കേരളവും വിയറ്റ്‌നാമും കാര്‍ഷിക -കാര്‍ഷികാനുബന്ധ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ. തില്‍ പ്രധാനപ്പെട്ട ഒന്നാണ് വിയറ്റ്‌നാംകാര്‍ കുരുമുളകില്‍ അനുവര്‍ത്തിക്കുന്ന അതി തീവ്ര സാന്ദ്രതാ നടീല്‍ സമ്പ്രദായം (Ultra High Density Planting ).
ജീവനുള്ള താങ്ങു മരങ്ങളില്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തുന്ന രീതിയാണ് നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഏതാണ്ട് മൂന്ന് മീറ്റര്‍ അകലത്തില്‍ താങ്ങു മരങ്ങള്‍ നടുകയാണെങ്കില്‍ ഒരു സെന്റില്‍ നാല് താങ്ങു മരങ്ങള്‍ ഉണ്ടാകും. പക്ഷെ ജീവനില്ലാത്ത താങ്ങുകളില്‍ (തടി, കോണ്‍ക്രീറ്റ് പില്ലര്‍, ഇഷ്ടിക ഗോപുരങ്ങള്‍ )എന്നിവയില്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തുന്ന രീതിയില്‍ വിയറ്റ്‌നാം കാര്‍ ഒരു സെന്റില്‍ 10 താങ്ങുകള്‍ പിടിപ്പിക്കും.
നമ്മള്‍ കുരുമുളകിന് വളം കൊടുക്കുമ്പോള്‍ (ആരെങ്കിലും കൊടുക്കുന്നെങ്കില്‍… പൊതുവേ കുരുമുളകിന് വളം ഒന്നും വേണ്ട, എന്ന നിലപാടാണ് ഭൂരിപക്ഷം കര്‍ഷകര്‍ക്കും )അതിന്റെ ഗണ്യമായ ഭാഗം താങ്ങു മരം വലിച്ചെടുക്കും. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണ്ടേ?
എന്നാല്‍ വിയറ്റ്‌നാം രീതിയില്‍, താങ്ങ്, വളം വലിച്ചെടുക്കില്ല. കൊടുക്കുന്ന വളം മുഴുവന്‍ കുരുമുളകിന് തന്നെ കിട്ടും. മാത്രമല്ല, കൊടും വേനലില്‍ ഗ്രീന്‍ നെറ്റ് കൊണ്ട് തണലും ഡ്രിപ് വഴി വെള്ളവും മണ്ണില്‍ പുതയും കൊടുക്കും. മൊത്തത്തില്‍ ഒരു ഓപ്പണ്‍ പ്രീസിഷന്‍ ഫാമിങ് എന്ന് പറയാം.
കുരുമുളകിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഈ മാസത്തില്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
അടുത്ത വര്‍ഷം നടാനുള്ള വേര് പിടിപ്പിച്ച തണ്ടുകള്‍ ഉണ്ടാക്കാന്‍ പറ്റിയ ചെന്തലകള്‍ മണ്ണില്‍ തട്ടാതെ കവരമുള്ള കമ്പ് നാട്ടി അതില്‍ ചുറ്റി നിര്‍ത്തണം. മണ്ണില്‍ തട്ടിയാല്‍ ഫംഗസ് ബാധ ഉണ്ടാകാം.
5 മുതല്‍ 10വര്‍ഷം വരെ പ്രായമുള്ള സ്ഥിരമായി മികച്ച വിളവ് തരുന്ന, പ്രതികൂല സാഹചര്യങ്ങളെ ചെറുക്കുന്ന, വൈറസ് ബാധ (മുരടിപ്പ്, കുറ്റില (Little Leaf Disease)ഇല്ലാത്ത കൊടികളില്‍ നിന്നും വേണം ചെന്തലകള്‍ (ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ )മുറിച്ചെടുത്തു കഷണങ്ങള്‍ ആക്കി വേര് പിടിപ്പിച്ചെടുക്കാന്‍.
കൊടികളില്‍ നിന്നും തൂങ്ങി കിടക്കുന്ന കാശിനും കര്‍മ്മത്തിനും കൊള്ളാത്ത ഞാലി വള്ളികള്‍ നിഷ്‌കരുണം നീക്കം ചെയ്യണം. തോട്ടത്തിലെ കളകള്‍ പറിച്ചു കൊടിചുവട്ടില്‍ പുതയിടണം. പൂര്‍ണമായും കളകള്‍ വെട്ടി തോട്ടം വൃത്തിയാക്കണം.
വൈറസ് രോഗം ബാധിച്ച കൊടികള്‍ നീക്കം ചെയ്യണം.
കൊടിയുടെ പ്രായമാനുസരിച്ചു പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് (Akomin )3ml per ലിറ്റര്‍ വെള്ളത്തില്‍ കലക്കി, 2-5ലിറ്റര്‍ വരെ (കൊടിയുടെ പ്രായം അനുസരിച്ചു )തടത്തിലൊഴിച്ചു കുതിര്‍ക്കണം.
വേരില്‍ വെളുത്ത മീലിമൂട്ടകള്‍ ഉണ്ടെങ്കില്‍ നിയന്ത്രിക്കണം.
തണ്ടില്‍ പറ്റിയിരിക്കുന്ന ശല്കകീടങ്ങള്‍ (scale insects )ഉണ്ടെങ്കില്‍ 0.3%വേപ്പെണ്ണ മിശ്രിതം സ്‌പ്രേ ചെയ്‌തോ അല്ലെങ്കില്‍ കൃഷി ഓഫീസറുടെ നിര്‍ദേശപ്രകാരമോ ആവശ്യമായ മരുന്നുകള്‍ ചെയ്യണം. ചിലപ്പോള്‍ ഒന്നിലധികം തവണ മരുന്നുകള്‍ ചെയ്യേണ്ടി വരും. പക്ഷെ കുരുമുളക് മണികളില്‍ മരുന്നുകള്‍ വീഴാതെ നോക്കണം.
ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസത്തില്‍ ജൈവ-രാസ-ജീവാണു സമ്മിശ്രമായ ഒരു വളപ്രയോഗം ചെയ്തിട്ടുണ്ടാകും എന്ന് കരുതട്ടെ.
യാതൊരു കാരണവശാലും കുരു മുളക് വള്ളികളുടെ വേരുകള്‍ പൊട്ടാന്‍ ഇടയാകരുത്.
പ്രമോദ് മാധവന്‍
Discussion about this post