പല കാര്‍ഷിക ഉത്പന്നങ്ങളും വിപണിയില്‍ കിതയ്ക്കുമ്പോള്‍, വില കുതിച്ചു കയറി കൊണ്ടിരിക്കുന്ന ഒരുല്‍പ്പന്നമുണ്ട്. കൊട്ടടയ്ക്ക. മൊത്തവില ക്വിന്റലിന് 44000.ആമസോണില്‍ നോക്കുമ്പോള്‍ വില അരക്കിലോയ്ക്കു 599 രൂപ. നന്നായി പരിചരിച്ചാല്‍ ഒരു മരത്തില്‍ നിന്നും രണ്ടര -മൂന്നര -നാല് കിലോയ്ക്കടുത്തു കൊട്ടടയ്ക്ക കിട്ടാം.
ലോകത്ത് ഏറ്റവും കൂടുതല്‍ അടയ്ക്കാ ഉല്‍പ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യ തന്നെ. പിന്നാലെ മ്യാന്മര്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവരും.
ലോകത്ത് ഒരു കൊല്ലം ഉല്‍പ്പാദിപ്പിക്കുന്നത് 13 ലക്ഷം ടണ്‍ കൊട്ടടയ്ക്ക ആണ്. ഇന്ത്യയില്‍ കൂടുതല്‍ കൃഷി കര്‍ണാടക, കേരളം, ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആണ്.
കുറഞ്ഞത് ഇരുപത് കൊല്ലം എങ്കിലും പ്രായമുള്ള, സ്ഥിരമായി വര്‍ഷത്തില്‍ നാല് കുലയെങ്കിലും പിടിക്കുന്ന, നേരത്തേ കായ്ച്ചു തുടങ്ങുന്ന, ഇടത്തരം പൊക്കമുള്ള, അടുത്തടുത്ത് ഓലകള്‍ വരുന്ന, കവുങ്ങില്‍ നിന്നും വേണം വിത്തടയ്ക്ക ശേഖരിക്കാന്‍. നല്ല മുഴുപ്പുള്ള 35ഗ്രാം എങ്കിലും വലിപ്പമുള്ള, മൂത്ത് പഴുത്ത പാക്ക് വെള്ളത്തിലിടുമ്പോള്‍ കുത്തനെ മോടു ഭാഗം മേലോട്ട് നില്‍ക്കുന്ന കായ്കള്‍ മാത്രമേ പാകാന്‍ എടുക്കാവൂ.
നല്ല നീര്‍ വാര്‍ച്ചയും ഇളക്കവും ഉള്ള വെള്ളക്കെട്ടില്ലാത്ത സ്ഥലം വേണം അടയ്ക്കാ പാകാനായി എടുക്കേണ്ടത്.’കവുങ്ങിന് കുഴി മൂന്ന്’ എന്നാണ് ചൊല്ല്. വിത്ത് പാകാനും മുളപൊട്ടി വന്നാല്‍ മാറ്റി വയ്ക്കാനും തൈ പിഴുതു നടാനും ഓരോ കുഴി. അങ്ങനെ മൂന്ന് കുഴി.
പതിനഞ്ച് സെന്റി മീറ്റര്‍ പൊക്കമുള്ള പണകളില്‍ 15cm അകലത്തില്‍ വിത്തടയ്ക്ക, മോടു ഭാഗം മുകളിലേക്കു വരത്തക്ക രീതിയില്‍ പാകി മണല്‍ കൊണ്ട് മൂടി പുതയിട്ടു സംരക്ഷിക്കാം. ആറു മാസമാകുമ്പോള്‍, മുള വന്ന് മൂന്ന് മാസം എങ്കിലും ആയ അടയ്ക്കകള്‍ ശ്രദ്ധാപൂര്‍വ്വം ഇളക്കി എടുത്ത് പോളിബാഗിലോ, രണ്ടാം നഴ്‌സറിയിലോ നടാം. പണകളില്‍ അടിസ്ഥാന വളം ചേര്‍ത്ത് 30cm അകലത്തില്‍ പറിച്ചു നടാം. അത്യാവശ്യം നല്ല തണല്‍ നല്‍കണം. അങ്ങനെ വളര്‍ന്ന ഒരു കൊല്ലം മുതല്‍ ഒന്നരക്കൊല്ലം പ്രായമുള്ള അഞ്ചിലകള്‍ എങ്കിലും ഉള്ള തൈകള്‍ ആണ് കുഴികളില്‍ നടാന്‍ തെരഞ്ഞെടുക്കേണ്ടത്. മണ്ണാഴമുള്ള സ്ഥലങ്ങളില്‍ 60രാ നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ അടിസ്ഥാന വളമിട്ട് ഭാഗികമായി മൂടി വേണം തൈകള്‍ പറിച്ചു നടാന്‍. രണ്ട് തൈകള്‍ തമ്മില്‍ 2.7മീറ്റര്‍ അകലം നല്‍കണം. തുടക്കത്തില്‍ നല്ല തണലും വേനലില്‍ നനയും നിര്‍ബന്ധം. ഇടവിളയായി വാഴയോ കൊക്കൊയോ കിഴങ്ങ് വര്‍ഗ വിളകളോ ഒക്കെ കൃഷി ചെയ്യാം. തെങ്ങിന് വളം കൊടുക്കുന്ന മാതൃകയില്‍ ചുവട്ടില്‍ നിന്നും അരമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ തടം തുറന്നു ഇടവപ്പാതിക്കു മുന്‍പ് ഒരു വളവും തുലാവര്‍ഷം തീരുന്നതിനു മുന്‍പ് ഒരു വളവും നല്‍കാം. വേനലില്‍ നിന്നും രക്ഷ കിട്ടാന്‍ തടങ്ങളില്‍ പുതയിടുകയും ചെയ്യാം.
തെങ്ങിനെ പോലെ തന്നെ കൊമ്പന്‍ ചെല്ലി ശല്യം കവുങ്ങിലും ഇപ്പോള്‍ കാണുന്നുണ്ട്. അത് പോലെ കൂമ്പിലച്ചാഴി, വേര് തീനിപ്പുഴു, അകാലത്തില്‍ ഉള്ള അടയ്ക്ക പൊഴിച്ചില്‍, അടയ്ക്കാ വിണ്ടു കീറല്‍, മണ്ഡരി ബാധ, പൂങ്കുല തുരപ്പന്‍ പുഴു എന്നിവയും കാണുന്നുണ്ട്. അസാധാരണമായ ഒരു തരം മഞ്ഞളിപ്പ് രോഗവും ശല്യം ചെയ്യുന്നുണ്ട്.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
Discussion about this post