നവംബറില്‍ തെങ്ങിന്‍തടം തുറന്ന് തെങ്ങുകള്‍ക്ക് ജലസേചനസൗകര്യം ഒരുക്കണം.അതോടൊപ്പം തടങ്ങളില്‍ തെങ്ങോലകൊണ്ട് പുതയിടുകയും ചെയ്യാം. തെങ്ങോലകള്‍ അഴുകി മണ്ണില്‍ ചേരുന്നത് മണ്ണിന്റെ വളക്കൂറു കൂടുന്നതിനും ജലനഷ്ടം കുറയുന്നതിനും സഹായകമാണ്.
തെങ്ങുകളെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നവംബറില്‍ നടത്താം. കാറ്റുുവീഴ്ച ബാധിച്ച തെങ്ങുകളില്‍ ഓലചീയല്‍ രോഗം കാണുന്നുണ്ടെങ്കില്‍ കൂമ്പോലയുടെയും അതിന് തൊട്ടടുത്ത രണ്ട് ഓലകളുടെയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ച് മാറ്റണം. മററ് ഓലകളില്‍ മുമ്പ് ചീയല്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ മുറിച്ച് മാറ്റേണ്ടതില്ല. കൂമ്പോലയുടെ ചുവട്ടില്‍ കുമിള്‍നാശിനി കലക്കി ഒഴിക്കണം. 20ഗ്രാം ഫോസ്ഫേറ്റ് 10-ജി, 200ഗ്രാം ആറ്റുമണലില്‍ കലര്‍ത്തി കൂമ്പോലയുടെ ചുവടിന് ചുറ്റുമായി ഇടുന്നതും ഫലപ്രദമാണ്.
കൂമ്പുചീയല്‍ കാണുന്ന തെങ്ങുകളില്‍ കൂമ്പിലേയും മണ്ടയിലേയും ചീഞ്ഞ ഭാഗങ്ങള്‍ മുറിച്ചുമാറ്റി 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടണം. പിന്നീട് മഴവെള്ളം കടക്കാത്ത രീതിയിലും എന്നാല്‍ വായുസഞ്ചാരം കിട്ടത്തക്ക വിധത്തിലും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടണം. മണ്ഡരി രോഗങ്ങള്‍ക്കെതിരെ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് മിശ്രിതം തെങ്ങുകളില്‍ തളിക്കാം.ഈ മിശ്രിതത്തിന് പകരം അസാഡിറാക്ടിന് അടങ്ങിയ ജൈവകീടനാശിനി 4 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കിയും ഉപയോഗിക്കാം.
കൊമ്പന്‍ ചെല്ലിയുടെ ആക്രമണത്തിന് മുന്‍കരുതലായി തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുററുമുള്ള രണ്ടോ മൂന്നോ ഓലകളുടെ കവിളുകളില്‍ 250ഗ്രാം വേപ്പിന് പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് തുല്യയളവില്‍ മണലുമായി ചേര്‍ത്ത് ഇടണം.
ചെമ്പന്‍ ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാര്ബറിന് നല്‍കാം.തെങ്ങിന്തടിയില്‍ കീടം ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടച്ചതിനു ശേഷം അതിന് അല്‍പം മുകളിലായി താഴേയ്ക്കു ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതില്‍ ചോര്‍പ്പ വെച്ച് കാര്‍ബറിന് ഒഴിച്ചുകൊടുത്തശേഷം ദ്വാരം അടയ്ക്കണം.ചെമ്പന്‍ ചെല്ലിക്കെതിരെ ഒരു പ്രദേശത്തെ കര്‍ഷകര്‍ക്ക് ഒരുമിച്ച് ഫിറമോണ് കെണി ഉപയോഗിക്കാവുന്നതാണ്.
