ട്യൂമർ എന്താണെന്ന് നമുക്കറിയാം. ശരീരത്തിലുണ്ടാകുന്ന മുഴകളാണവ. മനുഷ്യരിലും മൃഗങ്ങളിലുമൊക്കെ ട്യൂമർ ഉണ്ടാകുന്നത് എങ്ങനെയെന്നും നമുക്കറിയാം. ചെടികളിലെ ട്യൂമറിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചെടികൾക്കും ട്യൂമർ ഉണ്ടാകും. എങ്ങനെയാണെന്ന് അറിയേണ്ടേ?
ഒരുതരം ബാക്ടീരിയ ചെടികളിൽ പ്രവേശിക്കുമ്പോഴാണ് ചെടികളിൽ മുഴകൾ ഉണ്ടാകുന്നത്. അഗ്രോബാക്ടീരിയം ട്യുമിഫേഷ്യൻസ് എന്നാണ് അത്തരം ബാക്ടീരിയകളുടെ പേര്. ചെടികളിലെ മുറിവുകളിലൂടെയാണ് ഈ ബാക്ടീരിയ ചെടികളിൽ പ്രവേശിക്കുന്നത്. മുറിവുണ്ടാകുമ്പോൾ ചെടികൾ ഒരു കെമിക്കൽ സിഗ്നൽ പുറപ്പെടുവിക്കും. ഈ സിഗ്നൽ ലഭിക്കുന്ന ബാക്ടീരിയ ചെടിക്കുള്ളിൽ പ്രവേശിക്കുകയും ഒത്തിരി കോശ വിഭജനങ്ങൾ നടത്തുകയും ചെയ്യും. ഈ കോശങ്ങളെല്ലാം ചേർന്ന് ഒരു മുഴപോലെ രൂപപ്പെടും.
നമ്മുടെ നാട്ടുമാവൊക്കെ ഈ ബാക്ടീരിയയുടെ സ്ഥിരം ഇരകളാണ്. പുകയിലച്ചെടിയിൽ ഈ ബാക്ടീരിയയെ കുറിച്ച് ഒത്തിരി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ബാധിക്കപ്പെട്ട ചെടി പതിയെപ്പതിയെ നശിച്ചു പോകാൻ തുടങ്ങും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതല്ലേ നല്ലത്…
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഗ്രോബാക്ടീരിയത്തിന്റെ പിടിയിൽനിന്ന് ചെടികളെ സംരക്ഷിക്കാൻ പറ്റും. പ്രൂണിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുനശീകരണം ചെയ്തതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. അങ്ങനെ ചെയ്താൽ ഒരു ചെടിയിൽ നിന്ന് മറ്റു ചെടികളിലേക്ക് അണുബാധ ഉണ്ടാകുന്നത് തടയുവാൻ കഴിയും. മുറിവുകളാണ് ബാക്ടീരിയ പ്രവേശിക്കുന്നതിനുള്ള ആദ്യ വാതിൽ. അതുകൊണ്ട് ബഡ്ഡിംഗ്, ഗ്രാഫ്റ്റിങ് എന്നിവയൊക്കെ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
ചെടികൾക്ക് ഒത്തിരി ദോഷം ചെയ്യുന്ന ബാക്ടീരിയയാണ് അഗ്രോബാക്ടീരിയം എങ്കിലും ജനിതക ശാസ്ത്രജ്ഞർക്ക് ഒത്തിരി പ്രിയമാണ് ഇവയോട്. ജനറ്റിക് എൻജിനീയറിങ്ങിൽ ഒത്തിരി പ്രാധാന്യമുണ്ട് ഇവയ്ക്ക്. ഭൂമിയിലെ ആദ്യത്തെ ജനറ്റിക് എൻജിനീയർ എന്നൊക്കെ പറയാം ഇവയെ. സ്വന്തം ജീനുകളെ ചെടിയുടെ ജീനിൽ കൂട്ടിച്ചേർക്കുവാനുള്ള കഴിവുണ്ട് അഗ്രോബാക്റ്റീരിയത്തിന്. അങ്ങനെയാണ് ചെടികളിൽ ഇവ മുഴകൾ ഉണ്ടാക്കുന്നത്. ഇവയുടെ ഈ കഴിവാണ് ജനറ്റിക് എൻജിനീയറിങ്ങിൽ ഉപയോഗപ്പെടുത്തുന്നത്. ജീവികളിൽ ജനിതക വ്യതിയാനം വരുത്തുന്നതിനുള്ള ഇടനിലക്കാരനായിട്ടാണ് അഗ്രോബാക്ടീരിയത്തെ ഉപയോഗിക്കുന്നത്.
Discussion about this post