ഓറഞ്ച് റിവർ ലില്ലി എന്നാണ് പേര്. സൗത്ത് ആഫ്രിക്കയിൽ ജനിച്ച് അമേരിക്കക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി ഇപ്പോൾ അമേരിക്ക മുഴുവനും പടർന്നു പന്തലിച്ച് നിൽക്കുകയാണ് ആൾ. ക്രൈനം ബൾബിസ്പേമം എന്നാണ് ശാസ്ത്രനാമം. അമാരില്ലിഡേസിയെ സസ്യ കുടുംബത്തിലെ അംഗമാണ്.
അധികം പൊക്കം വയ്ക്കാത്ത പൂച്ചെടികളാണിവ. ഒരു മീറ്ററിൽ താഴെ മാത്രമേ ഉയരം വയ്ക്കൂ. എടുത്തു പറയത്തക്ക ഭംഗിയാണ് ഇവയുടെ പൂക്കൾക്ക്. പള്ളി മണിയുടെ ആകൃതിയിലുള്ള പൂക്കൾ. ഒരു പൂങ്കുലയിൽ എട്ട് മുതൽ പതിമൂന്ന് വരെ പൂക്കൾ ഉണ്ടാകും. പിങ്ക് നിറത്തിലുള്ള ഇതളുകളുടെ നടുവിലായി ചുവന്ന വരകൾ പോലെ കാണാം. മനംമയക്കുന്ന ഗന്ധമായിരിക്കും ഇവയ്ക്ക്. വസന്തവും വേനലും ഇവർക്ക് പൂക്കാലമാണ്.
നനവുള്ള സ്ഥലങ്ങളിൽ മാത്രമേ ഇവ വളരൂ. സൂര്യപ്രകാശവും ഒത്തിരി വേണം. ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന അലങ്കാര സസ്യങ്ങളിൽ ഒന്നാണിവ. വിത്തുകൾ വഴിയാണ് പ്രത്യുൽപാദനം. മൂന്നു മുതൽ നാലു വർഷം വരെ എടുക്കും പൂക്കൾ ഉണ്ടാകുവാൻ. ഏവർക്കും പ്രിയപ്പെട്ട അലങ്കാര സസ്യമായതുകൊണ്ടുതന്നെ ഇവയുടെ ഒത്തിരി ഹൈബ്രിഡ് ജനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Discussion about this post