ഏതിനം തെങ്ങിന്‍ തൈകളും ലക്കും ലഗാനുമില്ലാതെ നട്ടുവളര്‍ത്തുന്ന കാലം കഴിഞ്ഞു. കുറച്ചു സ്ഥലത്ത് കൂടുതല്‍ ഉത്പാദനം തരുന്ന, വേഗം കായ്ക്കുന്ന, കുറഞ്ഞ ഉയരമുള്ള തെങ്ങിനങ്ങളിലേക്ക് ശ്രദ്ധ പതിഞ്ഞാലേ തെങ്ങുകൃഷി ആദായകരമാകൂ എന്നു വന്നിട്ടുണ്ട്. ഇവിടെയാണ് ഹൈബ്രിഡ് അഥവാ സങ്കരയിനം തെങ്ങിന്‍ തൈകളുടെ പ്രസക്തി. അത്യത്പാദനശേഷിയില്ലാത്തതും പ്രായാധിക്യമുള്ളതുമായ തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം ഉത്പാദനക്ഷമതയില്‍ 9-ാം സ്ഥാനത്തുമാത്രമാണ്..
കുറിയയിനങ്ങളുടേയും നെടിയയിനങ്ങളുടേയും സ്വഭാവഗുണങ്ങള്‍ സമന്വയിക്കുന്ന നല്ല സങ്കരയിനങ്ങള്‍ ഉത്പാദനക്ഷമതയില്‍ മുന്നിട്ടു നില്‍ക്കുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ ആവശ്യാനുസരണം ഇവ ലഭ്യമല്ലെന്നുള്ളത് ഇവ വ്യാപകമായി കൃഷി ചെയ്യാനുള്ള കര്‍ഷകന്റെ ആഗ്രഹത്തിനു വിഘാതമാകുന്നു. നഴ്സറികളിലും മറ്റു കാര്‍ഷികസ്ഥാപനങ്ങളിലും സങ്കരയിനം തെങ്ങിന്‍ തൈകള്‍ക്കു വേണ്ടി കര്‍ഷകര്‍ പരക്കം പായുമ്പോള്‍ സ്വന്തമായി സങ്കരയിനം തൈകളുത്പാദിപ്പിക്കാനുള്ള സാങ്കേതിക വശം കൃഷിക്കാര്‍ക്കും സ്വായത്തമാക്കാവുന്നതാണ്. ഇത്തരുണത്തില്‍ വര്‍ഗ്ഗ സങ്കരണത്തിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും.
അഭികാമ്യമായ ഗുണങ്ങളുള്ള ഒന്നിലധികം ജനുസ്സുകളില്‍പെട്ട തെങ്ങുകളില്‍ കൃത്രിമ ബീജസങ്കരണം വഴി പുതിയ മറ്റൊരിനം ഉത്പാദിപ്പിക്കുകയെന്നതാണ് വര്‍ഗ്ഗസങ്കരണത്തിന്റെ ഉദ്ദേശ്യം. അഭികാമ്യമായ ഗുണങ്ങള്‍ എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് നല്ല കായ്ഫലം തരുക, നേരത്തേ കായ്ക്കുക, ഉയരം കുറഞ്ഞിരിക്കുക, കൊപ്രയുടെ അളവ് കൂടുതലുള്ള നാളികേരം ഉത്പാദിപ്പിക്കുക തുടങ്ങിയവയാണ്. ഇത്തരം മേന്മയേറിയ ഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് ഒരേ വൃക്ഷത്തില്‍തന്നെ കാണണമെന്നില്ല. ഒന്നിടവിട്ട് കായ്ക്കുക, മച്ചിങ്ങ പൊഴിക്കുക, പേടു കായ്ക്കുക, കുല ഒടിയുക, തുടങ്ങിയ ചില അനുയോജ്യമല്ലാത്ത ഗുണങ്ങളും മേല്‍പറഞ്ഞ അഭികാമ്യമായ ഗുണങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടെന്നു വരാം. നല്ലഗുണങ്ങള്‍ മാത്രമുള്ള മേന്മയേറിയ തൈകളുടെ ഉത്പാദനത്തിനുവേണ്ടി അത്തരം നല്ല ഗുണങ്ങള്‍ കാണിക്കുന്ന രണ്ടു വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ നിന്നും(ഉദാ: നെടിയതും കുറിയതും) ഒന്നിനെ മാതൃവൃക്ഷമായും മറ്റൊന്നിനെ പിതൃവൃക്ഷമായും തിരഞ്ഞെടുത്ത് കൃത്രിമപരാഗണം നടത്തിയാണ് പുതിയ മറ്റൊരിനം ഉത്പാദിപ്പിക്കുന്നത്. പിതൃവൃക്ഷത്തിലെ ആണ്‍പൂക്കളില്‍ നിന്നും ശേഖരിക്കുന്ന പൂമ്പൊടി മാതൃവൃക്ഷത്തിലെ പെണ്‍പൂക്കളില്‍ കൃത്രിമമായി നിക്ഷേപിച്ചാണ് സങ്കരയിനങ്ങള്‍ ഉത്പാദിപ്പിക്കുന്നത്..
