ആളുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യസംരക്ഷണത്തില്‍ മില്ലറ്റിന് ഇന്ന് മുന്‍നിരയിലാണ് സ്ഥാനം. ഭക്ഷ്യാവശ്യങ്ങള്‍ക്കായി കൃഷിചെയ്യുന്ന ധാന്യവിളകളില്‍ ഉള്‍പ്പെടുന്നവയാണ് മില്ലറ്റ് അഥവാ ചെറുധാന്യങ്ങള്‍. ഏഷ്യയിലേയും ആഫ്രിക്കയിലേയും (പ്രത്യേകിച്ചും ഇന്ത്യ, മാലി, നൈജീരിയ, നൈജര്‍ എന്നീ രാജ്യങ്ങളിലെ) പാടശേഖരങ്ങളില്‍ വളരെ പ്രധാനപ്പെട്ട വിളകളാണ് മില്ലറ്റുകള്‍. വികസ്വര രാജ്യങ്ങളില്‍ ആണ് മില്ലറ്റ് ഉല്പാദനത്തിന്റെ 97% നടക്കുന്നത്.
പുരാതന കാലങ്ങളില്‍, മില്ലറ്റുകള്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണമായിട്ടായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്. പിന്നീടാണ് ഇതിന്റെ പോഷകഗുണം മനസിലാക്കി മനുഷ്യര്‍ ആഹാരമാക്കാന്‍ തുടങ്ങിയത്. ലോകത്തിലെ രണ്ടാമത്തെ വലിയ പ്രമേഹ തലസ്ഥാനമായാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇത് തന്നെയാണ് മില്ലറ്റുകളുടെ ആവശ്യകത ഇന്ത്യയില്‍ വര്‍ധിക്കാനുള്ള ഒരു പ്രധാന കാരണവും. ഇതിന് പുറമെ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉ്ത്തമ മരുന്നായി പ്രവര്‍ത്തിക്കാനും ഈ ചെറുധാന്യങ്ങള്‍ക്ക് സാധിക്കുന്നു. നാരുകളുടെയും മഗ്നീഷ്യം, ഫോസ്ഫറന്‍സ്, ഇരുമ്പ്, കാല്‍സ്യം, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് മില്ലറ്റുകള്‍.
മില്ലറ്റുകള്‍ പല വിധം
വിവിധ തരം മില്ലറ്റുകളുണ്ട്. ജോവര്‍ അഥവാ മണിച്ചോളം, റാഗി, ഫോക്‌സ്‌ടെയില്‍, ബജ്‌റ അഥവാ പേള്‍ മില്ലറ്റ്, ബര്‍ണ്യാഡ്, പ്രോസോ, ലിറ്റില്‍ മില്ലറ്റ് എന്നിവയാണ് അവ.
മണിച്ചോളം
ജോവര്‍ അഥവാ മണിച്ചോളം പരമ്പരാഗതമായി റൊട്ടിയും ബ്രഡും ഉണ്ടാക്കാനാണ് ഉപയോഗിച്ചുവന്നിരുന്നത്. ഇരുമ്പ്, പ്രോട്ടീസ്, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മണിച്ചോളം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
റാഗി അഥവാ ഫിംഗര്‍ മില്ലറ്റ്
അരിയ്ക്കും ഗോതമ്പിനും പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ചെറുധാന്യമാണ് രാഗി. പോഷകങ്ങളുടെ പവര്‍ഹൗസാണ് റാഗി. പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയ ഈ ഗ്ലൂട്ടന്‍ ഫ്രീ മില്ലറ്റ് കുട്ടികളില്‍ തലച്ചോറിന്റെ വികാസത്തിന് നല്ലതാണ്.
ഫോക്‌സ്‌ടെയില്‍ മില്ലറ്റ് അഥവാ തിന
പക്ഷികള്‍ക്ക് തീറ്റയായിട്ടാണ് തിന ഉപയോഗിക്കുന്നത്. ഭക്ഷ്യയോഗ്യമായ ചെറുധാന്യമാണിത്. ഇരുമ്പിന്റെയും കാല്‍സ്യത്തിന്റെയും സാന്നിധ്യം പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ബജ്‌റ (പേള്‍ മില്ലറ്റ്)
ചെറുധാന്യങ്ങളിലെ പ്രധാനപ്പെട്ട ഇനമാണ് ബജ്‌റ. കമ്പം, പേള്‍മില്ലറ്റ് എന്നീ പേരുകളിലും ബജ്‌റ അറിയപ്പെടുന്നു. മുത്തിന്റെ ആകൃതിയാണ് ഇതിന്. ഈ മില്ലറ്റ് അതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളുടെ ഗുണം ധാരാളം അടങ്ങിയിരിക്കുന്നു.
ബര്‍ണ്യാഡ് മില്ലറ്റ്
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള മില്ലറ്റാണ് ബര്‍ണ്യാഡ്. ശരീരഭാരം കുറയ്ക്കാന്‍ ഈ ധാന്യം സഹായിക്കും. കാല്‍സ്യവും ഫോസ്ഫറസും കൊണ്ട് സമ്പുഷ്ടമാണിത്.
പ്രോസോ മില്ലറ്റ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലന്‍സ് ചെയ്യാന്‍ പ്രോസോ മില്ലറ്റ് സഹായിക്കും.
ലിറ്റില്‍ മില്ലറ്റ് അഥവാ ചാമ
നെല്ലിനൊപ്പം വളരുന്ന കളയാണ് ചാമ. ബി-വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ചാമ. ദക്ഷിണേന്ത്യയിലെ പല പരമ്പരാഗത വിഭവങ്ങളുടെയും ഭാഗമാണിത്.
ഏത് കാലാവസ്ഥയിലും വളരാന്‍ കഴിയുന്നവയാണ് മില്ലറ്റുകള്‍. വരള്‍ച്ചയെ അതിജീവിക്കാനും ഇവയ്ക്ക് സാധിക്കും. എങ്കിലും ചെറുധാന്യങ്ങള്‍ പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യാറുള്ളത്.
Discussion about this post