മന്ദാരത്തിന്റെ മനോഹാരിതയെ വർണിച്ചു കൊണ്ടുള്ള ഒത്തിരി കാവ്യശകലങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. കവികൾ പാടിയത് ശരിയാണ്. അത്ര ഭംഗിയാണ് മന്ദാര പൂക്കൾക്ക്. ചിരിച്ചു നിൽക്കുന്ന വെള്ള മന്ദാരത്തെ കണ്ടാൽ ആരും അടുത്ത് ചെന്ന് നോക്കി നിൽക്കും. വെള്ള മന്ദാരത്തെ കൂടാതെ മഞ്ഞനിറത്തിലും ചുവന്ന നിറത്തിലുമൊക്കെ മന്ദാരപ്പൂക്കളുണ്ട്.
ബൊഹീനിയ അക്യുമിനേറ്റ എന്നാണ് വെള്ള മന്ദാരത്തിന്റെ ശാസ്ത്രനാമം. ഒത്തിരി അംഗങ്ങളുള്ള വലിയൊരു വീട്ടിലെ അംഗമാണ് ആൾ. നമ്മുടെ പയറിന്റെയൊക്കെ കുടുംബം. വൈറ്റ് ഓർക്കിഡ് ട്രീ, സ്നോവി ഓർക്കിഡ് ട്രീ, ഡ്വാർഫ് വൈറ്റ് ബൊഹീനിയ, എന്നൊക്കെയാണ് ഇംഗ്ലീഷിൽ പേര്.
രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരം വയ്ക്കും മന്ദാരത്തിന് . കാളയുടെ കുളമ്പിന്റെ ആകൃതിയാണ് ഇലകൾക്ക്. സന്തോഷം നൽകുന്നൊരു സുഗന്ധമാണ് മന്ദാരത്തിന്റെ പൂക്കൾക്ക്. അലങ്കാരസസ്യമായിട്ടാണ് ഇവയെ കൂടുതലായും ഉപയോഗിക്കുന്നത്. ഒത്തിരി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് മന്ദാരത്തിന് അനുയോജ്യം. നല്ലനീർവാർച്ചയും വളക്കൂറുമുളള മണ്ണാണ് വേണ്ടത്. വർഷം മുഴുവൻ പൂക്കൾ ഉണ്ടാകും ഇവയിൽ.
കുടുംബത്തിലെ പ്രധാനികൾക്കൊക്കെ റൈസോബിയവുമായി ബന്ധം സ്ഥാപിച്ച് മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുവാനുള്ള കഴിവുണ്ടെങ്കിലും മന്ദാരത്തിന് അങ്ങനെയൊരു കഴിവില്ല. നിശബ്ദയാണ് ആൾ. പക്ഷേ ഔഷധഗുണങ്ങളൊക്കെ ഒത്തിരിയുണ്ട്. ഒത്തിരി ഫൈറ്റോകെമിക്കലുകളും ആന്റി ഓക്സിഡന്റുകളും വേർതിരിച്ചെടുത്തിട്ടുണ്ട് മന്ദാരത്തിൽനിന്ന്.
Discussion about this post