വിത്തുതേങ്ങ ശേഖരിയ്ക്കുമ്പോള്‍ നല്ല ലക്ഷണങ്ങള്‍ മാത്രമുള്ള മാതൃവൃക്ഷം നിരഞ്ഞെടുക്കുന്നതുപോലെ വര്‍ഗ്ഗസങ്കരണത്തില്‍ മാതൃവൃക്ഷമായി ഉപയോഗിക്കുന്ന തെങ്ങുകള്‍ തിരഞ്ഞെടെുക്കുന്നതില്‍ വളരെയധികം നിഷ്‌കര്‍ഷത പാലിക്കേണ്ടതുണ്ട്. തെങ്ങുകള്‍ നല്ല ആരോഗ്യമുള്ളതും ഉത്പാദനസ്ഥിരതയുള്ളതും ആണ്ടൊന്നിന് ശരാശരി 80 തേങ്ങയെങ്കിലും ഉത്പാദിപ്പിക്കുന്നതും ആയിരിക്കണം. കൊപ്രയുടെ ശതമാനം കൂടിയിരിക്കയും കഴമ്പിന് നല്ല കട്ടിയുണ്ടായിരിക്കുകയും വേണം. കുരലില്‍ 30 മുതല്‍ 35 ഓലകള്‍ ഉണ്ടായിരിക്കണം. രോഗബാധയുള്ളതും, കുലയൊടിയുക, മച്ചിങ്ങ കൊഴിയുക, പേടുകായ്ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതുമായ തെങ്ങുകള്‍ മാതൃ പിതൃവൃക്ഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒഴിവാക്കണം..
