ദശപുഷ്പങ്ങളിൽ ഒന്നായ ചെറൂളയുടെ ശാസ്ത്രനാമം എർവ ലേനേറ്റ എന്നാണ്. കേരളത്തിൽ എല്ലായിടത്തുംതന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഇത്. ഹിന്ദുക്കൾ മരണാനന്തര ചടങ്ങുകൾക്ക് ഈ ചെടി ഉപയോഗിക്കുന്നുണ്ട്. എല്ലായിടത്തും വളരുന്നതുകൊണ്ട് കൃഷിയിടങ്ങളിൽ ഇവയെ ഒരു കള ആയിട്ടാണ് കാണുന്നത്. സൂപ്പുണ്ടാക്കുവാനും ഇലക്കറിയായും ഇവയെ ഉപയോഗിക്കാറുണ്ട്.
അമരാന്തേസിയെ സസ്യകുടുംബത്തിലെ അംഗമാണ്. അതായത് ചീരയുടെയൊക്കെ ബന്ധു. ചിലയിടങ്ങളിൽ ബലിപ്പൂവ് എന്നും ചെറൂളയെ പറയാറുണ്ട്. ഏഷ്യയും ആഫ്രിക്കയും ആണ് ജന്മദേശങ്ങൾ. ഇവയുടെ വേരുകൾക്ക് കർപ്പൂരത്തിന്റെ മണമാണ്. മങ്ങിയ വെളുത്ത നിറത്തിലുള്ള പൂക്കളാണ് ഇവയിൽ. മെയ് മുതൽ ഒക്ടോബർ മാസം വരെയാണ് പൂക്കൾ ഉണ്ടാകുന്ന സമയം. സ്വയം പരാഗണം ചെയ്യുന്ന ഒരു സസ്യമാണിത്. തമിഴ്നാട്ടിൽ പൊങ്കലിന് അലങ്കാരങ്ങൾക്കായി ഇവ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് പൊങ്കൽപ്പൂ എന്നാണ് തമിഴ്നാട്ടിൽ ഇവ അറിയപ്പെടുന്നത്.
ഔഷധഗുണങ്ങൾ
പ്രമേഹത്തെ തടയുന്നതിനും വേദന സംഹാരിയായും ചെറൂള ഉപയോഗിക്കുന്നുണ്ട്. മഞ്ഞപ്പിത്തത്തിനും ചെറൂള ഒരു ഔഷധമാണ്. അതുപോലെത്തന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ചെറൂള നല്ലതാണ്.
വൃക്കരോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ് ചെറൂള. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുവാനും ചെറൂള നല്ലതാണ്.
Discussion about this post