എല്ലാം തികഞ്ഞ ഉത്പന്നങ്ങള്‍ വിളയിക്കണമെങ്കില്‍ മണ്ണ് പോഷകസമൃദ്ധമായിരിക്കണം.അതായത് കഴിക്കുന്ന ആഹാരത്തിന്റെ പോഷക ഭദ്രത (Nutritional Security )എന്നത് മണ്ണിന്റെ ഫലഭൂയിഷ്ഠിയെ ആശ്രയിച്ചിരിക്കും.
മണ്ണിനു മൂന്ന് ഗുണങ്ങളുണ്ട്.
ഭൗതിക ഗുണം
രാസ ഗുണം
ജൈവ ഗുണം.
നിറം, ഇളക്കം (Bulk density, Porosity)ജല സംഗ്രഹണ ശേഷി (water holding capacity ), നീര്‍വാര്‍ച്ച (drainage) എന്നിവയൊക്കെ ഭൗതിക ഗുണത്തില്‍ പെടും. മണ്‍തരികളുടെ വലിപ്പം, അനുപാതം, വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്.
ചെടികളുടെ ക്രമാനുഗതമായ വളര്‍ച്ചയെ സഹായിക്കുന്ന പതിനാറു മൂലകങ്ങളുടെ അളവും, അതിലേറെ അവയുടെ ലഭ്യതയും (availability, solubility)എന്നതാണ് രാസ ഗുണം എന്ന് വിവക്ഷിക്കുന്നത്.
മണ്ണില്‍ ഉള്ള രാസംശങ്ങളെയും ജൈവാംശങ്ങളെയും അയോണിക് തലത്തില്‍ വേര് മൂലങ്ങള്ക്കു (root hairs)ലഭ്യമാക്കുന്നത് മണ്ണില്‍ ഉള്ള ജീവാണുക്കളാണ്. അവയെ PGPR (Plant Growth Promoting Rhizosphere) സൂക്ഷ്മാണുക്കള്‍ എന്ന് വിളിക്കും. അതില്‍ പ്രധാനം ചിലയിനം ബാക്റ്റീരിയകളും ഫംഗസ്സുകളും ആണ്. റൈസോബിയം ഫോസ്ഫോബാക്ടീരിയ, അസോസ്പൈറില്ലം, അസെറ്റോബാക്ടര്‍, നൈട്രോസോമോണസ്, നൈട്രോബാക്ടര്‍, VAM എന്നിവയാണ്. മണ്ണിനു ജീവന് നല്‍കുന്നത് ഇവരാണ് എന്ന് പറയാം. ഇവര്‍ വേണ്ടത്ര ഉണ്ടായി അവിടെ നില നില്ക്കണമെങ്കില് അഞ്ച് ശതമാനം ജൈവാംശം (organic matter )മണ്ണില്‍ ഉണ്ടാകണം.
മണ്ണ് പരിശോധനയിലൂടെ വെളിപ്പെടുന്നത് മണ്ണിന്റെ രാസഗുണമാണ്. മണ്ണ് പരിശോധിച്ചു വളം ചെയ്യണം എന്നത് കൃഷിച്ചെലവ് കുറയ്ക്കുന്നതിനുള്ള വഴി കൂടിയാണ്. മണ്ണില്‍ ഏതെങ്കിലും മൂലകങ്ങള്‍ സമൃദ്ധമായി ഉണ്ടെങ്കില്‍ അവ പിന്നെയും ചേര്‍ത്തു കൊടുത്ത് അവിടം വിഷമയമാക്കരുത്.
അതേ സമയം മണ്ണില്‍ ആവശ്യത്തിന് ഇല്ലാത്ത മൂലകങ്ങള്‍ ചേര്‍ത്ത് കൊടുക്കുകയും വേണം. അപ്പോള്‍ വാഴയ്ക്ക് നമ്മള് അനുവര്‍ത്തിക്കുന്ന വളപ്രയോഗവും ഇത്തരത്തില്‍ ആയിരിക്കണം. നനച്ചു വളര്‍ത്തുന്ന ഏത്തവാഴയ്ക്കു ഓരോ നാലില വരുമ്പോഴും ഒരു മേല്‍ വളം കൊടുക്കണം.