ആണ്‍പൂക്കളും പെണ്‍പൂക്കളും ഒരേ പൂക്കുലയില്‍ ഉണ്ടാകുന്ന ഏകലിംഗ സസ്യമാണ് തെങ്ങ്. പൂക്കുലയുടെ ഓരോ ശാഖയുടേയും ചുവട്ടില്‍ പെണ്‍പൂക്കളും മുകളില്‍ ആണ്‍പൂക്കളും സ്ഥിതി ചെയ്യുന്നു. ചില പൂക്കുലകളില്‍ പെണ്‍പൂക്കളുടെ ഇടയിലായി കുറച്ചു ആണ്‍പൂക്കളും കാണാറുണ്ട്. മാതൃവൃക്ഷമായി തിരഞ്ഞെടുക്കുന്ന തെങ്ങിന്റെ പൂക്കുലയില്‍ നിന്നും ആണ്‍പൂക്കള്‍ നീക്കം ചെയ്യുന്ന പ്രക്രിയയെയാണ് വിപുംസീകരണം എന്നു പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് ആണ്‍പൂക്കളില്‍ നിന്നും പരാഗം പെണ്‍പൂക്കളില്‍ പതിക്കാതിരിക്കുന്നതിനുവേണ്ടിയാണ്. ആണ്‍പൂക്കള്‍ വിദഗ്ദമായി കൈകൊണ്ട് മാറ്റിക്കളയാവുന്നതാണ്. പൂക്കുലയുടെ അഗ്രഭാഗത്തുള്ള പെണ്‍പൂവിന്റെ തൊട്ടുമുകളില്‍ നിന്നും 4-5 സെ.മീറ്ററോളം മുറിച്ചുമാറ്റിയും വിപുംസീകരണം നടത്താവുന്നതാണ്. ആണ്‍പൂക്കള്‍ നീക്കം ചെയ്യുമ്പോള്‍ പെണ്‍പൂക്കളുടെ ഇടയിലായി കാണാറുള്ള പൂക്കളും നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പരാഗസംഭരണം
പരാഗസംഭരണവും പരാഗസംരംക്ഷണവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന രണ്ടു സംഗതികളാണ്. പൂക്കുല പൊട്ടി 2-4 ദിവസത്തിനകം പരാഗരേണുക്കള്‍ ശേഖരിക്കുന്നതാണുത്തമം. പൂര്‍ണ്ണമായും വിരിഞ്ഞ ആണ്‍പൂക്കളില്‍ നിന്നും പരാഗം ശേഖരിക്കാന്‍ പാടില്ല. പരാഗരേണുക്കള്‍ക്ക് രണ്ടു ദിവസം വരെ കേടുകൂടാതെയിരിക്കുന്നതിനുള്ള സംവിധാനമുണ്ട്. ചെറിയ കുപ്പികളിലാക്കിയ പരാഗരേണുക്കള്‍ ഒരു ഡസിക്കേറ്റ റിലാക്കി ഫ്യൂഡ്സ് കാത്സ്യം ക്ലോറൈഡിനുമുകളില്‍ മുറിയിലെ താപനിലയില്‍ സൂക്ഷിച്ചാല്‍ പരാഗം ഇരുപതു ദിവസത്തോളം കേടുകൂടാതെയിരിക്കുമെന്ന് കണ്ടിട്ടുണ്ട്.
സഞ്ചികെട്ടല്‍ (Bagging)
ആണ്‍പൂക്കള്‍ നീക്കം ചെയ്ത പൂക്കുല രണ്ടറ്റവും തുരന്ന ഒരു കോറതുണി സഞ്ചിയില്‍ ഇറക്കി രണ്ടറ്റവും കെട്ടുക. പരാഗരേണുക്കള്‍ ഏതെങ്കിലും പ്രാണികള്‍ മൂലമോ കാറ്റുമുഖേനയോ പെണ്‍പൂക്കളില്‍ പതിയ്ക്കാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
4. പരാഗണം (Pollination)
