പാരമ്പര്യത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിനെ തരിശുരഹിതമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കലില്‍ 4 ഏക്കര്‍ സ്ഥലത്ത് എള്ളിന്‍ കൃഷിയിറക്കിയത്. മുന്‍പ് പാഷന്‍ ഫ്രൂട്ട് കൃഷി, ചെണ്ടുമല്ലി കൃഷി എന്നിവ നടത്തി വിപ്ലവം സൃഷ്ടിച്ച പഞ്ചായത്ത് ആദ്യമായാണ് എള്ള് കൃഷി പരീക്ഷിക്കുന്നത്. അത് വലിയ വിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് കർഷകരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും.
കൃഷി വകുപ്പിന്റെയും തൊഴിലുറപ്പ് സംഘങ്ങളുടെയും ഹരിതകേരളമിഷന്റെയും കുടുംബശ്രീയുടെയും ആത്മ കണ്ണൂരിന്റെയും പിന്തുണയോടെ ആണ് കർഷകർ കൃഷി വിജയകരമാക്കിയത്
വിളവെടുത്ത എള്ള് കുടുംബശ്രീ ഉല്പ്പന്നങ്ങളാക്കി വിപണിയില്‍ എത്തിക്കാനാണ് നീക്കം. വിളവെടുത്ത സ്ഥലത്ത് വീണ്ടും എള്ള് കൃഷി ഇറക്കാനാണ് പഞ്ചായത്തിന്റെയും ബന്ധപ്പെട്ടവരുടെയും ആലോചന. എള്ള് കൃഷിയിൽ താല്പര്യമുള്ള മറ്റു കർഷകർക്കും പ്രചോദനം നൽകുന്നതാണ് തില്ലങ്കേരിയിലെ കർഷകരുടെ വിജയം.
തില്ലങ്കേരിക്ക് ആ പേര് ലഭിച്ചത് തന്നെ സമൃദ്ധമായ എള്ള് കൃഷിയില്‍ നിന്നാണെന്ന് പറയപ്പെടുന്നു. തിലം എന്നാല്‍ എള്ള് എന്നും കരി എന്ന കൃഷിസ്ഥലമാണെന്നും ഇങ്ങനെ എള്ള് കൃഷി ചെയ്യുന്ന സ്ഥലമായതിനാലാണ് ഈ പേര് വന്നതെന്നുമാണ് പറയപ്പെടുന്നത്.
കണ്ണൂർ ജില്ലയ്ക്ക് തന്നെ മാതൃകയായ കൂട്ടായ്മയാണ് തില്ലങ്കേരി പഞ്ചായത്തിന്റേത് എന്ന് എള്ള് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
പ്രസവരക്ഷയ്ക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന എള്ളിന് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ട്. കൃത്യമായി പരിപാലിചാൽ നല്ല വരുമാനം നേടിത്തരുന്ന കൃഷിവിളയാണ് ഇതെന്ന് തില്ലങ്കേരിയിലെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post