ആദിവാസി സമൂഹമായ കാണി സമുദായം ലോകത്തിന് പരിചയപ്പെടുത്തിയ ദിവ്യ ഔഷധമാണ് ആരോഗ്യപ്പച്ച. അഗസ്ത്യ മലയിൽ നിന്നാണ് ഇവർ ഇത് കണ്ടെത്തുന്നത്. 1990-കളിൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർ ആരോഗ്യപച്ചയിൽ ഗവേഷണങ്ങൾ നടത്തുകയും അതിന്റെ ഔഷധഗുണങ്ങൾ കണ്ടെത്തുകയുമുണ്ടായി. ശാസ്ത്രലോകത്തെവരെ ഞെട്ടിച്ച അത്ഭുത സസ്യമാണ് ആരോഗ്യപ്പച്ച.
ട്രൈക്കോപ്പസ് സെയ്ലാനിക്കസ് എന്നാണ് ശാസ്ത്രനാമം. സർപ്പത്തിന്റെ തലപോലെയാണ് ഇവയുടെ ഇലകൾ. ശാസ്ത്രക്രിയകളുടെ പിതാവായ സുശ്രുതൻ എഴുതിയ സുശ്രുതസംഹിതയിൽ ആരോഗ്യപച്ചയ്ക്ക് സമാനമായ സസ്യത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്;
”കൃഷ്ണ സർപ്പ സ്വരൂപേണ
വാരാഹി കന്ദ സംഭവ
ഏക പത്രം മഹാവീര്യം
ഭിന്ന അഞ്ജന സമപ്രഭ’’
കൃഷ്ണ സർപ്പത്തോട് സാമ്യമുള്ള വാരാഹി എന്ന പേരുള്ള തണ്ടിൽ ഒരിലയുള്ള മഹാവീര്യമുള്ള സസ്യം എന്ന് സാരം. ആരോഗ്യപ്പച്ചയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ക്യാൻസറിനെ പ്രതിരോധിക്കുവാനും കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാനും അൾസർ, ഡയബെറ്റിസ്, എന്നിവയൊക്കെ തടയുവാനുമുള്ള കഴിവുണ്ട് ആരോഗ്യപച്ചയ്ക്ക്. ഇതിലുള്ള ഗവേഷണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post