പൂക്കുലപൊട്ടി 21-33 ദിവസം കഴിഞ്ഞാല്‍ പെണ്‍ പൂക്കള്‍ പരാഗം ഉള്‍ക്കൊള്ളാന്‍ പാകമായിക്കഴിഞ്ഞിരിക്കും. ഒരേ കുലയിലെ പെണ്‍പൂക്കള്‍തന്നെ പല ദിവസങ്ങളിലായിട്ടാണ് സ്വീകാര്യക്ഷമമാകുന്നത്. പെണ്‍പൂക്കളുടെ പരാഗണസ്ഥലത്തിന്റെ പാര്‍ശ്വഭാഗത്ത് കാണുന്ന ഭാഗങ്ങളില്‍ പൂന്തേന്‍ ഊറി വരുന്ന സമയത്താണ് പരാഗണം നടത്തേണ്ടത്. പരാഗണം നടത്താന്‍ വേണ്ടി പിതൃവൃക്ഷത്തില്‍ നിന്നും ശേഖരിച്ചുവച്ചിരിക്കുന്ന പരാഗം മാതൃവൃക്ഷത്തിലെ പെണ്‍ പൂക്കള്‍ സ്വീകാര്യക്ഷമമാകുന്നതനുസരിച്ച് ഓരോ ദിവസവും സഞ്ചി തുറന്ന് പോളിനേറ്റര്‍ എന്ന ലഘു ഉപകരണമുപയോഗിച്ച് സസൂക്ഷ്മം പെണ്‍പൂക്കളില്‍ നിക്ഷേപിക്കുന്നു. പരാഗം സ്വീകരിക്കാന്‍ പാകമായി കഴിഞ്ഞാല്‍ പെണ്‍പൂക്കള്‍ 2 ദിവസം വരെ മാത്രമേ സ്വീകാര്യക്ഷമമായിരിക്കുകയുള്ളൂ. പരാഗം നിക്ഷേപിച്ചുകഴിഞ്ഞാല്‍ എത്രയും വേഗം സഞ്ചി കെട്ടണം. യാതൊരു വിധത്തിലും അന്യപരാഗം പരാഗണസ്ഥലത്ത് പതിക്കാന്‍ ഇടയാകരുത്. കഴിയുന്നതും ഈ ജോലി രാവിലെ 11 മണിക്കകം ചെയ്തു തീര്‍ക്കണം. മഴക്കാലത്ത് കൃത്രിമപരാഗണം പ്രയാസമാണ്. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് ഇതിന് യോജിച്ചതായി കണക്കാക്കുന്നത്.
പരാഗണം നടന്ന പെണ്‍ പൂവിന്റെ അഗ്രഭാഗം രണ്ടുമൂന്നു ദിവസത്തിനകം കറുത്തുതുടങ്ങും. പരാഗണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുശേഷം സഞ്ചി നീക്കം ചെയ്ത് ലേബല്‍ കെട്ടണം. ലേബലില്‍ സങ്കരണം നടത്തിയ തീയതി വ്യക്തമായി എഴുതിയിരിക്കണം. 11-12 മാസം മൂപ്പെത്തുമ്പോള്‍ വിത്തുതേങ്ങ ശേഖരിച്ചുതുടങ്ങാം. ഈ തേങ്ങ മുളപ്പിച്ചുണ്ടാകുന്ന തൈകളാണ് സങ്കരവര്‍ഗ്ഗതൈകള്‍. തൈകളുടെ നിറവും കരുത്തും ഓലകളുടെ എണ്ണവുമെല്ലാം സങ്കരയിനങ്ങളെ മറ്റു തൈകളില്‍നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്നു.
സങ്കരവര്‍ഗ്ഗങ്ങളുടെ ഉത്പാദനക്ഷമത, കൊപ്രയുടെ തൂക്കക്കൂടുതല്‍, രോഗപ്രതിരോധ, സഹനശക്തി എന്നീ ഗുണവിശേഷതകള്‍ മനസ്സിലാക്കിയതോടുകൂടി കര്‍ഷകരുടെ ഇടയില്‍ അവയുടെ ആവശ്യം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് തൈകള്‍ ഇന്നു ലഭ്യമല്ലെന്നുള്ളതാണ് സത്യം. മനുഷ്യപ്രയത്നത്തില്‍ മാത്രം അധിഷ്ഠിതമായ പരാഗണരീതി കൂടുതല്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് വിപുലമായ തോതില്‍ സങ്കരയിനങ്ങള്‍ ഉത്പാദിപ്പിക്കുവാനുള്ള പരിമിതി. വേനല്‍ക്കാലങ്ങളില്‍ മാത്രമേ കൃത്രിമപരാഗണം ഫലപ്രദമായി ചെയ്യുന്നതിന് സാധിക്കുകയുള്ളൂ എന്നുള്ളതും മറ്റൊരു കാരണമാണ്. മനുഷ്യപ്രയത്നത്തിലുള്ള പ്രയോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ട് മുന്‍കാലങ്ങളില്‍ വന്‍തോതില്‍ സ്വഭാവിക ഡിഃടി സങ്കരയിനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുവേണ്ടി വിത്തുതോട്ടങ്ങള്‍ സ്ഥാപിച്ചുവന്നിരുന്നു. സമീപത്തെങ്ങും തെങ്ങുകളില്ലാത്ത പ്രദേശങ്ങളില്‍ ഇത്തരം തോട്ടങ്ങള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ അഭികാമ്യമായി കരുതുന്നു. ജനിതകമേന്മയില്ലാത്ത തെങ്ങുകളില്‍ നിന്ന് പരാഗണം നടക്കാതിരിക്കുന്നതിനു വേണ്ടിയാണ് ഈ മുന്‍കരുതല്‍. വേറൊരു മാര്‍ഗ്ഗം പൂമ്പൊടി (പരാഗം) ശേഖരിക്കാന്‍ തിരഞ്ഞെടുക്കുന്ന നെടിയ ഇനങ്ങള്‍ തോട്ടത്തിന്റെ പുറംനിരയില്‍ 10-12 വരികളായിട്ടു നട്ടുപിടിപ്പിക്കുന്നതാണ്. ഇത് പുറമെനിന്ന് പൂമ്പൊടി വിത്തുതോട്ടത്തില്‍ കടക്കാതിരിക്കാന്‍ സഹായിക്കുന്നു.
വിവിധ സങ്കരയിനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനാണ് ബോര്‍ഡ് പ്രദര്‍ശന വിത്തുതോട്ടങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ കര്‍ണ്ണാടകത്തിലെ മാണ്ഡ്യയിലും കേരളത്തിലെ എറണാകുളം ജില്ലയിലെ നേര്യമംഗലത്തും ഇപ്പോള്‍ കൃത്രിമ വര്‍ഗ്ഗസങ്കരണം നടക്കുന്നുണ്ട്.
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ഗവേഷണപദ്ധതികളില്‍ വിവിധയിനം സങ്കരയിനങ്ങളുടെ ഉത്പാദനവും ഫീല്‍ഡ് പരിശോധനയും നടന്നുവരുന്നു. ഡിഃടി, ഡിഃഡി ഇവയെല്ലാം ഇതിലുള്‍പ്പെടും. 23 ഇനം ഡിഃഡി സങ്കരയിനങ്ങള്‍ അവരുടെ കര്‍ണ്ണാടകത്തിലെ ദക്ഷിണ കാനറ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കിഡുഗവേഷണ കേന്ദ്രത്തില്‍ നിരീക്ഷിച്ചുവരുന്നതായി കേന്ദ്ര തോട്ടവിളഗവേഷണസ്ഥാപനത്തിന്റെ 2010-11 ലെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കാറ്റുവീഴ്ച രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള തൈകള്‍ക്കുവേണ്ടി ചാവക്കാട് കുറിയതും പശ്ചിമ തീരനെടിയതും തമ്മിലുള്ള സങ്കരണം കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലധികമായി നടക്കുന്നു. ഇത്തരം സങ്കരയിനങ്ങള്‍ 67-84 നാളികേരം വരെ നല്‍കി. കല്പരക്ഷ എന്നപേരില്‍ പുറത്തിറക്കിയ മലയന്‍ കുറിയപച്ച, പശ്ചിമതീര നെടിയയിനവുമായി സങ്കരണം നടത്തിയുണ്ടാക്കിയയിനം വളര്‍ച്ചയില്‍ മികവുകാട്ടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ മലയന്‍ കുറിയ മഞ്ഞയും വര്‍ഗ്ഗസങ്കരണത്തിന് ഉപയോഗിച്ചുവരുന്നു.
