പരാഗണം നടക്കുക എന്നത് ഏതൊരു സസ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ്. അതിനായി അവർ പല മാർഗ്ഗങ്ങളും സ്വീകരിക്കും. ചിലർ കാറ്റു വഴിയാണ് പരാഗണം നടത്തുന്നത്. ചിലർ വലിയ കടുത്ത നിറമുള്ള പൂക്കളൊക്കെയായി ജീവികളെ ആകർഷിക്കും. മറ്റു ചിലർ പരാഗണത്തിനു സഹായിക്കുന്ന ജീവികൾക്ക് സമ്മാനങ്ങളും കൊടുക്കും. സമ്മാനം എന്നു പറയുമ്പോൾ അത് ചിലപ്പോൾ തേൻ ആയിരിക്കാം… മുട്ടയിടാനുള്ള സ്ഥലമായിരിക്കാം അങ്ങനെ എന്തെങ്കിലുമൊക്കെ… എന്നാൽ മറ്റു ചിലരുണ്ട്. പറ്റിച്ച് കാര്യം നേടുന്നവർ. അങ്ങനെയൊരു കൂട്ടത്തിൽ പെടുന്നവരാണ് ഓഫ്രിസ് ഓർക്കിഡുകൾ.
ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന സൗന്ദര്യമാണ് ഓർക്കിഡ് പൂവുകൾക്ക്. ആ സൗന്ദര്യം ഉപയോഗപ്പെടുത്തിയാണ് അവർ ആൺ തേനീച്ചകളെ പറ്റിക്കുന്നത്.
എങ്ങനെ എന്നറിയേണ്ടേ?
ഒഫ്രിസ് ഓർക്കിഡുകളുടെ ഇതളുകളൊന്നിന് പെൺ തേനീച്ചയുമായി രൂപസാദൃശ്യമുണ്ട്. ഇതളുകൾ കണ്ട് പെൺ തേനീച്ചയാണെന്ന് കരുതി ഇണ ചേരുന്നതിന് ആൺ തേനീച്ച എത്തുന്നു. പാവം… പറ്റിക്കപ്പെടുന്നത് അറിയുന്നില്ല…
ഇണ ചേരുവാനുള്ള ശ്രമത്തിനിടയിൽ ഓർക്കിഡിന്റെ പൂമ്പൊടികൾ ആൺ തേനീച്ചയുടെ ശരീരത്തിൽ പറ്റിപ്പിടിക്കുന്നു. അതു വഴി പരാഗണം നടക്കുകയും ചെയ്യും. സ്യൂഡോ കോപ്പുലേഷൻ എന്നാണ് ഈ പറ്റിക്കൽ പ്രക്രിയയെ പറയുന്നത്.
Discussion about this post