ചെല്ലിയും ചാണക കുഴിയും- തെങ്ങ് കൃഷിയില്‍ വളരെയേറെ പരിചിതമായ രണ്ട് കാര്യങ്ങള്‍ ആണ് ഇവ. ഒന്ന് ശത്രു ആണെങ്കില്‍ രണ്ടാമത്തേത് മിത്രമാണ്. എന്നാല്‍ കര്‍ഷകന്റെ ശത്രുവും മിത്രവും കൂടി കൂട്ട് കൂടിയാല്‍ കര്‍ഷകന് അത് വലിയ ശത്രുവായി മാറും. ഇതാണ് ഇക്കാര്യത്തില്‍ സംഭവിക്കുന്നതും. തെങ്ങിന്റെ ഏറ്റവും വലിയ ശത്രുക്കളായ ചെല്ലികളില്‍ നിന്നും എങ്ങിനെ തെങ്ങിനെ രക്ഷിക്കാം. പ്രത്യേകിച്ച് തെങ്ങിനെ നേരിട്ട് ആക്രമിക്കുന്ന കൊമ്പന്‍ ചെല്ലിയില്‍ നിന്നും.
മക്കള്‍ കുപ്പയിലും അപ്പനും അമ്മയും കൊമ്പത്തും. ഇതാണ് കൊമ്പന്‍ ചെല്ലിയുടെ ജീവിത ചക്രം. കൊമ്പന്‍ ചെല്ലികള്‍ ചാണകകുഴികള്‍ പോലുള്ള സ്ഥലങ്ങളിലും മറ്റ് വസ്തുക്കള്‍ അഴുകിയ സ്ഥലങ്ങളിലും ഒക്കെയാണ് മുട്ടയിട്ട് അവയുടെ ലാര്‍വകളെ വളരുവാന്‍ തിരഞ്ഞെടുക്കുന്നത്. മിക്കവാറും ചാണകക്കുഴിയില്‍ ഇവയുടെ പുഴുക്കളെ കാണുവാനും സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് പശുവളര്‍ത്തലും ചാണകകുഴികളും പണ്ട് ഉണ്ടായിരുന്നതിന്റെ നൂറില്‍ ഒന്ന് പോലും ഇല്ല എന്ന് കാണുവാന്‍ സാധിക്കും. പണ്ട് മിക്കവാറും വീടുകളില്‍ പശുവും തൊഴുത്തും എല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് വളരെ വിരളമാണ്. ചാണകകുഴിയുടെ എണ്ണം കുറഞ്ഞാലും കൊമ്പന്‍ ചെല്ലിയുടെ വംശവര്‍ദ്ധനയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍. അവ മുട്ടയിടുന്നതിനും ലാര്‍വകളെ വളര്‍ത്തുന്നതിനും ചാണകകുഴിയെക്കാള്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്ന് വേണം അതില്‍ നിന്നും മനസിലാക്കുവാന്‍. ഒരു പക്ഷെ അത് നമ്മുടെ തന്നെ പരിസരത്തുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ആകാം. എവിടെയായിരുന്നാലും അവയെ കണ്ടെത്തി വേണ്ടതായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
മനുഷ്യര്‍ മണ്ണില്‍ പണിയെടുക്കുവാന്‍ മടി കാണിച്ചപ്പോള്‍ ഉദയം ചെയ്ത ഒന്നാണ് ഗ്രോബാഗ് കൃഷി രീതി. ഇന്ന് മണ്ണ് ഉള്ളവരും ഗ്രോബാഗില്‍ ആണ് കൃഷി. സ്ഥലപരിമിതി ഉള്ളവര്‍ക്ക് എന്തെങ്കിലും ഒക്കെ കൃഷി ചെയ്യാം എന്ന നേട്ടവും ഉണ്ട് അതിന്. ഇപ്പോള്‍ ഏത് വീട്ടിലും ഇരുപത്തഞ്ചില്‍ കുറയാത്ത ഗ്രോബാഗുകളില്‍ കൃഷിയും കാണും. സാധാരണയായി ഒരു വര്‍ഷം ആണ് ഗ്രോബാഗില്‍ മണ്ണ് നിറച്ച് കഴിഞ്ഞാല്‍ കൃഷികള്‍ക്കായി ഉപയോഗിക്കുന്നത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ അതിലെ മണ്ണ് മാറ്റി പുതിയത് നിറയ്ക്കുകയോ അല്ലെങ്കില്‍ അതിലെ മണ്ണ് പുറത്തെടുത്ത് മറ്റ് വളങ്ങള്‍ ചേര്‍ത്ത് വീണ്ടും നിറയ്ക്കുകയോ ചെയ്യണം. എങ്ങിനെയായിരുന്നാലും ഗ്രോബാഗിലെ മണ്ണ് കുടഞ്ഞിടുമ്പോള്‍ എല്ലാവരും കാണുന്ന കാഴ്ചയാണ് പണ്ട് ചാണകകുഴിയില്‍ ഉണ്ടായിരുന്നത് പോലെ നിരവധി കൊമ്പന്‍ ചെല്ലിയുടെ പുഴുക്കള്‍ അതില്‍ സുഗമമായി വളരുന്നത്. ഒരു കൊമ്പന്‍ ചെല്ലിയുടെ ആയുസ്സ് ആറ് മാസം ആയാണ് കണക്ക് കൂട്ടുന്നത്. അപ്പോള്‍ അതിന്റെ ലാര്‍വകള്‍ ഉണ്ടായി ചെല്ലികള്‍ ആയിമാറുവാന്‍ ഒരു മാസം പോലും വേണ്ടി