ഇതിനോടകം കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനവും, വിവിധ കാര്‍ഷിക സര്‍വ്വകലാശാലകളും ചേര്‍ന്ന് 15 സങ്കരയിനം തെങ്ങിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചാവക്കാട് കുറിയ ഓറഞ്ച്, പച്ച, മലയന്‍ കുറിയമഞ്ഞ എന്നീ കുറിയയിനങ്ങള്‍ യഥാക്രമം മാതൃവൃക്ഷമായുപയോഗപ്പെടുത്തിയ ചന്ദ്രസങ്കര, കല്പസങ്കര, കല്പസമൃദ്ധി എന്നീ ഡിxടി ഇനങ്ങളും പശ്ചിമ തീരനെടിയയിനം മാതൃവൃക്ഷമായുപയോഗിച്ച കേര സങ്കര, കേരഗംഗ, കേരശ്രീ, എന്നീ ടിഃഡി ഇനങ്ങളും പ്രചാരമേറിയവയാണ്. ലക്ഷദ്വീപ് നെടിയയിനം വര്‍ഗ്ഗസങ്കരണത്തിനുപയോഗിച്ച് ഉരുത്തിരിച്ച ചന്ദ്രലക്ഷ, ലക്ഷഗംഗ എന്നിവയും പൂര്‍വ്വതീര നെടിയയിനം(ഈസ്റ്റ് കോസ്റ്റ് ടാള്‍) മാതൃവൃക്ഷമാക്കിയുള്ള ഗോദാവരി ഗംഗ, വേപ്പന്‍ കുളം 1,2,3 ടിഃഡി സങ്കരയിനങ്ങളും കേരളത്തിനും അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലേയ്ക്കുമെല്ലാം അനുയോജ്യമായ ഇനങ്ങളായി ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇതില്‍ ഭൂരിഭാഗം ഇനങ്ങളും 100 നാളികേരത്തില്‍ കൂടുതല്‍ ആണ്ടിലൊരിക്കല്‍ ഉത്പാദിപ്പിക്കുന്നവയാണ്.
കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനം 2010-11ല്‍ 31136 സങ്കരയിനം നാളികേരമാണ് ഉത്പാദിപ്പിച്ചത്. ബോര്‍ഡിന്റെ മാണ്ഡ്യയിലും നേര്യമംഗലത്തുമുള്ള ഫാമുകളില്‍ നിന്ന് 60,000 ഡിഃടി നാളികേരവും.
നമ്മുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുക്കുമ്പോള്‍ ഇത് തുലോം തുച്ഛമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഇവിടെയാണ് സങ്കരയിനം തൈകള്‍ കര്‍ഷകര്‍ സ്വയം ഉത്പാദിപ്പിക്കേണ്ടതിന്റെ പ്രസക്തി. ഗുണമെന്മയുള്ള കുറിയയിനം മാതൃവൃക്ഷങ്ങള്‍ തെരഞ്ഞെടുത്ത് ഗുണമേന്മയുള്ള നെടിയയിനത്തിന്റെ പൂമ്പൊടി ഉപയോഗിച്ച് പരാഗണം നടത്താം. വന്‍തുക മുടക്കി സങ്കരയിനം തൈകള്‍ വാങ്ങുന്നവര്‍ക്ക് അധികം ചിലവില്ലാതെ ഗുണമേന്മയുള്ള സങ്കരയിനം സ്വന്തമാക്കാം. ഈ രംഗത്ത് ചെറിയ പരിശീലനം നേടിയാല്‍ കുറിയയിനം തെങ്ങുകളിലെ പെണ്‍പൂക്കളില്‍ കൃത്രിമ പരാഗണം നടത്താം. നെടിയയിനത്തിന്റെ ആണ്‍പൂക്കളില്‍ നിന്നും ശേഖരിക്കുന്ന പൂമ്പൊടി സൂക്ഷ്മതയോടെ പതിപ്പിച്ചാല്‍ പരാഗണം നടക്കുന്നവയില്‍ ഒരു നല്ല ശതമാനം സങ്കരയിനം വിത്തുതേങ്ങകളായി ശേഖരിയ്ക്കാം. വര്‍ഗ്ഗസങ്കരണത്തിനുള്ള പരിശീലനം ബോര്‍ഡിന്റെ ഡി.