിച്ച് നശിപ്പിക്കുന്നത്. പെണ്‍ കൊമ്പന്‍ ചെല്ലിയ്ക്ക് പിടിയനായപോലെ കൊമ്പില്ല. ഇവയ്ക്ക് ആണ്‍ ചെല്ലികളെ പോലെ കൊമ്പ് ഇല്ലാത്തതിനാല്‍ തെങ്ങിനെ എങ്ങിനെ ആക്രമിക്കുന്നു എന്ന സംശയം ഇപ്പോഴും ബാക്കി.
കൊമ്പന്‍ ചെല്ലിയെ കുടുക്കുന്നതിനുള്ള ഫിറമോണ്‍ കെണിയിലും ആണ്‍ കൊമ്പന്‍ ചെല്ലികളെയാണ് ആകര്‍ഷിക്കുന്നത്. അതായത് പെണ്‍ ചെല്ലിയുടെ ഗന്ധം കൃത്രമമായി ഉണ്ടാക്കി അവിടേക്ക് ആണ്‍ ചെല്ലികളെ ആകര്‍ഷിക്കുന്നു. അതില്‍ അകപ്പെട്ട് നശിക്കുന്നതും ആണ്‍ ചെല്ലികള്‍ ആണ്. മേല്പറഞ്ഞത് പോലെ ആണ്‍ കൊമ്പന്‍ ചെല്ലികള്‍ നശിച്ചാല്‍ രണ്ട് ഗുണം ഉണ്ട്. ഒന്ന് – പിന്നീട് കൊമ്പന്‍ ചെല്ലിയുടെ പ്രത്യുല്പാദനം ഉണ്ടാകില്ല. രണ്ട് – പെണ്‍ കൊമ്പന്‍ ചെല്ലികള്‍ക്ക് തെങ്ങിനെ നേരിട്ട് ആക്രമിക്കുവാന്‍ ശേഷി ഇല്ലാത്തതിനാല്‍ തെങ്ങിനെ ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ കഴിയും.
പെണ്‍ കൊമ്പന്‍ ചെല്ലികള്‍ക്ക് തെങ്ങിനെ നേരിട്ട് ആക്രമിക്കാനുള്ള കഴിവ് ഉണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ് എന്നത് വേറെ കാര്യം. എന്തായിരുന്നാലും ഇവയെ കൂടുതല്‍ മനസ്സിലാക്കുകയും അതിലൂടെ ഇവയെ നശിപ്പിക്കാനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുന്നതിലൂടെ തെങ്ങിന്റെ ഏറ്റവും അപകടകാരിയായ ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നതിലൂടെ നമ്മുടെ തെങ്ങുകളെയും രക്ഷിച്ച് എടുക്കുവാന്‍ കഴിയും എന്ന് പ്രത്യാശിക്കാം. അങ്ങിനെയെങ്കില്‍ ആണ്‍ ചെല്ലികളെ ആകര്‍ഷിക്കുന്ന ഫിറമോണ്‍ കെണികള്‍ കൂടുതല്‍ ഗുണം ചെയ്യും. ഒരു ദോഷം ഉള്ളത് ഇത് വയ്ക്കുമ്പോള്‍ ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ കൂടുതല്‍ കെണികള്‍ സ്ഥാപിക്കേണ്ടി വരും. കാരണം ഇതില്‍ ആകൃഷ്ടരായി എത്തുന്ന ചെല്ലികള്‍ ഏതെങ്കിലും കാരണത്താല്‍ കെണിയില്‍ അകപ്പെട്ടില്ലയെങ്കില്‍ അവ അടുത്തുള്ള തെങ്ങില്‍ എത്തപ്പെടും. അത് അപകടമാണ്.
നാടന്‍ രീതിയില്‍ ചെല്ലികളെ കെണിയില്‍ പെടുത്തി നശിപ്പിക്കുന്ന രീതികളും ഉണ്ട്. ചാണകവും ,ശര്‍ക്കരയും ,കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച് കുഴമ്പ് രൂപത്തില്‍ ബക്കറ്റിലാക്കി തോട്ടങ്ങളില്‍ വയ്ക്കുന്നത്, കള്ളില്‍ കീടനാശിനി കലര്‍ത്തി വയ്ക്കുന്നത് ,പൈനാപ്പിള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ട് കൃത്രിമമായി കള്ള് ഉണ്ടാക്കി അതില്‍ കീടനാശിനി കലര്‍ത്തി വയ്ക്കുന്ന രീതികള്‍ ഇതെല്ലാം ചെല്ലികളെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്. ചെല്ലികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വസ്തുവാണ് കള്ള്. കള്ളില്‍ കെണി ഒരുക്കുന്നത് ചെല്ലികളെ നശിപ്പിക്കുവാന്‍ ഉള്ള ഒരു എളുപ്പവഴിയാണ്. എന്നാല്‍ ഈ കെണിയില്‍ കരിവണ്ട് ,തേനീച്ച പോലുള്ള മിത്രകീടങ്ങളും അകപ്പെടുവാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കണം. നമുക്ക് നശിപ്പിക്കേണ്ടത് ശത്രു കീടങ്ങളെയാണ്. മിത്രകീടങ്ങളെയല്ല.
പണ്ട് തെങ്ങ് കള്ള് ചെത്തുവാനായി കൊടുക്കുമ്പോള്‍ തെങ്ങിന്റെ മണ്ടയിലും മികവിളിലും ഒന്നും കള്ള് വീഴരുത് എന്ന് നിര്‍ദേശിക്കുമായിരുന്നു. തെങ്ങിന്റെ ഭാഗങ്ങളില്‍ കള്ള് വീണാല്‍ തെങ്ങ് നശിക്കും എന്നാണ് കാരണം പറഞ്ഞിരുന്നത്. അതിന്റെ യഥാര്‍ത്ഥ കാരണം കള്ള് വീണാല്‍ തെങ്ങ് നശിക്കും എന്നതല്ല. കള്ളിന്റെ ഗന്ധത്താല്‍ ചെല്ലികള്‍ തെങ്ങില്‍ എത്തും. അവയുടെ ആക്രമണത്താല്‍ തെങ്ങുകള്‍ നശിക്കും. അപ്പോള്‍ ചെല്ലികള്‍ക്ക് ഇഷ്ടമുള്ള ഒരു വസ്തുവാണ് കള്ള് എന്ന് പറയേണ്ടതില്ലല്ലോ. കര്‍ഷകര്‍ക്ക് ഉചിതമായ രീതിയില്‍ മറ്റ് ജീവികള്‍ക്ക് ദോഷമില്ലാത്ത രീതിയില്‍ കള്ളില്‍ കെണി ഒരുക്കി ചെല്ലികളെ നശിപ്പിക്കാം. കൊമ്പന്‍ ചെല്ലികളേക്കാള്‍ ചെമ്പന്‍ ചെല്ലികള്‍ക്കാണ് കള്ള് കൂടുതല്‍ പ്രിയം.
പാറ്റാഗുളിക + സോപ്പ് പൊടി മിശ്രിതം തെങ്ങില്‍ സ്പ്രെയ് ചെയ്യുന്നത് വഴി തെങ്ങുകളെ ചെല്ലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാം.
ചെറിയ തെങ്ങുകളില്‍ വലകള്‍ ചുറ്റിയും കൊമ്പന്‍ ചെല്ലികളെ അതില്‍ കുടുക്കാറുണ്ട്. വലിയ തെങ്ങുകള്‍ക്ക് അത് പ്രായോഗികമല്ല.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post