നിലം പറ്റി വളരുന്ന, ഒത്തിരി ഔഷധ ഗുണങ്ങളുള്ള ചെടിയാണ് തേൾക്കട. നാപ്പച്ച, വേനപ്പച്ച, എന്നൊക്കെ പേരുകളുണ്ട് ഇവയ്ക്ക്. ബൊറാജിനേസിയെ സസ്യകുടുംബത്തിലെ അംഗമാണ് ഇവ. ഹെലിയോട്രോപ്പിയം ഇൻഡിക്കം എന്നാണ് ശാസ്ത്രനാമം. ഏഷ്യയിലാണ് ഇവയുടെ ജനനം.
20 മുതൽ 25 സെന്റീമീറ്റർ വരെ പൊക്കം വയ്ക്കും ഇവയ്ക്ക്. രോമാവൃതമായ തണ്ടുകളാണ്. പതുപതുത്ത ഇലകൾ. ചെറിയ പൂക്കൾ. വെള്ളയും നീലയും കലർന്ന നിറമാണ് പൂക്കൾക്ക്. ഇവയുടെ പൂങ്കുലകൾക്ക് തേളിന്റെ വാലിന്റെ ആകൃതിയാണുള്ളത്. അതുകൊണ്ടാണ് തേൾക്കട എന്ന പേര്. മിക്കവാറും എല്ലായിടങ്ങളിലും ഒരു കള സസ്യമാണ് ഇവ.
ആയുർവേദത്തിൽ പല ഔഷധ കൂട്ടുകളിലും ഇവ ഉപയോഗിക്കാറുണ്ട്. തേൾക്കടയുടെ ഗുണ ദോഷങ്ങളെ കുറിച്ച് ഒത്തിരി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഇവയിലുള്ള പൈറോലിസിഡിൻ ആൽക്കലോയിഡുകൾ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങളിൽ പറയുന്നു. ഇൻഡിസിൻ, എക്കിനിറ്റിൻ, സൂപ്പിനിൻ, ഹെലിയൂറിൻ, ലൈകോസാമിൻ, ഹെലിയോട്രിൻ, എന്നീ രാസവസ്തുക്കളും ഇവയിൽനിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്.
Discussion about this post