എസ്.പി. ഫാമുകളില്‍ നിന്നും ആവശ്യക്കാര്‍ക്കുലഭ്യമാക്കാം. നല്ല കുറിയയിനം വിത്തു തേങ്ങകള്‍ പാകിയാലും കുറഞ്ഞ ശതമാനം പ്രകൃതിദത്തമായ സങ്കരയിനം (NCD) തൈകള്‍ ലഭ്യമാക്കാം. ഇത് ഡിഃടി വിഭാഗത്തില്‍ പെടും. കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റികളും കേരക്ലസ്റ്ററുകളുമെല്ലാം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ ഈ മേഖലയിലും കൂടുതല്‍ ശ്രദ്ധ പതിയണം. സങ്കരയിനം വിത്തുതേങ്ങകള്‍ ഉണ്ടാക്കി നഴ്സറി നടത്തുകയും തൈകളുടെ ലഭ്യത സുലഭമാക്കുകയും ചെയ്യാം. ഇതിനായുള്ള പദ്ധതികളുടെ പ്രയോജനവും ലഭ്യമാക്കാം. ഇതെല്ലാം മുന്നില്‍ കണ്ട് കുറിയയിനം തൈകളുടെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധപതിയണം. ബോര്‍ഡ് ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
ബോര്‍ഡ് ഇപ്പോള്‍ നടപ്പിലാക്കിവരുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തില്‍ കൃത്രിമ പരാഗണത്തിനുകൂടി ക്രമേണ അവരെ പ്രാപ്തരാക്കുവാന്‍ ലക്ഷ്യമിടുന്നു. ചങ്ങാതികളെ കൃത്രിമ പരാഗണത്തിനു പരിശീലനം നല്‍കി അവര്‍ വഴി 25000 മികച്ച മാതൃവൃക്ഷങ്ങള്‍ കണ്ടെത്തി, ഡിഃടി തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് പ്രാപ്തരാക്കാം.
സങ്കരയിനം തെങ്ങിന്‍ തൈയുത്പാദനം ജനകീയമാക്കാന്‍……
സങ്കരയിനം തെങ്ങിന്‍ തൈകളുണ്ടാക്കുന്നതിന് ശാസ്ത്രജ്ഞര്‍ക്കും ഗവേഷണകേന്ദ്രങ്ങള്‍ക്കും മാത്രമല്ല, മികച്ച കര്‍ഷകര്‍ക്കും തെങ്ങുകൃഷി ഗൗരവമായി ചെയ്യുന്ന ഏതൊരാള്‍ക്കും കഴിയും. അതിനുവേണ്ട പരിശീലനവും സാങ്കേതിക സഹായവും ബോര്‍ഡ് നല്‍കുന്നതിനാഗ്രഹിക്കുന്നു. 5000 ചങ്ങാതിമാരെ പരിശീലിപ്പിച്ചു കഴിയുമ്പോള്‍ 50000ത്തോളം മികച്ച മാതൃപിതൃവൃക്ഷങ്ങള്‍ കണ്ടെത്തി, മാര്‍ക്കുചെയ്ത്, അവയില്‍ കൃത്രിമ പരാഗണം നടത്തി സങ്കരയിനം തൈകളുത്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കി ഈ പ്രക്രിയ ജനകീയമാക്കാന്‍ ബോര്‍ഡ് ശ്രമിക്കുകയാണ്. നമ്മുടെ കോളേജുകളിലെ ബോട്ടണി ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും ഈ പ്രക്രിയയില്‍ പങ്കാളികളാകാം.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post