വരില്ല. അപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ഗ്രോബാഗില്‍ നിന്നും എത്രമാത്രം കൊമ്പന്‍ചെല്ലിയുടെ ലാര്‍വകള്‍ വളര്‍ന്ന് വളര്‍ച്ചയെത്തിയ ചെല്ലികള്‍ ആയി മാറിയിട്ടുണ്ടാകും. അപ്പോള്‍ കൊമ്പന്‍ ചെല്ലികളെ ഗ്രോബാഗില്‍ നമ്മള്‍ തന്നെ നമ്മുടെ വീട്ടില്‍ വളര്‍ത്തുകയാണോ. കോഴിക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുവാന്‍ സൗകര്യം ഒരുക്കുന്നത് പോലെ ഗ്രോബാഗുകള്‍ അവയുടെ വംശാവര്‍ദ്ധനയ്ക്ക് സുരക്ഷിതമായ താവളങ്ങള്‍ ആകുകയാണോ. കഴിഞ്ഞ ദിവസം ഒരാള്‍ ഗ്രോബാഗില്‍ നിരവധി കൊമ്പന്‍ ചെല്ലിയുടെ പുഴുക്കളെ കണ്ടപ്പോള്‍ അവ കോഴിക്ക് നല്ലൊരു തീറ്റയാണ് ഇവ. അതുകൊണ്ട് കൂടുതല്‍ കൊമ്പന്‍ ചെല്ലിയുടെ പുഴുക്കളെ ഗ്രോബാഗില്‍ വിരിയിച്ച് കോഴിക്ക് തീറ്റയായി ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നു എന്ന് കണ്ടു. ഇതുപോലുള്ളവരോട് എന്താണ് പറയുക. എലിയെ പിടിക്കുവാന്‍ ഇല്ലം ചുട്ടു എന്നൊക്കെ കേട്ടിട്ടേയുള്ളു. ഇതുപോലുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അത് യാഥാര്‍ഥ്യത്തില്‍ എത്തിക്കുക തന്നെ ചെയ്യും.
ഗ്രോബാഗ് കൃഷിയില്‍ കൊമ്പന്‍ ചെല്ലികളുടെ ലാര്‍വകള്‍ വളരാതിരിക്കുവാന്‍ എന്താണ് മാര്‍ഗ്ഗം. ഇത്തിരി പോന്ന മണ്ണില്‍ കീടനാശിനി പ്രയോഗം സാധ്യവുമല്ല. ജൈവകീടനാശിനി ഏതെങ്കിലും ഉണ്ടെങ്കില്‍ പരീക്ഷിക്കാം. ഇനി മറ്റൊന്ന് ആളുകള്‍ ചെയ്ത് കാണുന്നത് ഗ്രോബാഗില്‍ വേപ്പിന്‍ പിണ്ണാക്ക് നിക്ഷേപിക്കുക എന്നതാണ്. അത് എത്രമാത്രം ഗുണകരം ആണ് എന്നത് അനുഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടി വരും. എങ്ങിനെയായിരുന്നാലും നമ്മള്‍ അറിഞ്ഞുകൊണ്ട് തെങ്ങിന്റെ പ്രധാന ശത്രുവായ കൊമ്പന്‍ ചെല്ലിയുടെ വംശവര്‍ദ്ധനവിന് വഴിയൊരുക്കരുത്. അതോടൊപ്പം ഫിറമോണ്‍ കെണികള്‍ പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇവയെ ഒരു പരിധിവരെ നശിപ്പിക്കാം. അത് ചെയ്യുമ്പോള്‍ ഒരു പ്രദേശത്തുള്ള ആളുകള്‍ ഒരുമിച്ച് ഇതിനായി ഇറങ്ങുകയും വേണം. കൊമ്പന്‍ ചെല്ലിയുടെ ആക്രമണത്തില്‍ നിന്നും തെങ്ങിനെ രക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ എണ്‍പത് ശതമാനം തെങ്ങുകളും രക്ഷപെട്ട് കിട്ടും. നമ്മുടെ തന്നെ പരിസരത്തുള്ള ഗ്രോബാഗിലും ,കമ്പോസ്റ്റ് കുഴിയിലും ,ചാണക കുഴിയിലും,മറ്റ് മാലിന്യകൂമ്പാരങ്ങളിലും ഒക്കെ ഇവയുടെ ലാര്‍വകള്‍ വളരുന്നില്ല എന്ന് ഉറപ്പ് വരുത്തുക. കപ്പയുടെ ഏറ്റവും വലിയ ശത്രു എലി ആണ്. എലിയും ,കപ്പയും കൂടി ഒരുമിച്ച് വളരില്ല. കപ്പ നശിപ്പിക്കുന്ന എലിയെ പിടിക്കുവാന്‍ കര്‍ഷകര്‍ പലവിധങ്ങളായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. അത് തന്നെയാണ് തെങ്ങിന്റെ ശത്രുവായ കൊമ്പന്‍ ചെല്ലിയുടെ കാര്യത്തിലും വേണ്ടത്. തെങ്ങും ,ചെല്ലിയും ഒരുമിച്ച് വളരുമെന്ന് തോന്നുന്നില്ല. ചെല്ലി നശിച്ചാല്‍ തെങ്ങ് വളരും. തെങ്ങ് നശിച്ചാല്‍ ചെല്ലി വളരും. ഏത് വേണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുക.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post