ചെടികൾ എങ്ങനെയാണ് മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുന്നത് എന്നറിയാമോ? എല്ലാ ചെടികളുമല്ല!! പയർ വർഗത്തിലെ കുറച്ച് ചെടികൾക്കാണ് ഈ കഴിവുള്ളത്. അതുകൊണ്ടാണ് ഇടവിളയായി പയർ വർഗത്തിലെ ചെടികളെ ഉപയോഗിക്കുന്നത്.
തൊട്ടാവാടിയുടെ വേര് കണ്ടിട്ടില്ലേ… വേര് നിറയെ ചെറിയ ചെറിയ മുഴകൾ കാണാം. ആ മുഴകളിൽ റൈസോബിയം എന്ന ബാക്ടീരിയയാണ്. ഈ ബാക്ടീരിയയാണ് അന്തരീക്ഷത്തിലെ നൈട്രജനെ ചെടികൾക്ക് ആഗിരണം ചെയ്യാൻ പറ്റുന്ന നൈട്രേറ്റുകളാക്കി മാറ്റുവാൻ തൊട്ടാവാടിയെ സഹായിക്കുന്നത്. തൊട്ടാവാടിയെ മാത്രമല്ല ആ കുടുംബത്തിലെ മറ്റു ചെടികളെയും.
മണ്ണിലെ നൈട്രജന്റെ അളവ് കുറയുമ്പോൾ തൊട്ടാവാടി ഒരു കെമിക്കൽ സിഗ്നൽ മണ്ണിലേക്ക് പുറപ്പെടുവിക്കും. ഈ സിഗ്നൽ സ്വീകരിക്കുന്ന റൈസോബിയം ബാക്ടീരിയ തൊട്ടാവാടിയുടെ അടുത്തെത്തി അവയുടെ വേരിനുളളിൽ പ്രവേശിക്കും. അതിനുശേഷം അവയുടെ ജോലി തൊട്ടാവാടിയിലുള്ള ചില ജീനുകളെ ഉത്തേജിപ്പിക്കുക എന്നതാണ്. ഈ ജീനുകളുടെ പ്രവർത്തനമാണ് മണ്ണിലെ നൈട്രജന്റെ അളവ് കൂട്ടുന്നത്.
Discussion about this post