പൂക്കൾ ഉണ്ടാകാത്ത നിത്യഹരിത സസ്യങ്ങളാണ് ഹോഴ്സ്ടെയിൽസ് . ഇക്യുസീറ്റം എന്നാണ് ശാസ്ത്രനാമം. ഈക്യുസീറ്റേസിയെ കുടുംബത്തിലെ ഇന്നും ജീവിക്കുന്ന ഒരേയൊരു ജനുസാണിത്. ജീവിക്കുന്ന ഫോസിലുകളിൽ പെടുത്താം ഇവയെ. പേര് സൂചിപ്പിക്കുന്നതുപോലെ കുതിരയുടെ വാലു പോലെ തോന്നും ഇവയെ കണ്ടാൽ. സ്നേയ്ക്ക് ഗ്രാസ്, പസ്സിൽ ഗ്രാസ് എന്നും പേരുണ്ട് ഇവയ്ക്ക്. സസ്യഭോജികളായ ദിനോസറുകളുടെ ഭക്ഷണമായിരുന്നു ഇവ. അന്റാർട്ടിക്കയൊഴിച്ച് ഭൂമിയിലെ എല്ലായിടങ്ങളിലും ഇവർ സ്വന്തം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സൂചി പോലെയുള്ള ഇലകളാണ് ഹോഴ്സ്ടെയിൽസിന്. കുടുംബത്തിലെ പലരുടെയും ഇലകൾക്ക് പ്രകാശസംശ്ലേഷണത്തിന് കഴിവില്ല. സ്പോറുകൾ വഴിയാണ് ഇവ പ്രത്യുൽപാദനം നടത്തുന്നത്. ഇവയുടെ തണ്ടുകളും പ്രത്യേകതയുള്ളതാണ്. കട്ടിയുള്ള പരുപരുത്ത തണ്ടാണ് ഇവയുടെ. സിലിക്ക പോലുള്ള ഘടകങ്ങൾ ഒത്തിരി ഉള്ളതുകൊണ്ടാണ് തണ്ടുകൾ പരുപരുത്തിരിക്കുന്നത്. ഇളം തണ്ടുകൾ ഭക്ഷ്യയോഗ്യവുമാണ്.
ഹോഴ്സ്ടെയിൽസിലെ ചില സ്പീസീസുകളെ അലങ്കാര സസ്യമായി വളർത്താറുണ്ട്. അതിലൊന്നാണ് ഈക്യൂസീറ്റം ഹൈമേൽ. ഈറ്റയുടെയും മുളയുടെയുമൊക്കെ പോലുള്ള തണ്ടുകളാണ് ഇവയ്ക്ക്. എന്നാൽ അവയുടെ അത്രയും വണ്ണമില്ലാത്ത മെലിഞ്ഞ തണ്ടുകളാണ്. മൂന്ന് മുതൽ നാല് അടി വരെ നീളം വെക്കും.
വെയിലുള്ള ഇടങ്ങളിലും തണൽ സ്ഥലങ്ങളിലും നന്നായി വളരും ഇവ. എന്നാൽ വെള്ളത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസും ഇല്ല. ഒത്തിരി വെള്ളം വേണം ഇവർക്ക്. മണ്ണിൽ രണ്ട് ഇഞ്ച് ആഴമുള്ള കുഴികൾ എടുത്താണ് തൈകൾ നടേണ്ടത്. നടുന്ന സ്ഥലം മുഴുവൻ പടർന്നു പന്തലിക്കാനുള്ള കഴിവുണ്ട് ഇവർക്ക്. അതുകൊണ്ട് പൂന്തോട്ടങ്ങളിൽ നടുമ്പോൾ ചട്ടികളിൽ വളർത്തുന്നതാണ് നല്ലത്.
Discussion about this post