കാട്ടുപൂവരശിന്റെ മറ്റൊരു പേരാണ് അലഞ്ചി. പശ്ചിമഘട്ട മലനിരകളുടെ സ്വന്തം അലഞ്ചി!! റോഡോഡെൻഡ്രോൺ അർബോറിയം എന്നാണ് ശാസ്ത്രനാമം. ആൾ അത്ര നിസാരക്കാരനല്ല. നേപ്പാളിന്റെ ദേശീയ പുഷ്പമാണിത്. ഉത്തരാഖണ്ഡിന്റെ സംസ്ഥാന വൃക്ഷം… നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പം… അങ്ങനെയങ്ങനെയൊരു വിഐപിയാണ് ആൾ.
ഒത്തിരി അംഗങ്ങളുണ്ട് റോഡോഡെൻഡ്രോൺ എന്ന ജനുസ്സിൽ. ഏറ്റവും ഉയരമുള്ള റോഡോഡെൻഡ്രോൺ എന്ന ഗിന്നസ് റെക്കോർഡ് അലഞ്ചിക്കാണ്. നിത്യഹരിത വനങ്ങളിലും ഇലപൊഴിയും കാടുകളിലുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഇവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഇനമാണ് നീലഗിരി റോഡോഡെൻഡ്രോൺ.
പന്ത്രണ്ടു മീറ്റർ വരെ ഉയരം വയ്ക്കും ഇവയ്ക്ക്. താരതമ്യേന വലിയ ഇലകളാണ് ഇവയുടെ. ചുവപ്പ്, പിങ്ക്, വെള്ള, എന്നീ നിറങ്ങളിൽ പൂക്കൾ കാണാം. മെയ്-ജൂൺ മാസങ്ങളിലാണ് ഇവ പൂക്കുന്നത്. അമ്ലത്തിന്റെ അംശം കൂടുതലുള്ള മണ്ണിൽ വളരുന്നു എന്ന പ്രത്യേകതയും അലഞ്ചിക്കുണ്ട്. നനവുള്ള നല്ല നീർവാർച്ചയുള്ള മണ്ണിനോടാണ് ഇവർക്ക് പ്രിയം.
അലങ്കാരസസ്യമായി അലഞ്ചിയെ ഉപയോഗിക്കാറുണ്ട്. ഇവയുടെ പൂക്കൾ ജാം, സിറപ്പ്, അച്ചാർ, ജ്യൂസ്, എന്നിവയൊക്കെ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഔഷധഗുണങ്ങളും ഒത്തിരിയുണ്ട് അലഞ്ചിക്ക്. തലവേദന, പ്രമേഹം, വാതം, എന്നിവയ്ക്കൊക്കെ പരിഹാരമായി ഇവ ഉപയോഗിക്കാറുണ്ട്. അലഞ്ചി പൂക്കളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്.
Discussion about this post