വംശനാശഭീഷണി നേരിടുന്ന ഔഷധസസ്യമാണ് നിലപ്പന. ഇന്ത്യയാണ് ജന്മദേശം. അമാരില്ലിഡേസിയെ കുടുംബത്തിലെ അംഗമാണ്. കുർക്കുലിഗോ ഓർക്കിയോയിഡസ് എന്നാണ് ശാസ്ത്രനാമം. ദശപുഷ്പങ്ങളിൽ ഒന്നാണിത്. പണ്ടുകാലത്ത് എല്ലായിടത്തും കണ്ടിരുന്ന ഇവ ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇലകൾക്ക് പനയോട് സാമ്യമുള്ളതുകൊണ്ടാണ് നിലപ്പന എന്ന് വിളിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഉണ്ടാവുന്നത്. കുർക്കുലിൻ എന്ന രാസസംയുക്തം ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ കിഴങ്ങുകൾക്ക് ലൈംഗിക ഉത്തേജക സ്വഭാവം (ആഫ്രോഡിസിയാക്) ഉള്ളതുകൊണ്ട് ഇവയെ ഇന്ത്യൻ വയാഗ്ര എന്നും പറയാറുണ്ട്.
ഇവയുടെ കിഴങ്ങാണ് ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഉഷ്ണരോഗങ്ങൾക്ക് ഇവ ഉത്തമമാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുവാനുള്ള കഴിവുണ്ട് ഇവയ്ക്കെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിലപ്പനയുടെ കിഴങ്ങിന് മഞ്ഞപ്പിത്തം തടയാനുള്ള കഴിവും ഉണ്ട്. ചുമ പോലെയുള്ള അസുഖങ്ങൾക്കും ഇവ നല്ലൊരു മരുന്നാണ്. അതുപോലെതന്നെ കരളിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. നിലപ്പനയുടെ കിഴങ്ങ് നല്ലൊരു വേദനസംഹാരിയാണ്. തൈറോയിഡുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കും ഇവ ഉപയോഗിക്കുന്നുണ്ട്.
Discussion about this post