ഇന്ത്യൻ സ്‌നേയ്ക് റൂട്ട്, ഡെവിൾ പെപ്പർ എന്നിങ്ങനെയൊക്കെ പേരുണ്ട് സർപ്പഗന്ധിയ്ക്ക്. റോവോൾഫിയ സെർപ്പന്റിന എന്നാണ് ശാസ്ത്രനാമം. അപ്പോസയനേസിയെ എന്നാണ് കുടുംബപ്പേര്. അമിത ഉപയോഗം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതിനാൽ ഇവയുടെ കയറ്റുമതി ഇപ്പോൾ നിയന്ത്രിച്ചിരിക്കുകയാണ്.
കുറ്റിച്ചെടിയാണ് സർപ്പഗന്ധി. 100 സെന്റീമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയ്ക്ക് ഉയരംകൂടിയ സ്ഥലങ്ങളാണ് ഇഷ്ടം. പൂക്കൾക്ക് വെളുത്ത നിറമാണ്. ഹിമാലയൻ പ്രദേശങ്ങളിലും ജമ്മു കാശ്മീരിലും ആണ് ഇവ കൂടുതലായും കണ്ടുവരുന്നത്. നല്ല നീർവാർച്ചയുള്ളതും ആസിഡിക് സ്വഭാവമുള്ളതുമായ മണ്ണാണ് ഇവയ്ക്ക് ആവശ്യം.
സർപ്പഗന്ധിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്. ആയുർവേദത്തിൽ ഒത്തിരി ഔഷധക്കൂട്ടുകളിൽ സർപ്പഗന്ധി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ അലോപ്പതിയിലും ഇവയിൽനിന്ന് വേർതിരിച്ചെടുത്തിട്ടുള്ള സംയുക്തങ്ങൾ മരുന്നു നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. അമിത രക്തസമ്മർദ്ദത്തിനും ഉറക്കമില്ലായ്മയും മാനസിക പ്രശ്നങ്ങൾക്കും പ്രതിവിധിയായി ഇവ ഉപയോഗിക്കുന്നു. പാമ്പുകടിയേറ്റാൽ ഉള്ള ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ പാർശ്വഫലങ്ങളും ഒത്തിരി ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഉപയോഗിക്കാൻ പാടില്ല. സർപ്പഗന്ധിയുടെ ഔഷധഗുണങ്ങൾക്കും പാർശ്വഫലങ്ങൾക്കും കാരണം അവയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകളാണ്. റിസെർപ്പിൻ, സെർപ്പെന്റെയിൻ, അജ്മാലിൻ, അജ്മാലിസിൻ എന്നിവയാണ് ഇവയിലുള്ള പ്രധാന ആൽക്കലോയിഡുകൾ.
Discussion about this post