എല്ലാ വര്‍ഷവും ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നു. മണ്ണിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മണ്ണിന്റെ മോശം അവസ്ഥ ശോഷണത്തിലേക്ക് നയിക്കുകയും ഇത് ആഗോളതലത്തില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ‘മണ്ണ് ദിനം’ പ്രസക്തമാകുന്നത്.2002 മുതലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആഘോഷിച്ചുവരുന്നത്.
ജൈവവൈവിധ്യത്തിന്റെ ഉറവിടമാണ് മണ്ണ്. മണ്ണിന്റെ മൂല്യം ഏറ്റവുമധികം അറിയുന്നത് കര്‍ഷകര്‍ക്കാണ്. കണ്ണുകൊണ്ട് കാണാന്‍ കഴിയില്ലെങ്കിലും കാല്‍ച്ചുവട്ടിലെ മണ്ണില്‍ സഹായികളായി ഒരുപാട് പേരുണ്ടെന്ന് അവര്‍ക്കറിയാം. അത്തരം സൂക്ഷ്മജീവികള്‍ സസ്യങ്ങള്‍ക്ക് കരുത്തും ആരോഗ്യവും പോഷകങ്ങളും നല്‍കി സഹായിക്കുന്നുണ്ട്. പകരം സസ്യങ്ങള്‍ അവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുന്നു. മാലിന്യങ്ങളെല്ലാം വേര്‍തിരിച്ച് ജീവജാലങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും മണ്ണ് തന്നെ. മനുഷ്യന്‍ ഉള്‍പ്പെടുന്ന സകല ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നത് മണ്ണാണ്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണക്കാരന്‍ മണ്ണ് തന്നെ.
മണ്ണിലെ ഈ അനന്തമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റേയും കര്‍ത്തവ്യമാണ്. മലിനീകരണവും രാസവളങ്ങളുടെ അളവില്‍ കൂടുതലുള്ള പ്രയോഗവും കാലക്രമേണ മണ്ണിന്റെ ജീവന്‍ നശിപ്പിക്കുമെന്നതില്‍ സംശയമില്ല. ഓരോ പ്രളയത്തിലും നമുക്ക് നഷ്ടമാകുന്നത് വിലപിടിപ്പുള്ള മേല്‍മണ്ണാണ്. വനനശീകരണം മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുന്നു.
ജൈവവൈവിധ്യങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം, കൃത്യമായ മാലിന്യ സംസ്‌കരണം, സുസ്ഥിരവികസനം, മണ്ണില്‍ അലിഞ്ഞു ചേരാത്ത വസ്തുക്കളുടെ പുനരുപയോഗം എന്നിവ വഴി മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും സാധിക്കും.
Discussion about this post