മാഹി ദ്വീപുകളിൽ മാത്രം കാണുന്ന ചെറിയൊരു മരമാണ് ജെല്ലി ഫിഷ് ട്രീ. മെഡുസോഗയിനെ ഓപ്പോസിറ്റിഫോളിയ എന്നാണ് ശാസ്ത്രനാമം. ആ ജനുസ്സിലെ ഒരേയൊരു അംഗമാണ് ജെല്ലി ഫിഷ് ട്രീ. ഇവയുടെ പഴങ്ങൾക്ക് ജെല്ലി ഫിഷിനോടുള്ള സാദൃശ്യമാണ് അങ്ങനെയൊരു പേരിന് കാരണം. വംശനാശം സംഭവിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് ഇവയിലെ കുറച്ച് അംഗങ്ങളെ 1970 കളിൽ മാഹിയിൽ കണ്ടെത്തുന്നത്.
പത്ത് മീറ്റർ വരെ ഉയരം വയ്ക്കുന്ന ചെറിയ മരങ്ങളാണിവ. നിറയെ ഇലകൾ ഉണ്ടാകും. തിളങ്ങുന്ന പതുപതുത്ത ഇലകളാണ് ഇവയ്ക്ക്. വെളുത്ത നിറമുള്ള ചെറിയ പൂക്കൾ. ചുവപ്പും കാപ്പിയും കലർന്ന നിറമാണ് പഴങ്ങൾക്ക്. പഴുത്ത് പൊട്ടുമ്പോൾ ഇവയുടെ പഴങ്ങൾക്ക് ജെല്ലി ഫിഷിന്റെ ആകൃതിയാണ്.
വംശനാശത്തിന്റെ അങ്ങേയറ്റത്തെത്തി നിൽക്കുന്നതുകൊണ്ട് ബൊട്ടാണിക്കൽ ഗാർഡനുകളിൽ ഇവയെ സംരക്ഷിച്ചു വളർത്തുന്നുണ്ട്. വളർച്ചയ്ക്ക് അനുകൂലമായ എല്ലാ സ്ഥലങ്ങളിൽ നിന്നും അപ്രത്യക്ഷമായതുകൊണ്ട് ഇവയെ എന്റമിക് സ്പീസീസ് എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രം കാണപ്പെടുന്ന വളരെ കുറഞ്ഞ അംഗ സംഖ്യയുള്ള ജീവജാലങ്ങളെയാണ് എന്റമിക് സ്പീസീസ് എന്ന് പറയുന്നത്.
Discussion about this post