നൂതനരീതികൾ അവലംബിച്ചാൽ ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് കൃഷിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന്റെ ‘ജീവനി’-നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിലെ വൈഗ 2020 വേദിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൃഷി നഷ്ടത്തിന്‍റെതായ കണക്ക് പറയാനുള്ള മേഖലയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യമായി വലിയ പുരോഗതി നേടിയിട്ടും കാർഷികരീതിയിൽ യാഥാസ്ഥിതിക രീതി വിട്ടുമാറാൻ നമുക്ക് കഴിഞ്ഞിട്ടില്ല. കൃഷിരീതിയിൽ യാഥാസ്ഥിതികതയുടെ തടങ്കലിലാണ് നമ്മൾ. കാർഷിക രംഗത്ത് സമൂല മാറ്റത്തിനുതകുന്ന നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകത വെച്ച് റെയിൻ ഷെൽട്ടറുകൾ ഉപയോഗിച്ചുള്ള കൃഷി അവലംബിക്കാവുന്നതാണ്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപതതയ്ക്കപ്പുറം കയറ്റുമതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാല് വിമാനത്താവളങ്ങളും തുറമുഖവും ഉള്ള നമുക്ക് പുഷ്പമായാൽ പോലും കയറ്റിയയക്കാൻ കഴിയും.
ഓരോ വീട്ടിലും വേണ്ട ഭക്ഷ്യവസ്തുക്കൾ ഏതെന്ന് തിരിച്ചറിഞ്ഞ് അവ അവിടെതന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് ഹരിത കേരള മിഷനും ആർദ്രം മിഷനും സംയോജിപ്പിച്ച് കൃഷി വകുപ്പ് ആവിഷ്‌ക്കരിച്ച ‘ജീവനി’ എന്ന മാതൃകാപരമായ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസ്സുവെച്ചാൽ എല്ലാ കുടുംബങ്ങൾക്കും ഇത് ഇവിടെ നടപ്പിലാക്കാൻ കഴിയും. മരുന്നിനോട് വിട പറയാൻ കഴിയുന്ന ആരോഗ്യമുള്ള തലമുറയെ ഇതിലൂടെ വാർത്തെടുക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ജീവനി’ ലോഗോ പ്രകാശനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കുള്ള പച്ചക്കറി തൈ വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
Discussion about this post