കന്നു നടാന്‍ കുഴിയെടുത്തു കഴിഞ്ഞാല്‍ മേല്‍ മണ്ണ് തിരികെ കുഴിയില്‍ ഇട്ട് ഒരു കാല്‍ക്കിലോ കുമ്മായം ചേര്‍ത്ത് ഇളക്കി രണ്ടാഴ്ച ഇട്ടേക്കണം. പുളിപ്പിനെ മെരുക്കാന്‍. കന്നു നടുമ്പോള്‍ 10 കിലോ ചാണകപ്പൊടി അടിസ്ഥാന വളമായി കന്നിന് ചുറ്റും ചേര്‍ത്ത് കൊടുക്കണം. അതിന്റെ കൂടെ ഒരിച്ചിരി വേപ്പിന് പിണ്ണാക്കും ഒരിച്ചിരി എല്ലു പൊടിയുമാകാം.
കന്നു നട്ട് കഴിഞ്ഞ് ഒരു പതിനഞ്ച് ഗ്രാം കുറ്റിപയര്‍ /വന്‍പയര്‍ വിത്ത് ചുറ്റിലുമായി വിതച്ചാല്‍ രണ്ടുണ്ട് കാര്യം. പയര്‍ വളര്‍ന്നാല്‍ കളകള്‍ വളരില്ല. വിതച്ചു 35-40 ദിവസം കഴിഞ്ഞ് പയര്‍ ചെടികള്‍ പറിച്ചു വാഴയ്ക്ക് പച്ചില വളമാക്കാം. നട്ട് മുപ്പതാം ദിവസം അല്ലെങ്കില്‍ നാലില പരുവത്തില്‍ ഒന്നാം മേല്‍വളം. യൂറിയ 90ഗ്രാം, മസൂറിഫോസ് 300ഗ്രാം, പൊട്ടാഷ് 100ഗ്രാം.
നട്ട് അറുപതാം ദിവസം അല്ലെങ്കില്‍ എട്ടാമത്തെ ഇല വന്നാല്‍ രണ്ടാം മേല്‍ വളം. യൂറിയ 65ഗ്രാം, മസൂറിഫോസ് 275ഗ്രാം, പൊട്ടാഷ് 100ഗ്രാം.
ഈ വളത്തോടൊപ്പം 100 ഗ്രാം അയര് എന്ന സൂക്ഷ്മ മൂലക മിശ്രിതവും ചേര്‍ക്കാം. കന്നു നട്ട് 90 ദിവസം കഴിയുമ്പോള്‍ അല്ലെങ്കില്‍ 12 ഇലകള്‍ വന്നാല്‍ പിന്നെ യൂറിയ 65ഗ്രാം, പൊട്ടാഷ് 100ഗ്രാം. നട്ട് നാലാം മാസം, അതായത് 16 ഇലകള്‍ വന്ന് കഴിഞ്ഞാല്‍ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ്. ഒപ്പം 100ഗ്രാം അയര് മിശ്രിതവും ചേര്‍ക്കാം. നട്ട് അഞ്ച് മാസം കഴിഞ്ഞാല്‍ അതായത് 20 ഇലകള്‍ വന്നാല്‍ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ്. പിന്നെ ഒരിടവേളയാണ്. കുല വരാന്‍.
കുല വന്നാല്‍ പിന്നെ അവസാന പടലയും വിരിഞ്ഞു കഴിയുമ്പോള്‍ വാഴക്കൂമ്പ് ഒടിച്ചു കളയണം. ഉണങ്ങിയ ഇലകളെല്ലാം തടയോട് ചേര്‍ത്ത് മുറിച്ച് മാറ്റണം. അപ്പോള്‍ 100ഗ്രാം യൂറിയ ചേര്‍ക്കാം. കായ്കള്‍ക്ക് മുഴുപ്പ് പോരെന്നു തോന്നിയാല്‍ 100ഗ്രാം പൊട്ടാഷും കൊടുക്കാം. പൊട്ടാസ്യം ക്രമാതീതമായി കൂടിയാല്‍ കായ്കള്‍ വിണ്ടു കീറാം.
പിന്നെ കുല പൊതിയണമെങ്കില്‍ പൊതിയാം. കന്നുകള്‍ എല്ലാം ചവിട്ടി നശിപ്പിക്കാം. എല്ലാ വളങ്ങളും വാഴക്കുലയിലേക്കു തന്നെ കേന്ദ്രീകരിക്കപ്പെടണം.
തയ്യാറാക്കിയത്
പ്രമോദ് മാധവന്
Discussion about this post